പെരുന്നാളിനെ സ്വീകരിക്കാൻ ഒരുങ്ങി സൗദി; ഇനി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങൾ

Mail This Article
റിയാദ്∙ ശവ്വാൽ ചന്ദ്രിക ദൃശ്യമാകുന്നതോടെ സൗദി അറേബ്യ ഈദുൽ ഫിത്ർ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും. അനുഗ്രഹീതമായ റമസാൻ മാസത്തിനു വിട ചൊല്ലി രാജ്യം ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ അവധിക്കാലത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
രാജ്യമെമ്പാടുമുള്ള പള്ളികളും ഈദ് ഗാഹുകളും ഈദ് നമസ്കാരത്തിനായി സജ്ജമായിരിക്കുന്നു. പെരുന്നാൾ അടുത്തതോടെ കുടുംബങ്ങൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചു. പുത്തൻ വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങാനായി വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈദ് പ്രമാണിച്ച് വിവിധ ഓഫറുകൾ കടകളിൽ ലഭ്യമാണ്.
തെരുവുകളും വ്യാപാര സ്ഥാപനങ്ങളും വീടുകളും വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. രാത്രികളിൽ ദീപാലങ്കാരങ്ങൾ നയനാനന്ദകരമായ കാഴ്ചയാണ് ഒരുക്കുന്നത്. പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നിരവധി സാംസ്കാരിക കലാപരിപാടികളും ഒരുങ്ങുന്നുണ്ട്. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പിന്നണി ഗായകരും സിനിമാതാരങ്ങളുമടക്കമുള്ള കലാകാരന്മാർ എത്തിച്ചേർന്നിട്ടുണ്ട്.

പെരുന്നാൾ ദിനത്തിൽ പുതിയ വസ്ത്രങ്ങൾ, പ്രത്യേകിച്ച് ബിഷ്ത (ദേശീയ വസ്ത്രം) ധരിച്ച് രാവിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതും, കുടുംബങ്ങളിൽ ഒത്തുചേരുമ്പോൾ ധരിക്കുന്നതിനുള്ള തുണിത്തരങ്ങൾ, ബുർഖ , ശിരോവസ്ത്രങ്ങൾ എന്നിവ വാങ്ങുന്നത് ഈദ് ഷോപ്പിങ്ങിലെ പ്രധാന കാര്യമാണെന്നും സ്വദേശിയായ അബ്ദുൽ അസീസ് അലി സാലിഹ് പറത്തു.
"ഈദുൽ ഫിത്റിൽ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നത് വലിയ പാരമ്പര്യമാണ്. അതിനാൽ ഞങ്ങൾ കടകളിൽ പോയി നല്ല തുണിത്തരങ്ങൾ തിരഞ്ഞെടുത്ത് ഈദ് ദിവസം രാവിലെ ധരിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങുന്നു. കുട്ടികൾക്കായി മധുരപലഹാരങ്ങളും ചോക്ലേറ്റുകളും വാങ്ങും," എന്ന് റിയാദിലെ വീട്ടമ്മ റുമാന ഷാഹിദ് പറഞ്ഞു.
ഈദുൽ ഫിത്റിനായുള്ള പള്ളികളുടെയും ഈദ്ഗാഹുകളുടേയും തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅവ & ഗൈഡൻസ് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം ശുചിത്വമുള്ള അന്തരീക്ഷം നിലനിർത്തുന്നതിന് ശുചീകരണവും അണുനശീകരണവും നടത്തി. കൂടാതെ, വൈദ്യുതി സംവിധാനങ്ങൾ, എയർ കണ്ടീഷനിങ് യൂണിറ്റുകൾ, ഓഡിയോ ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅ്വ ആൻഡ് ഗൈഡൻസ് മദീന ബ്രാഞ്ച് ഈദ് നമസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. മേഖലയിലുടനീളമുള്ള 925 പള്ളികളും ഈദ് ഗാഹുകളും സജ്ജമാണ്. ഫീൽഡ് പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയായി. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിനുശേഷം ഈദ് നമസ്കാരം ആരംഭിക്കും.