എട്ട് വയസ്സുകാരിയെയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Mail This Article
സ്റ്റാർക്ക് (ഫ്ലോറിഡ) ∙ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മുത്തശ്ശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച വൈകിട്ട് 8.15 നാണ് വിഷ മിശ്രിതം സിരകളിൽ കുത്തിവെച്ച് പ്രതി എഡ്വേഡ് ജെയിംസ് സ്റ്റാര്‍ക്കിന്റെ (63) വധശിക്ഷ ഫ്ലോറിഡ സ്റ്റേറ്റ് ജയിലില്‍ നടപ്പാക്കിയത്.
യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച ജെയിംസിന്റെ അന്തിമ അപ്പീല്‍ തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത്. 1993 സെപ്റ്റംബര്‍ 19 നാണ് എട്ടു വയസുകാരി ടോണി നോയ്‌നറെന്ന ബാലികയേയും 58 വയസുള്ള മുത്തശ്ശി ബെറ്റി ഡിക്കിനെയും കൊലപ്പെടുത്തിയത്. ഈ വധശിക്ഷ കൂടി നടപ്പാക്കിയതോടെ യുഎസില്‍ ഈ ആഴ്ച നടത്തിയ നാലാമത്തെ വധശിക്ഷയാണിത്.
ഓക്ലഹോമയിൽ സ്ത്രീയെ വെടിവെച്ചുകൊന്ന കേസിലും ഒരാള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ബുധനാഴ്ച അരിസോണയിലും ചൊവ്വാഴ്ച ലൂസിയാനയിലും ഓരോ വധശിക്ഷ നടപ്പാക്കി. 15 വര്‍ഷത്തിനുശേഷമാണ് ലൂസിയാനയില്‍ വീണ്ടും വധശിക്ഷ വീണ്ടും നടപ്പിലാക്കിയത്.
ഓര്‍ലാന്റോയ്ക്ക് വടക്ക് ഭാഗത്തു കാസല്‍ബെറിയിലെ ബെറ്റി ഡിക്കിന്റെ വീട്ടില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന പ്രതി ആക്രമണം നടത്തിയ ശേഷം ബാലികയേയും മുത്തശ്ശിയേയും കൊലപ്പെടുത്തുകയായിരുന്നു.