ADVERTISEMENT

സ്റ്റാർട്ട് അപ്പുകൾ നടത്തുന്നവർക്കും അതുമായി ബന്ധപ്പെട്ട് ഐടി മേഖലയിലിരിക്കുന്നവർക്കും എളുപ്പം വരാവുന്ന ചില രോഗങ്ങളുണ്ട്. ഒന്ന് കരുതിയിരുന്നാൽ അതിൽ നിന്നു രക്ഷപ്പെടാം. ആ രോഗങ്ങൾ ഏതാണെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നും നോക്കാം.

1. കാർപൽടണൽ സിൻഡ്രോം 

കൈത്തണ്ടയിലെ പ്രധാന നാഡി അമരുമ്പോഴുള്ള  പ്രശ്നമാണിത്. ചെറിയ വേദനയാണ് തുടക്കം. പിന്നെ കൈത്തണ്ടയുടെ ചലനശേഷി  വരെ കുറയാം.

പ്രതിവിധി - കംപ്യൂട്ടർ സ്‌ക്രീനിൽ നിന്ന് ഏതാണ്ട് 2 അടി അകലം വേണം ഇരിക്കാൻ. ടൈപ്പ് ചെയ്യുമ്പോൾ, കൈത്തണ്ട നേരെയും കൈമുട്ട് 90  ഡിഗ്രിയിലുമായാൽ നന്നായി.

2. കഴുത്തുവേദന (സെർവിക്കൽ സ്പോണ്ടിലൈറ്റിസ്)

തെറ്റായ ഇരിപ്പു രീതിയും ഇരിപ്പിടത്തിന്റെ ഘടനയുമാകാം കാരണം. മോണിറ്റർ തെറ്റായ കോണിലാണെങ്കിൽ സമ്മർദമുണ്ടാകും.

പ്രതിവിധി - കസേരയുടെ ഉയരം ക്രമീകരിക്കാം. തല ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തിരിയ്ക്കാം. ഉയരം കൂടിയ തലയണകൾ വേണ്ടെന്നു വയ്ക്കാം. 

3. നേത്രരോഗങ്ങൾ 

ഐ ടി പ്രഫഷനുകളിൽ 76 % പേർക്കും കാഴ്ച സംബന്ധമായ പ്രശ്നനങ്ങൾ വരാം. ചെറു പ്രായത്തിൽത്തന്നെ തിമിരമുണ്ടാകാനുള്ള സാധ്യതയും  കൂടും.

പ്രതിവിധി - കണ്ണിന്റെ ആയാസം കുറയ്ക്കുന്ന സ്ക്രീൻ ഗാർഡുകൾ ഉപയോഗിക്കാം. ഡമ്മി കണ്ണട ഉപയോഗിക്കാം. സ്‌ക്രീനിൽ നിരന്തരം ഉറ്റു നോക്കരുത്. ഇടയ്ക്ക് കണ്ണ് അടയ്ക്കുക. 

4. അമിതവണ്ണം 

ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, ഒറ്റയിരുപ്പ്, ഇരുന്നുകൊണ്ടുള്ള ജോലി, മാനസികസമ്മർദ്ദം എന്നിവയെല്ലാം ഐ ടി ജോലിക്കാരിൽ അമിതവണ്ണത്തിന് കാരണമാകുന്നു. ക്രമേണ ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലിയും ഇരുന്നുള്ള ജോലിയും അമിതവണ്ണത്തിന് കാരണമാകും.

പ്രതിവിധി- മധുരം കുറയ്ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കാം. ഉയരത്തിന്  അനുസരിച്ചുള്ള ശരീരഭാരം നിലനിർത്താൻ ജീവിതശൈലിയിൽ മാറ്റം വരുത്തുക. അതിനുള്ള വ്യായാമം നടത്താൻ മടി കാണിക്കരുത്. 

5. നടുവേദന 

മണിക്കൂറുകളോളം ഒറ്റയിരുപ്പ്  പാടില്ല. ഇരിപ്പിന്റെ ഘടന ശരിയല്ലെങ്കിൽ നട്ടെല്ലിനെ ബാധിക്കുമെന്ന് ഓർക്കുക. 

പ്രതിവിധി-  നട്ടെല്ലിന്റെ അടിഭാഗത്തിന് താങ്ങു നൽകാം. അതിനു ചെറിയ തലയണയോ കുഷ്യനോ ആകാം. കട്ടിയുള്ള ഒരു ടവ്വൽ മടക്കി താങ്ങു നൽകിയാലും മതി. ഇടയ്ക്ക് എഴുന്നേറ്റു  നിൽക്കുകയും നടക്കുകയും ചെയ്യാം.

6. ഉത്കണ്ഠ,സമ്മർദ്ദം, വിഷാദം 

കംപ്യൂട്ടറിന്റെ അമിത ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് അറിയുക. ആവർത്തിച്ചുള്ള സമ്മർദ്ദവും ഉത്കണ്ഠയും ഹൃദ്രോഗത്തിനു കാരണമാകാം. 

പ്രതിവിധി- ഇന്റർനെറ്റ് സമയം പരിമിതപ്പെടുത്താൻ ശ്രമിക്കുക. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വ്യായാമം. വ്യായാമം, നടത്തം, യോഗ, ധ്യാനം എന്നിവ നല്ലതാണ്.

7.  ഉറക്കമില്ലായ്‌മ 

പ്രകാശമുള്ള സ്‌ക്രീനിൽ നോക്കുന്നത് ഉറങ്ങാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ ഉൽപാദനത്തെ  പരിമിതപ്പെടുത്തും. ഇത് ഉറക്കക്കുറവ് ഉണ്ടാക്കാം.

പ്രതിവിധി - കിടക്കുന്നതിന്  ഒരു മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിർത്തുക. ഉറങ്ങാൻ മാത്രമുള്ള ഇടമായി കിടപ്പു മുറി മാറ്റുക. അവിടെയിരുന്ന് ജോലി ചെയ്യരുത്. മുറി പ്രകാശം കടന്നു വരാത്ത വിധമാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com