കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം
Mail This Article
കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനു പ്രധാനപ്പെട്ട ഒന്നാണു മൈലാഞ്ചി. പലയിടങ്ങളും കർക്കടക മാസത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ കയ്യിലും കാലിലും മൈലാഞ്ചി അരച്ചിടാറുണ്ട്. കർക്കടകമാസം മുതൽ കനത്ത മഴയായതിനാൽ കാലിലും കയ്യിലും ഉണ്ടാകുന്ന ഫംഗസ് ബാധ, നഖത്തിലെ വേദന, നഖം പഴുക്കൽ, നിറവ്യത്യാസം, അണുബാധ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിനു മൈലാഞ്ചി ഇടുന്നത്. മതാചാരങ്ങളിൽ ഉപയോഗിക്കുന്നതിനൊപ്പം ആയുർവേദത്തിലും ഒരു പ്രമുഖ സ്ഥാനമുള്ള മൈലാഞ്ചിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്.
കേശസംരക്ഷണം
കേശസംബന്ധമായ പല പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണു മൈലാഞ്ചി. പൊടിയായോ, പേസ്റ്റായോ ഉപയോഗിക്കാം. ആഴ്ചയിൽ ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയിൽ തേച്ചാൽ താരനെ തുരത്താം. മുടിക്കു മൃദുത്വവും തിളക്കവും ലഭിക്കുകയും ചെയ്യും.
ചൂടിനെ പ്രതിരോധിക്കും
ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാൻ കഴിവുള്ളതാണു മൈലാഞ്ചി. മൈലാഞ്ചിയുടെ ഇല മാത്രമല്ല പൂവും കായും തൊലിയും ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ അമിതമായ ചൂടിനും മൈലാഞ്ചി പ്രതിവിധിയാണ്. രാത്രി കിടക്കുമ്പോൾ മൈലാഞ്ചി ഇല അരച്ചു പാദങ്ങളിൽ തേച്ചാൽ ശരീരത്തിലെ അമിതമായ ചൂട് കുറയ്ക്കാം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ലീന വി.നമ്പൂതിരിപ്പാട്, ആയുർവേദ ഡോക്ടർ
Content Summary: Karkkidakam health tips