അവിശ്വസനീയം! ഈ രാജ്യത്തെ ജയിൽ കണ്ടാൽ ആർക്കുമൊന്നു താമസിക്കാൻ തോന്നും

Mail This Article
വെറുതെ പോലും ഒരു ദിവസം ജയിലില്‍ കഴിയാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇല്ലേയില്ല..ജയില്‍ ജീവിതം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരിക ഇരുണ്ട മുറികളും, ഇരുമ്പഴികളും, വൃത്തിഹീനമായ അകത്തളങ്ങളും ഒക്കെയാണല്ലോ.. പക്ഷേ സ്വീഡനിലെ ഒരു ജയില്‍ മുറി കണ്ടാല്‍ ആര്‍ക്കുമൊന്നു തോന്നും ഒന്ന് ജയിലില്‍ കിടക്കാന്‍. സ്വീഡനിലെ നോർഡിക് ജയിൽ സെല്ലുകളുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലായിരുന്നു.

ഒരു ആഡംബര ഫ്ലാറ്റിനെയോ , ഹോട്ടല്‍ മുറിയെയോ അനുസ്മരിപ്പിക്കുന്നതാണ് ഈ ജയില്‍ മുറി. നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ഐസ്‌ലാന്റ് എന്നിവ ഉൾപ്പെടുന്നതാണ് നോർഡിക് രാജ്യങ്ങൾ.

ഡാരന്‍ ഓവന്‍സ് എന്നയാളാണ് ഈ ജയിലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 'സാന്‍ഫ്രാന്‍സിസ്കോയിലെ 3,000 ഡോളര്‍ റെന്റ് നല്‍കേണ്ടി വരുന്ന അപ്പാര്‍മെന്റിനു തുല്യം' എന്നാണ് ഇദേഹം ജയില്‍ മുറിയുടെ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങളില്‍ കാണുന്ന പോലെതന്നെ കോമൺ ഏരിയ, ടെലിവിഷൻ, ടേബിൾ, ലൈബ്രറി, സോഫയുമെല്ലാം ഇവിടെയുണ്ട്. പോസ്റ്റുകളില്‍ ഒന്നില്‍ അമേരിക്കയിലെ ജയിലുകളുടെ അവസ്ഥയെ സ്വീഡനുമായി ഇദ്ദേഹം താരതമ്യപ്പെടുത്തുന്നുമുണ്ട്.
തടവുകാരെ കുടുസുമുറിയിൽ തള്ളി കൂടുതൽ സാമൂഹിക വിരുദ്ധരാക്കാതെ നല്ല സൗകര്യങ്ങൾ നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇത്തരത്തില്‍ സൗകര്യങ്ങള്‍ അധികൃതര്‍ നല്‍കുന്നതെന്നാണ് കരുതുന്നത്. കുടുസുമുറികളും ,ഇരുണ്ട വെളിച്ചത്തിലെ താമസവും , കഠിനമായ ജോലികളുമെല്ലാം തടവുകാരുടെ മാനസികനിലയെ കൂടി ബാധിക്കുന്നുണ്ട് എന്ന് ഡാരന്‍ പറയുന്നു. എങ്ങനെ എങ്കിലും ഈ ജയിലില്‍ ഒന്ന് കിടക്കണം എന്നാണ് പലരും ജയില്‍ മുറിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത് പോലും.
English Summary- Nordic Jail Sweden