നിങ്ങൾ വീട്ടിലെ ഫ്രിജ് ഡീഫ്രോസ്റ്റ് ചെയ്തിട്ടുണ്ടോ? പേടി ഒഴിവാക്കാം; അനായാസം ചെയ്യാം

Mail This Article
ഫ്രിജ് ദീർഘകാലം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കൃത്യമായ പരിചരണം ആവശ്യമാണ്. ഫ്രീസറിനുള്ളിൽ ഐസ് അടിഞ്ഞുകൂടിയാൽ വായുസഞ്ചാരം തടസ്സപെട്ട് ഉപകരണം പെട്ടെന്ന് കേടാകാനിടയുണ്ട്. അതിനാൽ യഥാസമയത്ത് ഡിഫ്രോസ്റ്റ് ചെയ്യുന്നത് ഫ്രിജിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ ഘട്ടം ഘട്ടമായി ഡിഫ്രോസ്റ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.
* ഡിഫ്രോസ്റ്റിങ് ആരംഭിക്കുന്നതിനു മുൻപ് ഫ്രിജ് പവർ ഔട്ട്ലെറ്റിൽ നിന്ന് അൺപ്ലഗ് ചെയ്യുക. ഇതിലൂടെ ഉപകരണത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനും സാധിക്കും.
* ഫ്രിജിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക എന്നതാണ് അടുത്ത പടി. വളരെ എളുപ്പത്തിൽ കേടാകുന്ന എന്തെങ്കിലും ഭക്ഷണപപദാർഥങ്ങൾ ഉണ്ടെങ്കിൽ അത് ഐസ് പായ്ക്കുള്ള ഒരു കൂളറിൽ നിക്ഷേപിക്കണം.
* ഡീഫ്രോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കാൻ ഫ്രീസർ ബോക്സിന്റെ അടിയിൽ ടവലുകളോ വെള്ളം വലിച്ചെടുക്കുന്ന തരത്തിലുള്ള മറ്റ് വസ്തുക്കളോ വയ്ക്കാം. അടിഞ്ഞു കൂടുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്താൻ ഇവ സഹായിക്കും. ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുത്ത് അത് ഫ്രീസറിനുള്ളിൽ വയ്ക്കാം. ഇതിൽ നിന്നുള്ള നീരാവി അടിഞ്ഞുകൂടിയ ഐസ് വേഗത്തിൽ അലിയിക്കാൻ സഹായിക്കും.
* ഡീഫ്രോസ്റ്റിങ് സമയത്ത് ഫ്രീസറിന്റെയും ഫ്രിജിന്റെയും വാതിലുകൾ തുറന്നിടുക. ചൂടുവായു അകത്തേയ്ക്ക് കടക്കാനും അതുവഴി ഐസ് ഉരുകുന്നത് വേഗത്തിലാക്കാനും ഉപകരിക്കും.
* ഐസ് ഉരുകിത്തുടങ്ങുമ്പോൾ വലിയ ഐസ് കഷ്ണങ്ങൾ ശ്രദ്ധാപൂർവ്വം പൊട്ടിച്ച് നീക്കാം. ഫ്രീസറിന്റെ ഉൾഭാഗത്തിന് ദോഷം വരുത്തുന്ന മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

* ഐസ് പൂർണമായി ഉരുകി തീർന്നുകഴിഞ്ഞാൽ ഫ്രീസറിന്റെയും ഫ്രിജിന്റെയും ഉൾഭാഗം നന്നായി വൃത്തിയാക്കണം. തട്ടുകളും ചുവരുകളും ഡ്രോയറുകളുമെല്ലാം ചെറുചൂടുവെള്ളവും മൈൽഡ് ഡിറ്റർജന്റും ഉപയോഗിച്ച് തുടച്ചെടുക്കുക. വൃത്തിയാക്കൽ പൂർത്തിയാക്കിയ ശേഷം ഉള്ളിൽ നനവ് തീരെ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
* പവർ ഔട്ട്ലെറ്റുമായി തിരികെ കണക്ട് ചെയ്ത ശേഷം ഉടനെ ഭക്ഷണപദാർഥങ്ങൾ എടുത്തു വയ്ക്കരുത്. വീണ്ടും ലോഡുചെയ്യുന്നതിന് മുമ്പ് ഫ്രിജ് നന്നായി തണുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
എത്ര തവണ ഡിഫ്രോസ്റ്റ് ചെയ്യണം?
കാലാവസ്ഥ, ഫ്രിജിന്റെ കപ്പാസിറ്റി, ഉപയോഗം എന്നിവയെല്ലാം ആശ്രയിച്ചാണ് ഡിഫ്രോസ്റ്റ് എപ്പോൾ ചെയ്യണമെന്നത് കണക്കാക്കുന്നത്. സെൽഫ് ഡിഫ്രോസ്റ്റ് ഓപ്ഷൻ ഇല്ലാത്ത ഫ്രിജാണെങ്കിൽ കാൽ ഇഞ്ചുമുതൽ അര ഇഞ്ചുവരെ ഘനത്തിൽ ഐസ് രൂപപ്പെടുമ്പോൾ ഡിഫ്രോസ്റ്റ് ചെയ്യാം. വർഷത്തിൽ ഒരു തവണയെങ്കിലും ഡിഫ്രോസ്റ്റ് ചെയ്യണമെന്നതാണ് സാധാരണ കണക്ക്.
പൊതുവേ തണുത്ത കാലാവസ്ഥയിലാണ് വീട് സ്ഥിതി ചെയ്യുന്നതെങ്കിൽ വർഷത്തിൽ ഒരിക്കൽ ഡിഫ്രോസ്റ്റ് ചെയ്താൽ മതിയാകും. അതേസമയം താരതമ്യേന ചൂട് കൂടിയ അന്തരീക്ഷമാണെങ്കിൽ ഒന്നിലധികം തവണ ഡിഫ്രോസ്റ്റ് ചെയ്യേണ്ടതായും വന്നേക്കാം. അത്തരം അവസരങ്ങളിൽ എത്ര ഘനത്തിൽ ഐസ് രൂപപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിച്ച ശേഷം ഡിഫ്രോസ്റ്റ് ചെയ്യാം.