ADVERTISEMENT

ലോക്ഡൗൺ വന്നപ്പോൾ പല സിനിമാതാരങ്ങളും മണ്ണിലേക്കിറങ്ങി കൃഷി തുടങ്ങി. എന്നാൽ വർഷങ്ങളായി മണ്ണിൽ വിയർത്തു പണിയെടുക്കുന്ന, കൃഷിയെ സ്നേഹിക്കുന്ന ഒരു മലയാളനടനുണ്ട്. കൃഷ്ണപ്രസാദ്‌. അദ്ദേഹം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

 

കർഷകകുടുംബം...

ചങ്ങനാശേരി പെരുന്നയ്ക്കടുത്ത് അഞ്ചുവിളക്ക് എന്ന സ്ഥലമാണ് തറവാട്. കൃഷിയോടുള്ള സ്നേഹം ചെറുപ്പം മുതലേ തുടങ്ങിയതാണ്. അച്ഛന്റെയും അമ്മയുടെയും കർഷകകുടുംബമായിരുന്നു. അച്ഛൻ, അമ്മ, ഞങ്ങൾ മൂന്നു മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛൻ അധ്യാപകനായിരുന്നു എങ്കിലും കൃഷിയെ സ്നേഹിച്ച വ്യക്തിയായിരുന്നു.

എന്റെ വീടിന്റെ ഓർമകളും കൃഷിയെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്. ധാരാളം നെല്ല് സംഭരിക്കാൻ പാകത്തിൽ വലിയ പത്തായമുള്ള പരമ്പരാഗത വീടായിരുന്നു. മുറ്റത്ത് പശുത്തൊഴുത്തും വലിയ വൈക്കോൽത്തുറുവും. അന്നൊക്കെ കൊയ്ത നെൽക്കറ്റകൾ മെതിച്ച് നെല്ലെടുത്ത് പുഴുങ്ങി കുത്തി അരിയാക്കുന്ന പ്രക്രിയ വീട്ടിൽത്തന്നെയായിരുന്നു. ആ സമയം ധാരാളം പണിക്കാർ വീട്ടിൽ കാണും. വീട്ടിൽ ഒരുത്സവ പ്രതീതിയാകും.

അന്ന് കൊയ്യാൻ മെഷീനുകളില്ല. കറ്റ കൊയ്യാൻ ധാരാളം പണിക്കാരുണ്ടാകും. അന്ന് കൊയ്ത കറ്റകൾക്ക് വയൽപ്പുരയിൽ കാവൽ കിടക്കുമായിരുന്നു. ഇന്ന് നെല്ല് വെറുതെ ഇട്ടാൽപ്പോലും ആർക്കും വേണ്ടാതായി. അതാണ് മലയാളിക്കുണ്ടായ മാറ്റം.

krishnaprasad-farming

 

സിനിമ വഴി കർഷകനായി...

krishnaprasad-family

അഭിനയത്തോട് പണ്ടേ ഇഷ്ടമുണ്ടായിരുന്നു. കോളജ് കാലത്ത് രണ്ടു തവണ തുടർച്ചയായി മികച്ച നടനായിരുന്നു. അങ്ങനെ പദ്മരാജൻ സാറിന്റെ മൂന്നാംപക്കത്തിൽ അവസരം ലഭിച്ചു. പിന്നീട് എംടി സാറിന്റെ അടക്കം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. 30 വർഷത്തിനുള്ളിൽ 150 ലേറെ സിനിമകളിൽ അഭിനയിച്ചു. അച്ഛന്റെ മരണമാണ് കൃഷിയുടെ സാരഥ്യം ഏറ്റെടുക്കാൻ കാരണമായത്. അങ്ങനെ സിനിമകൾ കുറച്ചു കൃഷിയിൽ സജീവമായി. 2010 ൽ  മികച്ച കർഷകനുള്ള കേരളം സർക്കാരിന്റെ കർഷകമിത്ര പുരസ്കാരവും ലഭിച്ചു.

 

കുടുംബം, പുതിയ വീട്...

8 വർഷം മുൻപാണ് തറവാടിന് സമീപം പുതിയ വീട് വച്ചത്. നിരണത്ത് മകയിരം എന്നാണ് വീട്ടുപേര്. തറവാട് പരമ്പരാഗത ശൈലിയിൽ അടുത്തുള്ളത് കൊണ്ട്  പുതിയ വീട് മോഡേൺ ശൈലിയിലാണ് നിർമിച്ചത്. ഭാര്യ രശ്മി വീട്ടമ്മയാണ്. രണ്ടു പെണ്മക്കളാണ്. മൂത്തവൾ പ്രാർഥന പത്താം ക്‌ളാസിലും ഇളയവൾ പ്രപഞ്ച ആറാം ക്‌ളാസിലും പഠിക്കുന്നു.

 

കൊറോണക്കാലം...

ലോക്ഡൗൺ കാലം വിഷമകരമാണ്. കൊയ്ത്ത് നടക്കേണ്ട സമയമായിരുന്നു. അതുകാരണം തമിഴ്‌നാട്ടിൽ നിന്നും യന്ത്രങ്ങൾ വരുന്നത് മുടങ്ങി. വേനൽമഴ കൂടി പെയ്തതോടെ കൊയ്യാറായ നെല്ല് നശിക്കുന്ന അവസ്ഥയായി. ഞാൻ ഇത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കുറച്ചു യന്ത്രങ്ങൾ എത്തിക്കാനുള്ള വഴിയൊരുങ്ങി. മോഹൻലാലിനൊപ്പമുള്ള കുഞ്ഞാലിമരയ്ക്കാർ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. അതിന്റെ റിലീസും മുടങ്ങി.

ലോക്ഡൗൺ വന്നപ്പോൾ അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം മലയാളികൾ മനസിലാക്കി. അതുപോലെ കൃഷിയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ലോക്ഡൗൺ കാലത്ത് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചു പുതുതലമുറയെ ബോധവത്കരിക്കാൻ ഒരു യൂട്യൂബ് കാർഷിക ചാനൽ ഞാൻ തുടങ്ങി. ആദ്യ വിഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ലാലേട്ടൻ അടക്കമുള്ള താരങ്ങൾ പ്രോത്സാഹനം നൽകുന്നു. ഈ കൊറോണക്കാലം വേഗം കഴിഞ്ഞുപോകാൻ കാത്തിരിക്കുന്നു.... 

English Summary- Krishnaprasad Actor Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com