ആറുകോടി രൂപയ്ക്ക് മുംബൈയിലെ രണ്ട് വീടുകൾ കൈമാറി പ്രിയങ്ക ചോപ്ര
Mail This Article
മുംബൈയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന രണ്ട് വസതികൾ വിറ്റൊഴിഞ്ഞു ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര. അന്ധേരി മേഖലയിൽ സ്ഥിതിചെയ്യുന്ന രണ്ട് പെന്റ് ഹൗസുകളാണ് പ്രിയങ്ക കൈമാറിയിരിക്കുന്നത്. രണ്ടു വസതികൾക്കും ചേർത്ത് ആറു കോടി രൂപ വിലയായി ലഭിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവയിൽ ഒന്നിന്റെ വിസ്തീർണ്ണം 860 ചതുരശ്ര അടിയാണ്. 2.25 കോടി രൂപയ്ക്കാണ് ഈ ഫ്ലാറ്റ് കൈമാറ്റം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ പെന്റ് ഹൗസിന് 1432 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. രേഖകൾ പ്രകാരം 3.75 കോടി രൂപ ഇതിന് വിലയായി ലഭിച്ചു. സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ അഭിഷേക് ചൗബേയാണ് പെന്റ് ഹൗസുകൾ പ്രിയങ്കയിൽ നിന്നും വാങ്ങിയിരിക്കുന്നത്. ഒക്ടോബർ 23, 25 ദിവസങ്ങളിലായി രജിസ്ട്രേഷൻ നടപടികളും പൂർത്തിയായിട്ടുണ്ട്.
രണ്ട് കൈമാറ്റങ്ങൾക്കുമായി പുതിയ ഉടമ 36 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചിരിക്കുന്നത്. കുറച്ചുകാലങ്ങളായി പ്രിയങ്ക ചോപ്ര റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവ സാന്നിധ്യമാണ്. 2021ൽ അന്ധേരി വെസ്റ്റ് മേഖലയിലെ രണ്ടാം നിലയിൽ സ്ഥിതിചെയ്യുന്ന ഓഫിസ് സ്പേസ് താരം ലീസിന് വിട്ടു നൽകിയിരുന്നു. 2040 ചതുരശ്ര അടിയാണ് ഈ ഓഫീസ് സ്പേസിന്റെ വിസ്തീർണ്ണം. 2.11 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് വിട്ടു നൽകിയിരുന്ന ഈ സ്ഥലം ഏപ്രിലിൽ ഏഴു കോടി രൂപയ്ക്ക് പ്രിയങ്ക വാടകക്കാർക്കു തന്നെ വില്പന ചെയ്തിരുന്നു.
നിക്ക് ജൊനാസിനെ വിവാഹം ചെയ്ത ശേഷം 2018 ലാണ് പ്രിയങ്ക ലൊസാഞ്ചസിലേയ്ക്ക് താമസം മാറ്റിയത്. മകളുടെ ജനനശേഷവും ഇരുവരും അവിടെ തന്നെയാണ് താമസം. ഏഴു കിടപ്പുമുറികളും 11 ബാത്റൂമുകളും ഔട്ട്സൈഡ് ഏരിയയും ഇൻഫിനിറ്റി പൂളും എല്ലാമുള്ള ആഡംബര ഭവനമാണിത്. റിപ്പോർട്ടുകൾ അനുസരിച്ച് 20 മില്യൻ ഡോളറാണ് (166 കോടി രൂപ) ഈ വീടിന്റെ വിലമതിപ്പ്. ഈ വർഷത്തെ കണക്കുകൾ പ്രകാരം താര ദമ്പതികളുടെ ആസ്തി 620 കോടി രൂപയാണ്.