തകർപ്പൻ മുന്നേറ്റത്തിൽ കൊക്കോ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; കേരളത്തിലും കുതിപ്പ്: വിപണിയിൽ സംഭവിക്കുന്നത്
Mail This Article
ആഗോള കൊക്കോ വിപണിയിൽ വീണ്ടും തകർപ്പൻ മുന്നേറ്റം. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അടുത്ത വർഷം ചോക്ലേറ്റ് വ്യവസായികളുടെ പ്രതീക്ഷയ്‌ക്കൊത്ത് കായ സംഘടിപ്പിക്കുക ദുഷ്‌കരമാകുമെന്ന വിലയിരുത്തൽ കഴിഞ്ഞ രാത്രി ന്യൂയോർക്കിൽ കൊക്കോയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 12,931 ഡോളറിലേക്ക് ഉയർത്തി. ഏപ്രിലിൽ രേഖപ്പെടുത്തിയ 12,256 ഡോളറിലെ റെക്കോർഡ് പഴങ്കഥയാക്കി വിപണി കാഴ്‌ചവച്ച മുന്നേറ്റം അടുത്ത സീസണിൽ കൊക്കോ കൂടുതൽ ശക്തി പ്രാപിക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. ലണ്ടൻ എക്‌സ്‌ചേഞ്ചിൽ കൊക്കോ ഏപ്രിലിൽ 10,265 പൗണ്ടിലെത്തിയതാണ് റെക്കോർഡ്, നിലവിൽ 9926 പൗണ്ടിൽ നീങ്ങുന്ന കൊക്കോ ഏതു നിമിഷവും റെക്കോർഡ് തകർക്കാം.
പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ കൊക്കോ ഉൽപാദനം കർഷകരുടെ കണക്കുകൂട്ടലിനൊത്ത് ഉയരുന്നില്ല. വരൾച്ചയും ഉയർന്ന താപനിലയും അസമയത്തെ മഴയും തോട്ടങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇതിനിടെ കീടബാധയും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. ഐവറി കോസ്റ്റിലും ഘാനയിലും വിളവ് ചുരുങ്ങുമെന്നു വ്യക്തമായതോടെ ഫണ്ടുകൾ രണ്ടും കൽപ്പിച്ചാണ് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. രാജ്യാന്തര ഫണ്ടുകൾ വിപണിയിൽ സ്‌പ്രഡ് ട്രേഡിങ്ങിനാണ് പ്രത്യേക മുൻതൂക്കം നൽക്കുന്നത്. വ്യത്യസ്‌ത ഡെലിവറി തീയതികളിൽ ഒരേ ചരക്ക് ഒരേ സമയം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് സ്‌പ്രെഡ് ട്രേഡ്. എല്ലാ ആഴ്‌ചകളിലും ഒട്ടേറെ തവണ സീസണൽ സ്‌പ്രെഡ് വ്യാപാര അവസരങ്ങൾ ലഭിക്കുമെന്നത് പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളും അരങ്ങേറുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ടണ്ണിന് 4300 ഡോളറിൽ കൊക്കോ നീങ്ങിയ അവസരത്തിലാണ് ഉൽപാദനം കുറയുമെന്ന സൂചനകൾ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും പുറത്തുവന്നത്. ബ്ലാക്ക് പോഡ് രോഗം കായകളെ വ്യാപകമായി ബാധിച്ചതോടെ കയറ്റുമതി രാജ്യങ്ങൾക്ക് ഓർഡർ പ്രകാരമുള്ള ചരക്ക് യഥാസമയം ഷിപ്പ്മെന്റ് നടത്താനായില്ല. എന്നാൽ ഇത് താൽക്കാലിക പ്രതിഭാസമെന്നാണ് ചോക്ലേറ്റ് നിർമാണ രംഗത്തുള്ള ബഹുരാഷ്‌ട്ര കമ്പനികൾ പോലും അന്ന് കണക്കുകൂട്ടിയത്.
കഴിഞ്ഞ ക്രിസ്‌മസ് വേളയിൽ 4100 ഡോളറായി താഴ്‌ന്ന കൊക്കോ പുതുവർഷം പിറന്ന് നാളിതു വരെ ആ പഴയ വില പിന്നീട് ദർശിച്ചില്ല. അതേ കൊക്കോയുടെ കുതിപ്പ് അത്തരത്തിലായിരുന്നു. ഇരട്ടിയല്ല, മൂന്ന് ഇരട്ടിയാണ് വില മുന്നേറിയത്. ഏപ്രിലിൽ സർവകാല റെക്കോഡായ 12,256 ഡോളർ വരെ കയറിയതോടെ അക്ഷരാർഥത്തിൽ വിപണി കിതച്ചു. ഇതോടെ ‘ദൈവത്തിന്റ വിശുദ്ധ കായ’ തിരുത്തലിന്റെ പാതയിലേക്കു തിരിഞ്ഞു. ഇതിനിടെ കൊക്കോയുടെ വിലക്കയറ്റം മറയാക്കി ആഗോള തലത്തിൽ ചോക്ലേറ്റ് വ്യവസായികൾ അവരുടെ ഉൽപന്നവില കുത്തനെ ഉയർത്തി.
വർഷത്തിന്റെ ആദ്യ നാലു മാസങ്ങളിൽ അസംസ്‌കൃത വസ്‌തു വിലയിലുണ്ടായ വർധന അവർ ഉപഭോക്താക്കളുടെ തലയിലേക്കു വച്ച് കൈ കഴുകി. ഒപ്പം ലണ്ടൻ, ന്യൂയോർക്ക് എക്‌സ്‌ചേഞ്ചുകളെ അവർ റിവേഴ്‌സ് ഗിയറിലേക്കും മാറ്റി. ഉയർന്ന തലങ്ങളിൽ ഷോർട്ട് പൊസിഷനുകൾ സൃഷ്‌ടിച്ച് വിപണിയെ അടിമുടി വിറപ്പിച്ച ഫണ്ടുകൾ ഉൽപ്പന്നത്തെ ഓഗസ്റ്റിൽ 6516 ഡോളിലേക്ക് ഇടിച്ചു. ഇതോടെ വിപണി ഏകദേശം 50 ശതമാനത്തിന് അടുത്ത് സാങ്കേതിക തിരുത്തൽ കാഴ്‌ചവച്ചു. ആകർഷകമായ ലാഭം ഉറപ്പ് വരുത്തിയ ഫണ്ടുകൾ താഴ്‌ന്ന റേഞ്ചിൽ ഷോർട്ട് കവറിങ്ങിലൂടെ നവംബറിൽ കൊക്കോയെ 8655 ഡോളറായി ഉയർത്തി.
ഈ അവസരത്തിലാണ് മുഖ്യ ഉൽപാദകരാജ്യങ്ങളിൽ കരുതൽ ശേഖരം കുറഞ്ഞ വിവരവും അടുത്ത വർഷത്തെ വിളവ് പ്രതീക്ഷിച്ചതിലും കുറയുമെന്ന സൂചനകളും പുറത്തുവന്നു തുടങ്ങിയത്. ഇനി പ്രാധാന വിളവെടുപ്പ് ഏപ്രിൽ മാസമാണ്. ഉൽപാദനം താരതമ്യേന മികച്ചതായിരിക്കുമെന്നാണ് നേരത്തെ കണക്കുകൂട്ടിയത്. എന്നാൽ പല രാജ്യങ്ങളിലും കാലാവസ്ഥയിലുണ്ടായ മാറ്റവും ചില മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ അകപ്പെട്ടതും ഉൽപാദനത്തിൽ ഇടിവ് സൃഷ്‌ടിക്കും. എന്നാൽ എത്രമാത്രം ഉൽപാദനം കുറയുമെന്ന കാര്യത്തിൽ വ്യക്തമായ കണക്കെടുപ്പുകൾക്ക് ഇനിയും സമയം വേണ്ടിവരും. കൊക്കോ വിളകൾക്ക് അനുകൂലമാകുന്ന ലാ-നിന കാലാവസ്ഥാ പ്രതിഭാസം ആഫ്രിക്കൻ രാജ്യങ്ങളിൽ ഇനിയും ഉരുത്തിരിഞ്ഞുവന്നിട്ടില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് 2023-24 വിളവെടുപ്പിൽ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലെ കൊക്കോ ഉൽപാദനത്തിൽ സംഭവിച്ചത്. ഘാനയിൽ ഉൽപാദനം 50 ശതമാനം കുറഞ്ഞപ്പോൾ ഐവറി കോസ്റ്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് വിളവ് 30 ശതമാനം ചുരുങ്ങിയതും വ്യവസായികളെ പ്രതിസന്ധിലാക്കി. ക്രിസ്‌മസ് വേളയിലാണ് യൂറോപ്യൻ വിപണികളിൽ ചോക്ലേറ്റിന് പ്രിയം ഉയരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് സാന്റാസ് ഉൽപാദിപ്പിക്കുന്നത് ജർമനിയാണ്. 2023ൽ ഏകദേശം 170 ദശലക്ഷം യൂണിറ്റുകൾ അവർ ഉൽപാദിപ്പിച്ചു. സെന്റ് നിക്കോളാസ് ദിനത്തിലോ, ക്രിസ്മസ് വേളയിലോ ഇതു വളരെ സാധാരണമായ ഒരു സമ്മാനമായതിനാൽ ഉൽപാദനത്തിൽ വലിയ പങ്കും ജർമനിൽ തന്നെ വിറ്റഴിയുന്നു. ഏകദേശം 35 ശതമാനം ചോക്ലേറ്റ് സാന്റകളുടെ കയറ്റുമതിയും അവർ നടത്തുന്നുണ്ട്. ചോക്ലേറ്റ് വില കുത്തനെ ഉയർന്നതിനാൽ ഇക്കുറി വിൽപന അൽപം കുറയുമെന്ന സൂചനയുണ്ട്. 19–ാം നൂറ്റാണ്ടിന്റെ തുടക്കംമുതലാണ് ജർമനിയിൽ ചോക്ലേറ്റ് സാന്റകളുടെ ഉൽപാദനം വ്യാപകമായത്.
ഉൽപാദന പ്രതിസന്ധികൾക്കിടയിൽ ഒക്‌ടോബർ- ഡിസംബർ ആദ്യ വാരം വരെ എൈവറി കോസ്റ്റിന്റെ കൊക്കോ കയറ്റുമതി തൊട്ടു മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം വർധിച്ചു. ആഗോള കൊക്കോ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിലകൊള്ളുന്ന നൈജീരിയുടെ കയറ്റുമതി നവംബറിൽ 15 ശതമാനം ഉയർന്നതും ഇറക്കുമതി രാജ്യങ്ങളിലെ ഗ്രൈൻഡിങ് വ്യവസായികൾക്ക് ആശ്വാസം പകരും. ഇതിനിടെ കഴിഞ്ഞ രാത്രി രാജ്യാന്തര വിപണിയിൽ കൊക്കോ വില ആറു ശതമാനത്തിലധികം ഉയർന്നു. ടണ്ണിന് 800 ഡോളറോളം വർധിച്ച് 12,931 ഡോളറിലെത്തി പുതിയ ചരിത്രം രചിച്ചു. ഓഗസ്റ്റിലെ താഴ്‌ന്ന വിലയിൽനിന്ന് ഏകദേശം 50 ശതമാനം തിരിച്ചുവരവ് നടത്തി.
കേരളത്തിൽ ഉൽപന്ന വില കിലോ 760 രൂപയാണ്. കഴിഞ്ഞ ഡിസംബറിൽ നിരക്ക് 400 രൂപ മാത്രമായിരുന്നു. ആഭ്യന്തര വിപണിയെ സംബന്ധിച്ച് 760 റേഞ്ചിലെ നിർണായക പ്രതിരോധം തകർക്കാനായാൽ 950 രൂപയെ ഉൽപന്നം ഉറ്റു നോക്കാം. സംസ്ഥാനത്തും കാലാവസ്ഥ മാറ്റം കൃഷിയെ ബാധിച്ചതിനാൽ വില ഉയരുമെന്ന കാര്യം ആഭ്യന്തര ചോക്ലേറ്റ് വ്യവസായികൾക്ക് വ്യക്തമായി അറിയാം. അവർ ലോറേഞ്ചിലെയും ഹൈറേഞ്ചിലെയും ഉൽപാദകമേഖലകളിൽ നടത്തിയ പഠനങ്ങളിലൂടെ ലഭിച്ച സൂചനയും ഉൽപാദനം കുറയുമെന്ന് തന്നെയാണ്. എന്നാൽ വ്യവസായികളുടെ മുഖഭാവം വിലയിരുത്തിയാൽ അത്തരം ഒരു ഭീതിയൊന്നും അവർക്കില്ല. എങ്കിലും നേരിട്ട് കൊക്കോ സംഭരിക്കാൻ അവർ രംഗത്ത് ഇറങ്ങിയില്ല. മധ്യവർത്തികൾ വഴിയാകുമ്പോൾ വിലക്കയറ്റം കൈപ്പിടിയിൽ ഒതുക്കാനാകുമെന്നാണ് അവരുടെ ചോക്ലേറ്റ് പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്നത്.