ADVERTISEMENT

കോഴികളെ വളർത്തി വിറ്റ് ആ പണം കൊണ്ട് ഒരു ആട്ടിൻകുട്ടിയെ വാങ്ങിയാണ് കോഴിക്കോട് കുന്നമംഗലം ചേറ്റുകുഴി എൻ.കെ.മുഹമ്മദ് ഫാസിൽ ആടുവളർത്തൽ തുടങ്ങിയത്. 12 വർഷം മുൻപ് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് 2,500 രൂപയ്ക്ക് മലബാറി ആട്ടിൻകുട്ടിയെ വാങ്ങിയത്. വീടിനു സമീപമുള്ള സ്ഥാപനത്തിലായിരുന്നു സ്കൂൾ, കോളജ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ആടുവളർത്തലിനു സമയം കണ്ടെത്താൻ പ്രയാസമുണ്ടായില്ല.

പഠിച്ച കോളജിൽതന്നെ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനൊപ്പം ആടുവളര്‍ത്തല്‍ തുടരുന്ന ഫാസിലിന്റെ പക്കല്‍ ഇന്നു മലബാറിയും സങ്കരയിനങ്ങളുമായി പത്തോളം മുതിർന്ന ആടുകളും കുട്ടികളുമുണ്ട്. ശാസ്ത്രീയ പ്രജനന–പരിപാലന മുറകളിലൂടെ കുട്ടികളെ വളർത്തി വലുതാക്കി വിൽക്കുന്നു. 6–7 മാസം കൂടുമ്പോൾ 8–9 കുട്ടികളെ വിൽക്കാനാവുന്നുണ്ട്. മുട്ടൻകുട്ടികളെ ഈ പ്രായത്തിൽ ഇറച്ചിയാവശ്യത്തിനും ലക്ഷണമൊത്തെ പെണ്ണാട്ടിൻകുട്ടികളെ വളർത്താൻവേണ്ടിയുമാണു വിൽക്കുക. മുട്ടന്‍കുട്ടികള്‍ക്ക് 8,000–9,000 രൂപയും പെണ്ണാട്ടിന്‍കുട്ടിക്ക് 12,000 രൂപവരെയും ലഭിക്കാറുണ്ട്. ഒരു ബാച്ചിലെ കുട്ടികൾ വിറ്റുമാറുമ്പോഴേക്ക് അടുത്ത ബാച്ച് കുട്ടികൾ ജനിച്ചിരിക്കും. അതിനാൽ, ആറു മാസ ഇടവേളയിൽ മികച്ച വരുമാനം നേടാൻ തനിക്കു കഴിയുന്നുവെന്ന് ഫാസിൽ.

മുഹമ്മദ് ഫാസിൽ
മുഹമ്മദ് ഫാസിൽ

കുട്ടികൾക്ക് പാൽ മുഖ്യം

മൂന്നു മാസം വരെ കുട്ടികൾക്കു പാൽ തന്നെ ഭക്ഷണം. ആദ്യ മാസം മൂന്നു നേരവും രണ്ടാം മാസം രണ്ടു നേരവും മൂന്നാം മാസം ഒരു നേരവുമായിട്ടാണ് പാൽ നൽകുക. ഇത്രയും പാൽ നൽകുന്നതുകൊണ്ടുതന്നെ കുട്ടികൾക്കു മികച്ച വളർച്ചയുണ്ടാകുന്നുണ്ട്. മലബാറി കുട്ടികളെ അപേക്ഷിച്ച് ബീറ്റൽ സങ്കരയിനം കുട്ടികൾക്ക് വളർച്ച കൂടുതലുണ്ട്. കുട്ടികളെ വള‍ർത്തി ഫാമിലേക്ക് ചേ‍ർക്കുന്ന രീതിയാണ് ഫാസിലിനുള്ളത്. 6–8 മാസത്തിൽ മദി കാണിക്കുമെങ്കിലും മലബാറി ആട്ടിൻകുട്ടികളെ 12 മാസം പ്രായത്തിലും സങ്കരയിനം കുട്ടികളെ 18 മാസം പ്രായത്തിലുമാണ് ഇണചേർക്കുക. ആടുകളുടെ ആരോഗ്യത്തിനും മികച്ച പാലുൽപാദനം ലഭിക്കാനും ഈ രീതി ഗുണം ചെയ്യുന്നുണ്ട്. പ്രസവശേഷം മൂന്നാം മാസം മുതലാണ് കറവ ആരംഭിക്കുക. വീട്ടാവശ്യത്തിനുള്ള പാൽ ഇങ്ങനെയാണ് എടുക്കുക. ആറാം മാസം വീണ്ടും ഇണചേർക്കുകയും ചെയ്യും. ഇറച്ചിയാവശ്യത്തിനു വളര്‍ത്താന്‍ സങ്കരയിനമാണ് മികച്ചതെന്ന് ഫാസിലിന്റെ അനുഭവസാക്ഷ്യം. പ്ലാവിലയും പുല്ലുമാണ് പ്രധാന തീറ്റ. ‌രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് ആടുകൾക്ക് പുല്ലും പിണ്ണാക്കും ധാന്യപ്പൊടിയും ചേർത്ത് വെള്ളവും നൽകും. വൈകിട്ട് തിരികെ വന്ന ശേഷമാണ് വീണ്ടും തീറ്റ നൽകുക. 

മൂത്രം വിറ്റ് തീറ്റച്ചെലവ്

കൂടിന് അടിയിൽ ഉറപ്പിച്ച ഫൈബർ ഷീറ്റിലേക്കു വീഴുന്ന കാഷ്ഠവും മൂത്രവും പ്രത്യേകം ശേഖരിക്കുന്നു. കാഷ്ഠം ചാക്കിലാക്കി സൂക്ഷിക്കും. മൂത്രം പ്രത്യേകം ബാരലിലും. അടുത്തുള്ള കൃഷിക്കാര്‍ ഇവ വാങ്ങും. മാസം 1000 രൂപ ഇങ്ങനെ കിട്ടും. ആടുകൾക്കു പിണ്ണാക്കും തവിടും വാങ്ങാനിതു മതി. കുന്നമംഗലം മൃഗാശുപത്രിയിൽനിന്ന് ധാതുലവണമിശ്രിതവും കരൾ ഉത്തേജക ഔഷധവുമെല്ലാം സൗജന്യമായി ലഭിക്കുന്നത് സഹായകമാണെന്നും ഫാസിൽ. 

ഫോൺ: 9747704211

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com