ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരായ പങ്കജ് മിശ്രയും അരുന്ധതി റോയിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ പരാജയപ്പെട്ട സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ സാംഗത്യമാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍. 

 

പെന്‍ഗ്വിന്‍ ചീഫ് എക്സിക്യുട്ടീവ് ഗൗരവ് ശ്രീനാഗേഷിന് എഴുതിയ കത്തിലാണ് പങ്കജ് മിശ്ര വിമര്‍ശനവും വിയോജിപ്പും രേഖപ്പെടുത്തുന്നത്. ഇതേ കത്ത് അദ്ദേഹം മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ശ്മശാനങ്ങളില്‍നിന്ന് കൂട്ട സംസ്കാരത്തിന്റെ പുകപടലങ്ങള്‍ 

ഉയരുന്നതു കാണുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ബുധനാഴ്ച മാത്രം 4529 പേരാണു രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്തെ പ്രതിദിന മരണത്തില്‍ പുതിയ റെക്കോര്‍ഡാണിത്. ഔദ്യോഗിക കണക്കു തന്നെ ഇത്രയും ഉയര്‍ന്ന സ്ഥിതിക്ക് യഥാര്‍ഥത്തില്‍ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

 

ലോകത്തിനു പ്രചോദനം പകരുന്ന നേതാവാണു മോദി എന്ന വിശേഷണത്തോടെയാണ് പെന്‍ഗ്വിന്‍ ‘എക്സാം വാരിയേഴ്സ്’ പുനഃപ്രസിദ്ധീകരിക്കുന്നത്. ജീവിതത്തെയും പരീക്ഷകളെയും നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉത്തമ സഹായിയെന്ന് പുസ്തകത്തെ 

വിശേഷിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള വിലപ്പെട്ട ഉപദേശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം. 

 

‘ഡോക്ടര്‍, അഭിഭാഷകന്‍, എന്‍ജിനീയര്‍ എന്നീ നിലകളിലെത്തുന്നതിനെക്കുറിച്ചു മാത്രമല്ല ചിന്തിക്കേണ്ടത്. സമൂഹത്തില്‍ എന്തു മാറ്റം വരുത്താന്‍ കഴിയുമെന്നു കൂടി ആലോചിക്കൂ. ആ ചിന്ത നിങ്ങളെ നയിക്കട്ടെ’: പുസ്തകത്തില്‍ പ്രധാനമന്ത്രി പറയുന്നു. 

 

എന്നാല്‍, കോവിഡിനെത്തുടര്‍ന്നു പരീക്ഷകള്‍ നടക്കാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും എത്രമാത്രം നിരാശരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പങ്കജ് മിശ്ര ചൂണ്ടിക്കാട്ടുന്നു. ‘തിരഞ്ഞെടുപ്പ് റാലികളില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി പങ്കെടുത്തത് ലോകം മുഴുവന്‍ കണ്ടതാണ്. എതിര്‍ക്കുന്ന പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും പീഡിപ്പിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുമുണ്ട്’- മിശ്ര പറയുന്നു. 

 

‘പത്രപ്രവര്‍ത്തകര്‍ക്ക് സ്വന്തം ജോലി നന്നായി ചെയ്യാന്‍ കഴിയാത്ത രാജ്യമെന്നാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന ഇന്ത്യയെക്കുറിച്ചു വിശേഷിപ്പിക്കുന്നത്’- മിശ്ര ചൂണ്ടിക്കാട്ടി. 

 

എന്നാല്‍, വ്യത്യസ്തവും വിവിധവുമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയാണു തങ്ങളുടെ കടമയെന്ന് പെന്‍ഗ്വിന്‍ ചീഫ് എക്സിക്യുട്ടീവ് ശ്രീനാഗേഷ് പറയുന്നു. വ്യത്യസ്ത എഴുത്തുകാര്‍ക്ക് അവരുടെ ശബ്ദം കേള്‍പ്പിക്കാനുള്ള അവസരമാണു തങ്ങള്‍ 

ഒരുക്കുന്നതെന്നും ഈ ദുരിത കാലഘട്ടത്തിലും പുസ്തക പ്രസിദ്ധീകരണം തങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

 

മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെന്‍ഡി ഡോണിയറുടെ ഹിന്ദുസ് ഇന്‍ 2014 എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പിന്‍വാങ്ങിയവരാണ് പെന്‍ഗ്വിന്‍ എന്ന് അരുന്ധതി റോയ് പറയുന്നു. അവര്‍ തന്നെയാണ് എക്സാം വാരിയേഴ്സ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ഇതു തികച്ചും തെറ്റായ നടപടിയാണെന്നും കൂടി അവര്‍ പറഞ്ഞു. 

 

English Summary: Indian authors speak out over plan to reissue Narendra Modi exam book

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com