ADVERTISEMENT

നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ കഥകൾ പറഞ്ഞ ദസ്തയേവ്സ്കിയുടെ 141ാം ഓർമദിനം ഫെബ്രുവരി 9ന് 

 

1860കളിലെ സംഘർഷഭരിതമായ ഒരു പകൽ. ചൂതാട്ടത്തിനു വേണ്ട പണം കണ്ടെത്താനായി എഴുത്തുകാരൻ വേഗത്തിൽ ഒരു നോവൽ പൂർത്തിയാക്കി. കടം കയറി ജീവിതം കൂപ്പുകുത്തിയിട്ടും ചൂതാട്ടശാലകളിലെ സന്ദർശനം അയാൾ ഉപേക്ഷിച്ചില്ല. എഴുതിയുണ്ടാക്കിയ പണംവച്ചുള്ള ചൂതുകളിയിൽ അയാൾ പരാജയപ്പെട്ടെങ്കിലും ആ കൃതി പക്ഷേ, ലോകമെമ്പാടും വായിക്കപ്പെട്ടു. മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു വിശദീകരണങ്ങൾ തേടുന്ന ആ നോവലാണ് കുറ്റവും ശിക്ഷയും (Crime and Punishment). മനുഷ്യമനസ്സിനെ കീറിമുറിച്ച് വിശകലനം നടത്തുന്ന മനശാസ്ത്രജ്ഞനെന്നു പേരുകേട്ട ആ എഴുത്തുകാരനാണ് ഫയദോർ മിഖായ്‌ലോവിച്ച് ദസ്തയേവ്സ്കി. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ കഥകൾ പറഞ്ഞ ദസ്തയേവ്സ്കിയുടെ 141ാം ഓർമദിനമാണ് ഫെബ്രുവരി 9.

 

‘ബ്രദേഴ്സ് കാരമസോവ്’ എന്ന അദ്ദേഹത്തിന്റെ അവസാന നോവൽ വിശ്വസാഹിത്യത്തിലെ കൊടുമുടിയായി മാറി. ക്രൂരനായ ഫയദോർ കാരമസോവും നാല് ആൺമക്കളും ചേർന്ന ശിഥിലകുടുംബത്തിന്റെ കഥ ലോകമെങ്ങും ആഘോഷിക്കപ്പെട്ടു. ഇതിനെ അടിസ്ഥാനമാക്കി ഒട്ടേറെ പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും പിന്നാലെവന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മുതൽ ആൽബർട്ട് ഐൻസ്റ്റീനും സിഗ്‌മണ്ട് ഫ്രോയിഡും വരെയുള്ളവർ നോവലിനെ വാഴ്ത്തി. കാഫ്ക അദ്ദേഹത്തെ വിശേഷിപ്പിച്ചത്, തനിക്കു രക്തബന്ധം തോന്നിയ എഴുത്തുകാരൻ എന്നാണ്. മനുഷ്യസഹനത്തിന്റെ ഉജ്ജ്വലമായ അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങൾ വായിക്കുന്ന ഏതൊരാൾക്കും ആ രക്തബന്ധം തോന്നും. അതാണ്, ലോകത്തു ഇതുവരെ ജീവിച്ചിരുന്നവരിൽ ദസ്തയേവ്സ്കിയെ ഏറ്റവും മികച്ച കഥപറച്ചിലുകാരനാക്കുന്നത്.

 

∙ ഉള്ളുലഞ്ഞ ജീവിതം

മോസ്കോയിലെ ഓൾഡ് സ്റ്റൈലിൽ മൈക്കേൽ - മരിയ ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനായി 1821 നവംബർ 11നാണു ദസ്തയേവ്സ്കിയുടെ ജനനം. പതിനാറാം വയസ്സിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു. ഇതോടെ ദസ്തയേവ്സ്കിയെയും സഹോദരനെയും പിതാവ് നിർബന്ധപൂർവം സെന്റ് പീറ്റേഴ്സ്ബർഗിലെ സൈനിക അക്കാദമിയിലേക്കു പഠനത്തിനയച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ സ്വന്തം എസ്റ്റേറ്റിലെ തൊഴിലാളികളാൽ അദ്ദേഹത്തിന്റെ അച്ഛൻ കൊല്ലപ്പെട്ടു. അച്ഛന്റെ മരണം തീരാമുറിവായി വർഷങ്ങളോളം അദ്ദേഹത്തിന്റെ മനസ്സിൽ കിടന്നു.

 

സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849ൽ ഫയദോർ അറസ്റ്റിലായി. ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയതിന് വധശിക്ഷയാണ് വിധിച്ചത്. ശിക്ഷാവിധിയുടെ അന്ന് ഫയദോർ ഉൾപ്പെടെയുള്ള മൂന്നു വിപ്ലവകാരികളുടെ വധശിക്ഷ ഇളവു ചെയ്തതായി ചക്രവർത്തിയുടെ അറിയിപ്പ് വന്നു. എങ്കിലും ക്രൂരമായ പീഡനങ്ങൾക്കിരയായി. ഒടുവിൽ ദസ്‌തയേവ്‌സ്കിയെ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1854ൽ ശിക്ഷാകാലാവധിക്കു ശേഷം സൈനിക സേവനത്തിനു ചേർന്നു.

 

സൈനികനായി ഖസാഖിസ്ഥാനിൽ കഴിഞ്ഞ അഞ്ചു വർഷം അദ്ദേഹത്തിന്റെ ജീവിതം അടിമുടി മാറ്റി. വിപ്ലവാശയങ്ങളും സ്വതന്ത്ര ചിന്താധാരകളും വെടിഞ്ഞ അദ്ദേഹം തികഞ്ഞ ഈശ്വരവിശ്വാസിയായി മാറി. സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവയെ ഇതിനിടയിൽ അദ്ദേഹം വിവാഹം ചെയ്തിരുന്നു.

 

∙ ചൂതാട്ടംപോലെ ജീവിതം

1860ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മടങ്ങിയെത്തിയ ശേഷം അദ്ദേഹം സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. മൂത്ത സഹോദരനും അദ്ദേഹത്തെ സഹായിച്ചു. ജീവിതം വീണ്ടും ഭേദപ്പെട്ട നിലയിലായെന്ന് തോന്നിത്തുടങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. പിന്നാലെ സഹോദരനും മരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. പൊട്ടിയ പട്ടം പോലെ മനസ്സ് കൈവിട്ടുപോയി. രാവും പകലും വ്യത്യാസമില്ലാതെ ചൂതാട്ടകേന്ദ്രങ്ങളിൽ അദ്ദേഹം അഭയം പ്രാപിച്ചു. ചൂതാട്ടഭ്രമം തലയ്ക്കു പിടിച്ച നാളുകളിൽത്തന്നെയാണ് ‘ദ് ഗാംബ്ലർ’ (ചൂതാട്ടക്കാരൻ) എന്ന കൃതി അദ്ദേഹം രചിച്ചത്. 

 

ഫയദോർ കടുത്ത സമ്മർദത്തിലൂടെ കടന്നുപോയ നാളുകളായിരുന്നു അത്. കർക്കശക്കാരനായ ഒരു പ്രസാദകനു നിശ്ചിത സമയത്തിനുള്ളിൽ നൽകാമെന്ന ഉറപ്പിലാണ് അദ്ദേഹം നോവലെഴുത്ത് തുടങ്ങിയത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ എഴുത്ത് പൂർത്തിയാക്കാൻ നന്നേ കഷ്ടപ്പെട്ടു. നോവൽ എഴുതിക്കൊടുത്തില്ലെങ്കിൽ 9 വർഷത്തേക്ക് ദസ്തയേവ്സ്കിയുടെ ഇനിയുള്ള രചനകൾ പ്രസാധകന് പ്രതിഫലമില്ലാതെ നൽകണമെന്നായിരുന്നു കരാർ. പറഞ്ഞ സമയം തീരാൻ വെറും ഒരു മാസം മാത്രം ബാക്കിനിൽക്കെ, കേട്ടെഴുത്തുകാരി അന്നയുടെ സഹായത്തോടെ അദ്ദേഹം ചൂതാട്ടക്കാരൻ എന്ന നോവൽ പൂർത്തിയാക്കി നൽകി. വലിയ ഒരു കുഴിയിൽ നിന്ന് കരകയറാൻ തന്നെ സഹായിച്ച അന്നയെ ഫയദോർ വിവാഹം ചെയ്തു കൂടെക്കൂട്ടി.

 

∙ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ളയാൾ

മലയാള സാഹിത്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ ഇതിവൃത്തം, ദസ്തയേവ്സ്കിയുടെ പ്രണയ ദിനങ്ങളാണ്. ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ കേട്ടെഴുത്തുകാരിയായി അന്ന എത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോട് അദ്ദേഹത്തിനു പ്രണയം തോന്നുന്നതുമാണ് കഥ. അരാജകവാദിയായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ളയാൾ ആയിട്ടാണ് പെരുമ്പടവം അവതരിപ്പിക്കുന്നത്. നോട്സ് ഫ്രം അണ്ടർഗ്രൗണ്ട്, ദി ഇഡിയറ്റ്, ദ് ഡെവിൾസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ. ‘നീതിമാൻ പിരിഞ്ഞുപോകുന്നു. എന്നാൽ, അവന്റെ പ്രകാശം നിലനിൽക്കുന്നു’ എന്ന് എഴുതിയത് ദസ്തയേവ്സ്കിയാണ്. മരിച്ച് ഒന്നരനൂറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ രചനകൾ പ്രകാശഗോപുരങ്ങൾ പോലെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

 

English Summary : 141 th Death Anniversary of Fyodor Dostoevsky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com