ADVERTISEMENT

എം.ടി. വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങാനിരിക്കുന്ന ആന്തോളജി സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സരസ്വതി അഭിനേതാവായെത്തുന്നു. നവതിയുടെ നിറവിലെത്തിയ എംടിയെക്കുറിച്ച് മനോരമയുമായി മനസ്സുതുറന്നപ്പോഴാണ് കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും ആ രഹസ്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ എഴുത്തുജീവിതവും സിനിമാ ജീവിതവും എങ്ങനെയാണെന്ന് കലാമണ്ഡലം സരസ്വതിയും അശ്വതിയും സംസാരിക്കുന്നു: 

വീട്ടിലെ മൗനം

കലാമണ്ഡലം സരസ്വതി:

‘‘ഞാൻ ഒരുപാട് സംസാരിക്കുന്നയാളാണ്. ക്ലാസിലും വീട്ടിലും. കല്യാണം കഴിഞ്ഞസമയത്ത് അദ്ദേഹം മണിക്കൂറുകളോളം മിണ്ടാതിരിക്കും. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാനുണ്ടെങ്കിലേ പറയൂ. അശ്വതി വളർന്നതോടെ ഒരുപാട് മാറ്റങ്ങൾ വന്നു. അശ്വതിയുടെ കാര്യങ്ങൾ, കൂടല്ലൂരിലെ വിശേഷങ്ങൾ  ഒരുപാട് സംസാരിക്കും. 

അശ്വതി ശ്രീകാന്ത്:

‘‘കുട്ടിക്കാലത്ത് വീട്ടിലെ മൗനം വിചിത്രമായി തോന്നി. അച്ഛൻ കുറച്ചേ സംസാരിക്കൂ.

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് അച്ഛൻ എപ്പോഴും എഴുത്തിലായിരിക്കും. എന്തെങ്കിലും ചോദിച്ചാൽ ഒരു മൂളലായിരിക്കും മറുപടി. ഇതെന്താ ഇങ്ങനെ എന്നാലോചിച്ചിട്ടുണ്ട്. 

ആ മൗനം എഴുത്തുകാരന് ആവശ്യമായ ‘സോളിറ്റ്യൂഡ്’ ആണെന്നു പിന്നീടു തിരിച്ചറിഞ്ഞു. വലുതായപ്പോൾ കാണുന്ന സിനിമകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.’’

വായനയുടെ ചെറുപ്പകാലം

അശ്വതി:

‘‘അച്ഛന്  ഇഷ്ടംപോലെ പുസ്തകങ്ങളുണ്ട്. എന്തും വായിക്കാം.  ഞാൻ നന്നേ കുട്ടിയായിരിക്കുമ്പോൾ അച്ഛൻ കുട്ടികൾക്കുള്ള അനേകം പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുവരുമായിരുന്നു. ആ പുസ്തകങ്ങളൊക്കെ തുഞ്ചൻപറമ്പിലെ ലൈബ്രറിയിലേക്ക് എടുത്തുകൊടുത്തു. എന്നോടുപോലും പറഞ്ഞില്ല. വിദേശയാത്ര പോയാൽ വിഎച്ച്എസ് കസെറ്റുകൾ കൊണ്ടുവരാറുണ്ടായിരുന്നു. അനേകം സിനിമകൾ. അതിൽ കുട്ടികളുടെ സിനിമയുമുണ്ടാവും.’’

പേരക്കുട്ടിയും എംടിയും

അശ്വതി:

‘‘എന്റെ മകൻ മാധവ് അദ്ദേഹത്തിന്റെ മടിയിൽ കയറിയിരിക്കും. എന്തു മണ്ടത്തരവും അച്ഛനോടു ചോദിക്കും. അവന്റെയടുത്ത് അച്ഛന്റെ മൗനം പൊളിഞ്ഞു. ഈ കുട്ടിക്കളികളൊന്നും അത്ര അനുഭവിക്കാത്തയാളാണല്ലോ അച്ഛൻ. 

എന്റെ കുട്ടിക്കാലത്ത് കിട്ടാത്തതെല്ലാം മാധവിന്റെ കുട്ടിക്കാലത്താണ് അദ്ദേഹം അനുഭവിച്ചറിഞ്ഞത്. സ്നേഹവും വാത്സല്യവും അവനിലൂടെയാണ് പ്രകടിപ്പിച്ചത്.  ’’

കൂടല്ലൂർ യാത്രകൾ

സരസ്വതി: ‘‘വല്ലപ്പോഴും പോവുമ്പോൾ കൂടല്ലൂരിലെ വീടുകളിൽ കയറാറുണ്ട്. ഇപ്പോൾ കുറെക്കാലമായി.’’

അശ്വതി: ‘‘കുട്ടിക്കാലത്തു സ്ഥിരമായി ഓണത്തിനും വിഷുവിനും അച്ഛന്റെ കൈപിടിച്ച് കൂടല്ലൂരിൽ പോയിട്ടുണ്ട്. അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ എല്ലാവരും ഒത്തുചേരും. നാട്ടിൻപുറത്തെ ഓണാഘോഷം നല്ല രസമാണ്. എന്റെ കുട്ടിക്ക് അതു കാണിച്ചുകൊടുക്കാൻ കഴിയില്ലല്ലോ എന്ന സങ്കടമുണ്ട്. ’’ 

എംടിയുടെ സൗഹൃദങ്ങൾ 

സരസ്വതി: ‘‘വളരെക്കുറച്ചു കൂട്ടുകാരും അവരുടെ കുടുംബവുമായി മാത്രമേ  സൗഹൃദമുണ്ടായിരുന്നുള്ളൂ. പുനത്തിൽ, എൻ.പി. മുഹമ്മദ്, എം.എം.ബഷീർ, സുഹ്റ... അങ്ങനെ അദ്ദേഹവുമായി ഏറെ അടുപ്പമുള്ളവരുടെ കുടുംബങ്ങൾ.’’

നവതി പിറന്നാളാഘോഷം

സരസ്വതി: ‘‘ അദ്ദേഹം ആഘോഷിക്കാറില്ല. വീട്ടിൽ പൂജകളുണ്ടാവും. വിവാഹം കഴിഞ്ഞശേഷം ഞാനാണു പിറന്നാളിനു പൂജ നടത്തണമെന്നു നിർബന്ധിച്ചത്. ഇപ്പോഴും അതു തുടരുന്നുണ്ട്. അദ്ദേഹത്തെ ആരാധനയോടെ കാണുന്ന ചിലർ അവരുടെ നാട്ടിലെ അമ്പലത്തിൽ പൂജ ചെയ്തു പ്രസാദവുമായി വരും..’’

അശ്വതി: ‘‘ അച്ഛന്റെയും എന്റെയും പിറന്നാൾ തൊട്ടടുത്ത ദിവസങ്ങളിലാണ്. കർക്കടകത്തിലെ ഉത്തൃട്ടാതിയിലാണ് അച്ഛൻ ജനിച്ചത്. അശ്വതി നക്ഷത്രത്തിൽ ഞാനും.  എന്റെ പിറന്നാളിനു സ്കൂളിൽ മിഠായി കൊണ്ടുപോവും എന്നതിനപ്പുറം വീട്ടിൽ ആഘോഷങ്ങളൊന്നും ഉണ്ടാവാറില്ല. 

അച്ഛന്റെ പിറന്നാളിനു പൂജകഴിഞ്ഞാൽ തൊട്ടടുത്ത ദിവസം മൂകാംബികയിലേക്കു പോവും. എന്റെ പിറന്നാൾ മൂകാംബികയിലായിരിക്കും. ഇപ്പോൾ മൂകാംബികയ്ക്കു പോയിട്ടു കുറെക്കാലമായി. അച്ഛനു ട്രെയിനിൽ ദീർഘദൂരയാത്ര വയ്യ.’’ 

എംടിയുടെ ശീലങ്ങൾ

സരസ്വതി: ‘‘ആറരയോടെ എഴുന്നേൽക്കും. ഒരു ചായ, കുളി. ഇപ്പോൾ ഒറ്റയ്ക്കു കുളിക്കാൻ മടിയാണ്. തെന്നിവീഴുമെന്ന ഭയം. ഞങ്ങളാരെങ്കിലും സഹായിക്കണം. എട്ടരയ്ക്കും ഒൻപതിനുമിടയ്ക്കു ഭക്ഷണം. അതു കഴിഞ്ഞാൽ ഏറെപ്പേർ വരും. കൃത്യം ഒന്നിന് ഊണ്. 

പിന്നെ ഒന്നുറങ്ങും. വൈകിട്ട് ഫ്ലാറ്റിൽ പോവും. അവിടെ സന്ദർശകരുണ്ടാവും. എന്തെങ്കിലും എഴുതും. തിരികെ വന്നാൽ മുൻപൊക്കെ രാത്രി നന്നായി വായിക്കുമായിരുന്നു. വല്ലപ്പോഴുമൊക്കെ പുറത്തുനിന്നു രാത്രി ഭക്ഷണം വാങ്ങിക്കും. ഒൻപതരയോടെ കിടന്നുറങ്ങും.’’

നൃത്തജീവിതവും എംടിയും

സരസ്വതി: ‘‘നൃത്തവുമായി ഞാൻ ഏറെ തിരക്കായിരുന്നു. അദ്ദേഹം അതിനു സഹായിച്ചു.  നൃത്യാലയ തുടങ്ങിയ കാലത്തും എന്റെ കാര്യങ്ങളിൽ ഒരു നിബന്ധനയും വയ്ക്കാറില്ല. ഒന്നിനും പോവരുതെന്നോ എന്തെങ്കിലും ചെയ്യരുതെന്നോ അദ്ദേഹം പറഞ്ഞില്ല. അതാണ് എനിക്കു കരുത്തായത്.’’

Mt-and-family
സകുടുംബം എംടി: കൊച്ചുമകൻ മാധവ്, മകൾ അശ്വതി, ഭാര്യ സരസ്വതി എന്നിവരോടൊപ്പം എംടി ∙ പി. മുസ്തഫ എടുത്ത ചിത്രം.

അശ്വതി: ‘‘നൃത്തമേഖല ഞാൻ തിരഞ്ഞെടുത്തതല്ല. ഞാൻ ജേണലിസം പഠിക്കാൻ പിജി വിഷ്വൽ കമ്യൂണിക്കേഷനു ചെന്നൈയിൽ പ്രവേശനം നേടി. ആ സമയത്താണ് നൃത്യാലയത്തിൽ അമ്മയ്ക്ക് ഒറ്റയ്ക്കു പറ്റാത്ത തിരക്കുണ്ടായത്. ഞാൻ തിരികെവന്നു നൃത്യാലയയിൽ ക്ലാസെടുക്കാൻ തുടങ്ങി. സർവകലാശാലയിൽ പിജിക്കു ചേർന്നു. നൃത്തമാണെന്റെ തൊഴിൽ എന്ന് അതുവരെ ചിന്തിച്ചിട്ടേയില്ല. ’’

സിനിമാക്കാരനായ എംടി

സരസ്വതി: ‘‘ അദ്ദേഹത്തിന്റെ സിനിമയുടെ ലൊക്കേഷനുകളിലൊക്കെ പോവുമായിരുന്നു. മഞ്ഞിന്റെ ചിത്രീകരണസമയത്ത് നൈനിറ്റാളിൽ പോയപ്പോൾ അശ്വതിക്കു രണ്ടു രണ്ടര വയസ്സു കാണും. വൈശാലി, വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങിയ സിനിമകളുടെ ലൊക്കേഷനിൽ പോയത് ഓർമയുണ്ട്. ’’

അശ്വതി: ‘‘അന്ന് എല്ലാവരും ഒരു ടീമായിരുന്നു.  ഭരതൻ അങ്കിളൊക്കെ ജോലി ചെയ്യുന്നതു കാണാൻ നല്ല രസമായിരുന്നു. അദ്ദേഹം വരച്ച ചിത്രങ്ങളൊക്കെ മനോഹരമാണ്. ഹരിഹരൻ അങ്കിൾ ‘പെർഫെക്​ഷനിസ്റ്റാ’ണ്. അച്ഛനെഴുതിയത് വള്ളിപുള്ളി തിരുത്താൻ ഹരനങ്കിൾ സമ്മതിക്കില്ല.’’

അച്ഛന്റെ ഒരു കഥ അശ്വതി സിനിമയാക്കുകയാണല്ലോ. അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു

അശ്വതി: ‘‘ഒൻപതു കഥകളുടെ ആന്തോളജി സിനിമ വരികയാണ്. ഉടൻ റിലീസാകും. ‘വിൽപന’യെന്ന കഥ ഞാനാണ് സംവിധാനം ചെയ്തത്. സിനിമ ചെയ്യാൻ പോവുന്നുവെന്നത് അച്ഛന്റെയടുത്ത് പോയി പറയാൻ എനിക്ക് പേടിയാണ്. പ്രൊഡക്ഷൻ ടീമാണ് പോയി ചോദിച്ചത്. ‘അവൾക്കതു ചെയ്യാൻ പറ്റുമെന്ന് തോന്നുന്നെങ്കിൽ ചെയ്യട്ടെ’ എന്നാണ് അച്ഛൻ പറഞ്ഞത്. ’’

അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടോ?

സരസ്വതി: ‘‘ഹേയ്.. ഇല്ലില്ല.. (ചിരിക്കുന്നു)’’

അശ്വതി: ‘‘ഒരു സസ്പെൻസ് ഉണ്ട്. ഇപ്പോൾ പൂർത്തിയായ ആന്തോളജി സിനിമയിൽ ഒരു കഥയിൽ അമ്മ അഭിനയിച്ചിട്ടുണ്ട്. ഏതാണു കഥയെന്നതു സസ്പെൻസാണ്. സിനിമ പുറത്തിറങ്ങുമ്പോൾ കാണാം.’’ 

English Summary: MT vasudevan nair family speaks about him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com