'കൂടപ്പിറപ്പിനെ പോലെ ഒപ്പം നടന്നവന് എന്തിനത് ചെയ്തു? തകർന്നത് രണ്ടു കുടുംബങ്ങളാണ്...'

Mail This Article
വാതിലുകളും, ജനലുകളും അടച്ചു പൂട്ടിയിരുന്നെങ്കിലും അടുത്ത വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഗോപിക്ക് ശരിയായി കേൾക്കാൻ കഴിയുമായിരുന്നു. അയാളുടെ അകക്കണ്ണുകൾക്ക് അത് കാണാൻ കഴിയുമായിരുന്നു. ഇനിയെന്തൊക്കെയാണ് അവിടെ നടക്കുക എന്നയാൾ മനസ്സിൽ ഒരു രൂപരേഖ വരയ്ക്കാൻ ശ്രമിച്ചു. അപ്പോഴെല്ലാം കണ്ണുകൾ കലങ്ങി കണ്ണുനീർ അയാളിൽ നിന്ന് ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. അപ്പുറത്തെ വീടിനു മുമ്പിൽ ആദ്യം വന്നു നിന്നത് ഒരു പൊലീസ് ജീപ്പ് ആണെന്ന് അയാൾക്ക് മനസ്സിലായി, പിറകിൽ ആംബുലൻസുമുണ്ട്. സാമാന്യം മോശമല്ലാത്ത ഒരു ജനാവലി അവിടെയുണ്ടെന്ന് അവിടെ നിന്നുള്ള സംഭാഷണങ്ങളും, വിവിധ ശബ്‍ദങ്ങളും കൊണ്ട് മനസിലാക്കാം. മാറി നിൽക്കണം, പിറകിലോട്ട് മാറി നിൽക്കണം. ആ ശബ്‍ദം പൊലീസിന്റേതാകാനാണ് സാധ്യത. എല്ലാം തയാറായി ഇരിക്കുകയാണ്, മുറ്റത്തെ പന്തലിന് താഴെയുള്ള മേശമേൽ വെക്കാം. തീർച്ചയായും അത് വാർഡ് മെമ്പർ സുരേഷ് ആയിരിക്കണം. അത് മതി. അകത്തേക്ക് എടുക്കേണ്ട. എത്രയും വേഗം കാണാനുള്ളവർ കണ്ട് ചടങ്ങുകൾ എല്ലാം തീർത്ത് എല്ലാവരെയും പറഞ്ഞയക്കണം. ദിവസം മുഴുവൻ ഞങ്ങൾക്ക് ഇവിടെ കാവൽ നിൽക്കാൻ ആവില്ല.
വിവിധ സംഘടനകൾ റീത്തുകളുമായി വരുന്നതും തിരിച്ചുപോകുന്നതും അയാൾ മനസ്സിലാക്കി. ജനലുകൾക്കിടയിൽ ചെറിയ ഒരു പഴുതുണ്ടോ ഒന്ന് കാണാൻ. അല്ലെങ്കിൽ വേണ്ട. അയാൾ തിരിച്ചു കസേരയിൽ ഇരുന്നു കുറെ വെള്ളം കുടിച്ചു. തനിക്ക് ഒന്ന് കാണാൻ വിധിയില്ല. അപ്പുറത്ത് നിന്ന് ബാബുവിന്റെ ശബ്‌ദം കേൾക്കുന്നതേയില്ല. ഒരു പക്ഷേ ദുരന്തത്തിൽ അവൻ തകർന്നിരിക്കുകയാകും. ദുഃഖം സഹിക്കാനാവാതെ അവൻ തകർന്നു തരിപ്പണമായിരിക്കും. അല്ലെങ്കിൽ ഒന്ന് പൊട്ടിക്കരയാനാകാതെ മനസ്സ് കരിങ്കല്ലായി മാറിയിരിക്കും. എടുക്കാറായി, അമ്മയെ വിളിക്കൂ എന്ന് ആരോ പറയുന്നത് കേട്ടു, അതിന് പിറകെ ബീനയുടെ വലിയ കരച്ചിൽ ഉയർന്നു കേട്ടു. ആരൊക്കെയോ ബീനയെ ചേർത്ത് പിടിച്ചിട്ടുണ്ട്. എന്നെ വിടൂ, എന്റെ മോനെ അവസാനമായി ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്നവൾ ഉറക്കെ ആവശ്യപ്പെടുന്നുണ്ട്. ബീനയുടെ ശബ്ദം നേർത്തുനേർത്തു വന്നു. ആരാണ് ശേഷം കെട്ടുന്നത്, ആരോ ചോദിച്ചു. അച്ഛനോ? മകന് അച്ഛൻ കൊള്ളിവെക്കുകയോ? ആരോ പറയുന്നു. ബാബുവിന്റെ മറുപടി ഒന്നും കേട്ടില്ല. അവന്റെ മൗനത്തിൽ ഉത്തരങ്ങൾ എല്ലാം ഉണ്ട് എന്നവർക്ക് മനസ്സിലായിരിക്കണം.
പൂജകൾ നടക്കുന്നതും, തീ ആളിപ്പിടിക്കുന്നതും ഗോപി അകക്കണ്ണിൽ കണ്ടു. ആളുകൾ പിരിഞ്ഞുപോകുന്നത് ഗോപിയറിഞ്ഞു. ആരോ ചോദിക്കുന്നു. എങ്ങനെയാണ്, എന്താണ് സംഭവിച്ചത്. പല കഥകൾ കേൾക്കുന്നുണ്ട്. ദാ.. അപ്പുറത്തെ വീട്ടിലെ അവന്റെ മാമന്റെ മകനാണ് കുത്തിയത് എന്നാണ് പറയപ്പെടുന്നത്. ചേട്ടനനിയൻമ്മാരെപ്പോലെ ആയിരുന്നത്രേ. എന്താണ് കൃത്യമായി സംഭവിച്ചത് എന്നറിയില്ല. കുത്തിയ ആൾ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. തന്റെ മകൻ, അളിയന്റെ മകൻ എന്ന് ഒരിക്കലും താനും ബാബുവും ബീനയും തരം തിരിച്ചു കണ്ടിട്ടില്ലായിരുന്നു. തന്റെ ഭാര്യയായ മീന അകാലത്തിൽ മരിച്ചതിൽപ്പിന്നെ ബീന തന്നെയായിരുന്നു അവന്റെ അമ്മയും. തന്നെയും ബാബുവിനെയും രണ്ടുപേരും അപ്പാ എന്നുതന്നെയാണ് വിളിച്ചിരുന്നത്, തങ്ങൾക്കിടയിൽ ഒരു വേർതിരിവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല. കുട്ടികൾ വഴിതെറ്റിപ്പോകുന്നത് കാരണവന്മാർ അറിയില്ലല്ലോ.
കഴിഞ്ഞ ആഴ്ചയാണ് ബാബു രണ്ടുപേരോടും വലിയ ശബ്ദത്തിൽ കയർക്കുന്നത് കേട്ടത്. വലുതായി എന്ന് വെച്ച് നിങ്ങളുടെ പുതിയ കൂട്ടുകെട്ടുകൾ ഞങ്ങൾ അറിയില്ല എന്ന് തോന്നരുത്. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളും കച്ചവടങ്ങളും ഇന്നുതന്നെ അവസാനിപ്പിച്ചിരിക്കണം. എന്താണ് അളിയാ, എന്താണ് പറ്റിയത് എന്ന് ചോദിച്ചാണ് ഗോപി അങ്ങോട്ട് ചെന്നത്. സ്വർണ്ണപിടിയുള്ള ഒരു ചെറിയ കഠാര കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, ഇവന്റെ മുറിയിൽ നിന്ന് കിട്ടിയതാണ്. ചോദിച്ചപ്പോൾ പറയുന്നു, സ്വയം രക്ഷക്കാണെന്ന്. അത്തരം എന്ത് അരക്ഷിതാവസ്ഥയിലുള്ള കാര്യങ്ങളാണ് ഇവർ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അവർക്ക് ഉത്തരമില്ല. ഗോപി ഇവന്റെ മുറിയും നോക്കണം, അവിടെയും കാണും ചിലപ്പോൾ. ഗോപിയുടെ കണ്ണുകൾ ചുവന്നു. അയാൾ രണ്ടുപേരെയും പൊതിരെ തല്ലി. ഇതിനല്ലടാ ഞങ്ങൾ നിങ്ങളെ ചോരനീരാക്കി വളർത്തിയത്. ഞങ്ങളെക്കാൾ ഉയർന്ന നല്ല ജീവിതം നിങ്ങൾക്ക് കിട്ടാനാണ്. നിന്റെ അമ്മ മരിച്ചതിൽ പിന്നെ, നിന്നെയും അവൾ നന്നായി നോക്കിയത് ഞങ്ങൾക്ക് മരിക്കുമ്പോൾ കൊള്ളിവെക്കാൻ രണ്ടുപേരുണ്ടാകും എന്ന് കരുതിയാണ്. എന്നാൽ മക്കൾ രണ്ടുപേരും ഞങ്ങൾ പറയുന്നതൊന്നും കേൾക്കുന്നില്ലെന്ന് അവർക്ക് മനസ്സിലായി. അവർ മറ്റേതോ ലോകത്താണ്. ഒരുപക്ഷേ അവർ വലിച്ചുകയറ്റിയ മരുന്ന് ഇതുവരെ ഇറങ്ങിക്കാണില്ല. ഗോപിയും ബാബുവും അപ്പോൾത്തന്നെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി അറിയിച്ചു. രാത്രിയായില്ലേ നാളെ കാലത്ത് മക്കളുമായി വരൂ ഞങ്ങൾ ചോദിച്ചറിഞ്ഞു അന്വേഷിക്കാം എന്ന് പറഞ്ഞിരുന്നു.
അതിരാവിലെ നാലുമണിക്ക് വാതിലിൽ മുട്ടുന്നത് കേട്ടാണ് ഉണർന്നത്. വാതിൽ തുറന്നപ്പോൾ പൊലീസ്. നിങ്ങൾ ഇപ്പോൾത്തന്നെ ഇവിടെ നിന്ന് മാറണം, നിങ്ങളുടെ മകൻ ബാബുവിന്റെ മകനെ കുത്തി കൊലപ്പെടുത്തിയിരിക്കുന്നു. അത് കേട്ട് അയാൾ ഞെട്ടിത്തരിച്ചു. അയാളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. എന്റെ മകൻ, അവന്റെ മകൻ അങ്ങനെയില്ല സാറെ, രണ്ടും ഞങ്ങളുടെ മക്കളാണ്. സംഭവിക്കാനുള്ളത് സംഭവിച്ചു. നിങ്ങൾ ഇവിടെ നിന്ന് മാറി നിൽക്കണം. ഇല്ല, ഞാൻ ഇവിടെ നിന്ന് മാറില്ല. ഞങ്ങൾ അറിഞ്ഞല്ല ഇതൊന്നും നടന്നത്, അവർക്ക് എന്നെയറിയാം. മരണം എത്ര വലിയ മിത്രത്തെയും ശത്രുവാക്കും, അതിനാൽ നിങ്ങൾ മാറി നിൽക്കണം. ഞാൻ പോകില്ല. എവിടേക്കും, എനിക്ക് എന്ത് വേണമെങ്കിലും സംഭവിക്കട്ടെ. എങ്കിൽ വാതിലും ജനലുകളും ഗേറ്റും അടച്ചു ഇവിടെ മിണ്ടാതെയിരിക്കണം. രണ്ട് പൊലീസുകാർ ഇവിടെതന്നെയുണ്ടാകും. അറിയാത്ത കുറ്റത്തിന് താൻ തന്റെ വീട്ടിൽ തടവുകാരനായിരിക്കുന്നു. ജീവിതം അട്ടിമറിക്കപ്പെടാൻ ഒരു നിമിഷം മാത്രം മതി.
ഗോപി മകന്റെ മുറി തിരഞ്ഞു. അയാൾക്ക് അവിടെ നിന്നും തലേന്ന് അളിയന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പോലുള്ള ഒരു കഠാര മകന്റെ മുറിയിലും കണ്ടെത്താൻ കഴിഞ്ഞു. നേരം സന്ധ്യയോടടുത്തു. ആരോ വാതിലിൽ മുട്ടുന്നു. വാതിൽ തുറന്നു. പൊലീസുകാരാണ്. ഞങ്ങൾ പോകുന്നു. അപ്പുറത്ത് നിന്ന് പ്രകോപനങ്ങൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. എന്നാലും നിങ്ങൾ അങ്ങോട്ട് പോകരുത്. അയാൾ അവരോട് തലയാട്ടി. അവർ പോയിക്കഴിഞ്ഞപ്പോൾ അയാൾ അപ്പുറത്തെ വീട്ടിലേക്ക് നോക്കി. വരാന്തയിൽ ബാബു കസേരയിൽ ഇരിക്കുന്നത് അയാൾക്ക് കാണാം. ഒന്നാലോചിച്ചു അയാൾ അകത്തേക്ക് കയറി, പിന്നെ എന്തോ എടുത്തു ബാബുവിന്റെ വീട്ടിലേക്ക് നടന്നു. അവർ പരസ്പരം കണ്ടു. രണ്ടുപേരുടെയും മുഖത്ത് ഒരു വികാരവുമില്ലാത്ത മരിച്ച രണ്ടുപേരെപ്പോലെ ആയിരുന്നു അവർ. അപ്പോഴാണ് ബീന പുറത്തേക്ക് വന്നത്.
ആങ്ങള എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്, ഞങ്ങളെക്കൂടെ കൊല്ലാനാണോ? ബാബു ബീനയെ ഒന്ന് തറപ്പിച്ചു നോക്കി, എന്നിട്ട് അവരെനോക്കി പറഞ്ഞു, അകത്തുപോ. ബാബു പതുക്കെ എഴുന്നേറ്റ് ഗോപിയുടെ അടുത്തേക്ക് വന്നു. അയാളുടെ കൈപിടിച്ചു തെക്കേപ്പുറത്തേക്ക് നടന്നു. മകന്റെ കത്തിത്തീർന്ന ചിതക്ക് മുന്നിൽ നിന്ന് രണ്ടുപേരും ഒരുപാട് കരഞ്ഞു. കൊള്ളി വെക്കാൻ നിനക്ക് എന്നെക്കൂടി വിളിക്കാമായിരുന്നു, അവൻ എന്റെകൂടി മകനല്ലേ. ഗോപി ബാബുവിനോട് പറഞ്ഞു. ഞാനത് മറന്നതല്ല, പൊലീസ് അത് സമ്മതിക്കില്ലായിരുന്നു. കാരണങ്ങളോ കാരണക്കാരെയോ യഥാർഥ കുറ്റവാളികളെയോ നമുക്ക് തേടിപിടിക്കാൻ ഒരിക്കലും കഴിഞ്ഞെന്നു വരില്ല. എന്റെ മനസ്സ് പറയുന്നു, ഞാൻ തന്നെയാണ് കാരണക്കാരനെന്ന്. എല്ലാത്തിനും ഒരു പകരം വേണം ബാബു. അകത്തുള്ളവൻ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങാൻ ഒരുപാടു കാലമെടുക്കും. അതുവരെ നീ കാത്തു നിൽക്കേണ്ട. അരയിൽ നിന്ന് സ്വർണ്ണ നിറമുള്ള കഠാര എടുത്ത് ബാബുവിന്റെ കൈവശം കൊടുത്ത് ഗോപി പറഞ്ഞു. പകരക്കാരൻ നിന്റെ മുമ്പിലുണ്ട്, നിനക്കെന്റെ ജീവനെടുക്കാം.