'സ്നേഹവും സന്തോഷവും കരുണയും അനുകമ്പയും ഒന്നും പ്രദർശിപ്പിക്കാൻ അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ...'

Mail This Article
എനിക്ക് എന്നെ മാത്രമേ വെറുക്കാൻ കഴിയൂ. നിങ്ങൾക്ക് എന്നോട് ഇഷ്ടമില്ലേ എന്ന ഗ്ലാഡിസിന്റെ ചോദ്യത്തിന് അതായിരുന്നു അയാളുടെ ഉത്തരം. അതെന്റെ ചോദ്യത്തിന് ഉത്തരമല്ല, ഗ്ലാഡിസ് പറഞ്ഞു. എന്നെയൊഴികെ മറ്റാരെയും ഇഷ്ടപ്പെടാൻ എനിക്ക് കഴിയും. അയാൾ പറഞ്ഞു. വ്യക്തമായി പറയൂ, ഗ്ലാഡിസ് വീണ്ടും ചോദിച്ചു. ഇതിൽക്കൂടുതൽ വ്യക്തമാക്കാനാവില്ല. വേണമെങ്കിൽ വിശ്വസിക്കാം, അല്ലെങ്കിൽ അവിശ്വസിക്കാം. ആരും ഒന്നും എപ്പോഴും കൂടെ വേണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല. ആ കാലങ്ങളെല്ലാം എന്നേ ഞാൻ മറികടന്നു, അല്ലെങ്കിൽ അതിജീവിച്ചു. ഒരുപക്ഷെ തിരസ്കാരങ്ങളുടെ പൂരങ്ങളും വെടിക്കെട്ടുകളും ഒരുപാട് കാലം ആഘോഷിച്ചതുകൊണ്ടാകണം എനിക്കിപ്പോൾ ജീവിതത്തിൽ ചെറിയ പൊട്ടിത്തെറികളെല്ലാം വളരെ ശാന്തമായി ഉൾക്കൊള്ളാനാകുന്നത്. അതിന്റെ ഒരു ഗർവ്വ്, അല്ലെങ്കിൽ അഹങ്കാരവും എന്നെ നയിക്കുന്നുണ്ടാകാം.
ഗ്ലാഡിസിന് എന്നല്ല, ആർക്കും തന്നെ എന്നെ മനസ്സിലാകണമെന്നില്ല. മറ്റുള്ളവർ തന്നെ പൂർണ്ണമായും മനസ്സിലാക്കണമെന്ന് എന്തിനാണ് ജീവിതത്തിൽ നാം വാശിപിടിക്കുന്നതെന്ന് എനിക്കറിയില്ല. നിങ്ങൾ എന്നെ മനസ്സിലാക്കണം എന്ന തോന്നലിൽ നിന്നാണല്ലോ എല്ലാ വാഗ്വാദങ്ങളും തുടങ്ങുന്നത്. പിന്നെ അവനവനെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനുള്ള ത്വരയാണ് നമ്മിൽ വളർന്നു പന്തലിക്കുക. അതേ ത്വര മുന്നിലുള്ള വ്യക്തിയിലും ഉണ്ടാകും. പിന്നീട് അത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു യുദ്ധമായി മാറാൻ അധിക കാലമൊന്നും വേണ്ട.
ഗ്ലാഡിസിനെ എനിക്ക് ഇഷ്ടമാണ്, എന്നാൽ അത് പ്രദർശിപ്പിക്കാൻ എനിക്ക് അറിയണമെന്നില്ല. അല്ലെങ്കിൽത്തന്നെ സ്നേഹവും, സന്തോഷവും, കരുണയും, അനുകമ്പയും ഒന്നും പ്രദർശിപ്പിക്കാൻ അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ. അത് മുൻപേ തിരിച്ചറിഞ്ഞിരിക്കണം. എന്റെ മനസ്സിൽ നിങ്ങൾ ജ്വലിച്ചു നിൽക്കുന്നുണ്ടാകും, അത് മുഖത്തേക്ക് പകർത്താൻ എനിക്ക് അറിയില്ല. എന്റെ അറിവില്ലായ്മ ആകാം. അല്ലെങ്കിൽ ജീവിതം എന്നെ പരുക്കനാക്കിയിരിക്കാം.
തുടലിൽ കൊണ്ടുനടന്ന് നിങ്ങളോടു വിധേയത്വം കാണിച്ചു നടക്കുന്ന ഒരു ജീവിയല്ല ഞാൻ. വികാരവിക്ഷോഭങ്ങളിൽ ഞാൻ എന്നോട് മാത്രമേ കലഹിക്കാറുള്ളൂ. ചിലപ്പോൾ പ്രണയത്തിന്റെ പാരമ്യത്തിൽ ഞാൻ അത് ശക്തമായി നിങ്ങളിലേക്ക് ഒഴുക്കിയെന്നിരിക്കും, ഒരു ഭൂകമ്പം നടക്കുകയാണോ എന്ന് നിങ്ങൾ സംശയിച്ചുപോകും, ചിലപ്പോൾ അപ്പോഴാകും നിങ്ങൾ എന്നെ തിരിച്ചറിയുക. ഒരു അണക്കെട്ട് എന്റെയുള്ളിൽ ഉണ്ട്. അതിനൊരു സൂക്ഷിപ്പുകാരിയെ ഞാൻ തേടിനടക്കുന്നുമുണ്ട്. പക്ഷെ അവർ തിരിച്ചറിയേണ്ടത്, ഞാൻ നിറഞ്ഞുകവിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യമാണ്.
ചെറുതായി, ഒരു അരുവിയായൊന്നും ഞാനൊഴുകില്ല. ഞാൻ പോകുന്ന വഴി പിന്നെ മറ്റൊന്നും അവശേഷിക്കില്ല. എല്ലാം തച്ചുടക്കുന്ന ഭൂമിയുടെ ക്രോധം എന്തുകൊണ്ട് എന്നിൽ നിറഞ്ഞിരിക്കുന്നു എന്നറിയില്ല. ചിലപ്പോൾ എല്ലാ മനുഷ്യരും അങ്ങനെയാകാം. ചിലർ അവനവൻ തളച്ചിടുന്ന ചങ്ങലയുടെ ആരവങ്ങളിൽ അതിന്റെ ശക്തിയിൽ സ്വയം തടവിൽ കിടക്കും. മറ്റു ചിലർ തുടലുപൊട്ടിച്ചോടും.
ഗ്ലാഡിസിന്റെ തിരഞ്ഞെടുപ്പ് തെറ്റായിരുന്നെന്ന് ഇപ്പോൾ തോന്നുന്നില്ലേ? പൂർണ്ണമായും ഇല്ല, നിങ്ങളിലെ പല അംശങ്ങളും എന്നിലും പരിലസിക്കുന്നുണ്ട്. വലിയ തോതിലല്ല, ചെറിയ തോതിൽ. വഴക്കിടുമ്പോഴായാലും, വീട്ടിൽ അമ്മയോട് ഞാനെല്ലാം തുറന്നു പറയുമായിരുന്നു. അമ്മ എപ്പോഴും ഒരു കാത് എനിക്കായി ഒഴിച്ചിട്ടിരുന്നു. ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും, അമ്മ കേട്ടുകൊണ്ടേയിരിക്കും. പറഞ്ഞു കഴിയുമ്പോൾ അമ്മ പറയും, ഇനി നിനക്ക് ഉത്തരങ്ങളുടെ ആവശ്യമില്ല, നീ നിന്നെ സ്വാതന്ത്രയാക്കി കഴിഞ്ഞെന്ന്.
നിങ്ങൾ നിങ്ങളിലേക്ക് മാത്രമായി ചുരുങ്ങി തീരുന്ന ഒരു പ്രതിഭാസമാണ്. പുറംലോകത്തെ ഉൾക്കൊള്ളുമ്പോൾത്തന്നെ നിങ്ങളിലെ അഹംബോധം നിങ്ങളെ ചങ്ങലക്കിട്ടിരിക്കുകയാണ്. കലുഷിതമായ മുൻകാലജീവിതങ്ങളോ, അല്ലെങ്കിൽ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളോ ആകാം, നിങ്ങളെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തത്. ജീവിതത്തിൽ എല്ലാത്തിനും ഒരു വഴിയുണ്ട്. മുന്നിലേക്കുള്ള വഴികൾ ഇല്ലാതാക്കുന്നത് നമ്മൾതന്നെയാണ്. നിങ്ങൾ പൊരുതുന്നത്, നിങ്ങളോടു തന്നെയാണ്. എല്ലാവരോടും കലഹിക്കുമ്പോഴും നിങ്ങൾക്ക് എല്ലാവരെയും വേണം. ഭ്രാന്തമായ സ്നേഹവും പ്രണയവും ഹൃദയത്തിലും, സിരകളും, കൈത്തലങ്ങളിലും നിങ്ങൾ എപ്പോഴും കൊണ്ടുനടക്കുകയാണ്. ഒരു തഴുകലിൽ നിങ്ങൾ ഒരാളെ നിങ്ങളിലേക്ക് വലിച്ചടുപ്പിക്കും, ഒരാലിംഗനത്തിൽ നിങ്ങൾ ഒരാളെ നിങ്ങളിലേക്ക് ഉരുക്കി ചേർക്കും.
നിങ്ങൾ കരുതുന്നത് നിങ്ങൾ പൊട്ടിത്തെറിക്കാൻ വെമ്പുകയാണെന്നാണ്, സത്യത്തിൽ നിങ്ങൾ ആരിലെങ്കിലും അലിഞ്ഞുചേർന്നു ഇല്ലാതാകാനാണ് ശ്രമിക്കുന്നത്. നിങ്ങളിലെ എല്ലാ ജീവിതക്രൗര്യങ്ങളും തച്ചുടച്ചു ഹൃദയത്തിൽ ഒളിപ്പിക്കുന്ന ഒരാൾ. ഇതിൽക്കൂടുതൽ നിങ്ങളെ വിശദമായി വായിക്കാനാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. ഞാൻ എന്ന പുസ്തകം അടച്ചു ഗ്ലാഡിസ് ആ പുസ്തകം അവരുടെ നെഞ്ചോട് ചേർത്ത് വെച്ചു.