ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘ബാലൻ’ മിണ്ടിയും പറഞ്ഞും തുടങ്ങി 13 വർഷം കഴിഞ്ഞ് 1951 മാർച്ച് 15ന് ആണ് ‘ജീവിതനൗക’ മലയാളത്തിന്റെ വെള്ളിത്തിരയെ നയനമനോഹരമാക്കാൻ എത്തിയത്. എല്ലാവർക്കും കഥ മുൻകൂട്ടി അറിയാമായിരുന്ന സിനിമക്കാലത്തുനിന്ന് ‘ജീവിതനൗക’ യുടെ റീലുകൾ രണ്ടു മണിക്കൂർ 50 മിനിറ്റ് കറങ്ങിയപ്പോൾ തിരശീലയിൽ കഥയുടെ പുത്തൻ ചുരുളുകൾ നിവർന്നു. മുതുകുളം രാഘവൻപിള്ളയുടെ തൂലികയിൽനിന്ന് ആകസ്മികത ഇടതടവില്ലാതെ കഥയിലേക്കു കയറിവന്നതോടെ കൊട്ടകകളിലെ തറയിലും ബെഞ്ചിലും ചാരുകസേരയിലും ഇരുപ്പുറപ്പിച്ച് തിരശ്ശീലയിലേക്കു കണ്ണുംനട്ടിരുന്ന കാണികളുടെ രോമങ്ങൾ എഴുന്നു. 

 

കഥപറച്ചിലിലെ പുതിയ ഘടകമായ ആകാംക്ഷയെ പെരുപ്പിച്ചുകൊണ്ട് കെ.വേമ്പുവിന്റെ സംവിധാന മികവിൽ ‘ജീവിതനൗക’ ആഴ്ചകളും മാസങ്ങളും പിന്നിട്ട് നിറഞ്ഞു കളിച്ചതോടെ അതുവരെ 11 ചിത്രങ്ങൾ മാത്രം റിലീസ് ചെയ്ത മലയാള സിനിമയിൽ ആദ്യ ബ്ലോക്ക്ബസ്റ്റർ വിജയം പറന്നു. കുഞ്ചാക്കോയും തിരുവല്ലക്കാരൻ കെ.വി.കോശിയും ചേർന്ന് ആരംഭിച്ച കെ ആൻഡ് കെ പ്രൊഡക്‌ഷൻസ് 5 ലക്ഷം രൂപ മുടക്കി നിർമിച്ച ചിത്രം 30 ലക്ഷത്തിലധികം രൂപ കലക്‌ഷൻ നേടി റെക്കോർഡിട്ടു.

 

ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന ഉദയയുടെ ബാനറിൽ റിലീസ് ചെയ്ത ചിത്രം, തെക്കും വടക്കും ഇടയിലുമുള്ള കൊട്ടകകളിലെല്ലാം പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടി വാങ്ങി. തിരുവനന്തപുരത്തെ തിയറ്ററുകളിൽ തുടർച്ചയായി 284 ദിവസം പ്രദർശിപ്പിച്ചു. കോഴിക്കോട്ട് 175 ദിവസം പ്രദർശിപ്പിച്ച ചിത്രം എറണാകുളത്ത് 107 ദിവസം മുടക്കമില്ലാതെ ഓടി. കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിലും 100 ദിവസം പിന്നിട്ടു. രണ്ടണ ടിക്കറ്റെടുത്ത് മൂന്നും നാലും തവണ ‘ജീവിതനൗക’ കാണാൻ കയറിയവർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു.

 

തമിഴിൽ റീമേക്ക് ചെയ്ത സിനിമ തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കു മൊഴിമാറ്റിയെത്തി. ഹിന്ദിയിലേക്ക് ഡബ് ചെയ്ത ആദ്യ മലയാള ചിത്രവും ജീവിതനൗകയാണ്. സെല്ലുലോയ്ഡ് വിട്ട് നിത്യജീവിതത്തിലേക്ക് ‘ജീവിതനൗക’ ഇറങ്ങിവന്നതോടെ ഉത്സവപ്പറമ്പുകളിലും പെരുന്നാളിടങ്ങളിലും വർഷങ്ങളോളം ‘ജീവിതനൗക വളകൾ’ വിറ്റു. കല്യാണ ബ്ലൗസുകളുടെ കൈകളിൽ സിനിമയിലെ നായികയുടെ ബ്ലൗസുപോലെ പഫ്‌ വച്ചു തുന്നൽക്കാർ വീർപ്പിച്ചു. ജീവിതനൗകയിലെ നായികാനായകന്മാരായ ലക്ഷ്മിയെയും സോമനെയും പോലെ ജാതിയും മതവും പരിഗണിക്കാതെ യുവതീയുവാക്കൾ വിവാഹം കഴിച്ചു. ‘സോമനെ’ തിക്കുറിശ്ശി സുകുമാരൻ നായരും ‘ലക്ഷ്മിയെ’ വേഷം ബി.എസ്.സരോജയും അവതരിപ്പിച്ചു. ജീവിതനൗകയുടെ വിജയത്തോടെ തിക്കുറിശ്ശി മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാറായി.

 

ഐക്യകേരളം പിറക്കുന്നതിനും അഞ്ചാണ്ടു മുൻപ് നാടടച്ച് വിജയിച്ച ‘ജീവിതനൗക’ നിർമിക്കാൻ കെ ആൻഡ് കെ പ്രൊഡക്‌ഷൻസിന്റെ നടത്തിപ്പുകാരായ കുഞ്ചാക്കോയ്ക്കും കോശിക്കും ധൈര്യം നൽകിയത് ഉദയയുടെ ബാനറിൽ ഇരുവരും ചേർന്നു നിർമിച്ച് 1950 ജൂൺ 12ന് റിലീസ് ചെയ്ത ‘നല്ലതങ്ക’യുടെ വിജയമായിരുന്നു. ഒരുലക്ഷം രൂപ ചെലവിട്ടു നിർമിച്ച നല്ലതങ്കയുടെ രചനയും മുതുകുളത്തിന്റേതായിരുന്നു. പി.വി.കൃഷ്ണയ്യരായിരുന്നു സംവിധാനം. 

 

ജീവിതനൗകയിലേക്കു കടന്നതോടെ തിരക്കഥാകൃത്ത് ഒഴികെയുള്ള അണിയറപ്രവർത്തകരുടെ കാര്യത്തിൽ കെ ആൻഡ് കെ വലിയ അഴിച്ചുപണി നടത്തി. 1949ൽ പുറത്തിറങ്ങിയ ‘പിച്ചൈക്കാരി’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ കെ.വേമ്പുവിനു സംവിധാനച്ചുമതല നൽകി. ബാലസുബ്രഹ്മണ്യമായിരുന്നു ഛായാഗ്രാഹകൻ. മഹാകവി വള്ളത്തോളിന്റെ മഗ്ദലനമറിയം എന്ന കാവ്യത്തിലെ 14 വരികൾ ഉൾപ്പെടെ ആകെ 15 ഗാനങ്ങളുണ്ടായിരുന്ന ചിത്രത്തിൽ, മറ്റു ഗാനങ്ങളെല്ലാം രചിച്ചത് അഭയദേവായിരുന്നു. സംഗീതമൊരുക്കിയത് വി.ദക്ഷിണാമൂർത്തി. പി.ലീല, കവിയൂർ സി.കെ.രേവമ്മ, തൃച്ചി ലോകനാഥൻ എന്നിവരായിരുന്നു ഗായകർ. മെഹബൂബിനെ ഗായകനായി അവതരിപ്പിച്ചതും ജീവിതനൗകയിലൂടെയാണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com