കണ്ണുകെട്ടി കാലുകൊണ്ട് ഷാജി പാപ്പനെ വരച്ച് അനജ്

Mail This Article
ജോയ് താക്കോൽക്കാരൻ പറയുന്നതുപോലെ "നത്തിങ് ഈസ് ഇംപോസ്സിബിൾ"... വളരെ നാളായി തന്റെ പ്രിയതാരത്തിന്റെ ശബ്ദം കേൾക്കാൻ കൊതിച്ചിരുന്ന അനജിനെത്തേടി ജയസൂര്യയുടെ വിളിയെത്തി.
ചെറുപ്പം മുതൽ പെയിന്റിങ് പഠിക്കുന്ന അനജ് എന്ന പതിനേഴുകാരന്റെ സ്വപ്നമാണ് ജയസൂര്യയുടെ ഫോൺ വിളിയോടെ സാക്ഷാത്കരിച്ചത്. കൈകൊണ്ടു ചിത്രം വരച്ചിരുന്ന അനജ് ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ബോർ അടിച്ചിരുന്നപ്പോഴാണ് കാലുകൊണ്ട് വരച്ചാലോ എന്ന് ചിന്തിക്കുന്നത്. പിന്നെ അതിനായുള്ള കഠിന ശ്രമം. ഒടുവിൽ കാലുകൊണ്ട് മരപ്പൊടി ഉപയോഗിച്ച് തറയിൽ അനജ് ബിനീഷ് ബാസ്റ്റിനെ വരച്ചു. സുഹൃത്തുക്കൾ അത് ബിനീഷിന്റെ കൈയിൽ എത്തിച്ചു.
ബിനീഷ് അത് കൂട്ടുകാരുമായി പങ്കുവച്ചതോടെയാണ് അനജ് താരമാകുന്നത്. ജയസൂര്യയുടെ ചിത്രം കാലുകൊണ്ട് വരക്കുക എന്നുള്ളതായി അനജിന്റെ അടുത്ത ലക്‌ഷ്യം. അത് കണ്ണുകെട്ടി ആയാലോ എന്നാണ് അനജ് പിന്നെ ചിന്തിച്ചത്. സുഹൃത്തുക്കളുടെ പ്രചോദനം കൂടി ആയപ്പോൾ അനജ് തന്റെ പ്രയത്നം പൂർത്തീകരിക്കുകയായിരുന്നു. കണ്ണുകെട്ടി തറയിലിട്ട മരപ്പൊടിയിൽ അനജ് ഒരു ജയസൂര്യ കഥാപാത്രത്തെ പുനഃസൃഷ്ടിച്ചെടുത്തു.
പിന്നീട് അത് എങ്ങനെയെങ്കിലും തന്റെ പ്രിയതാരത്തിന് എത്തിച്ചു കൊടുക്കുക എന്നുള്ളതായി അടുത്ത ആഗ്രഹം. അനജ് വരക്കുന്നത് അനജിന്റെ സുഹൃത്തുക്കൾ വിഡിയോയിൽ പകർത്തി സാമൂഹ്യമാധ്യമത്തിൽ പങ്കുവയ്ച്ചു. ഈ വിഡിയോയാണ് ഷെയർ ചെയ്ത് ജയസൂര്യയുടെ കൈയിൽ എത്തുകയും അദ്ദേഹം അനജിനെ വിളിച്ച് പ്രശംസിക്കുകയും ചെയ്തത്. അനജിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച താരം ആശംസകളും നേർന്നു.
കണ്ണൂർ കണ്ണാടിപ്പറമ്പ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ അനജ് അമ്മയോടും സഹോദരനോടുമൊപ്പമാണ് താമസം. വിദ്യാഭ്യാസത്തിനോടൊപ്പം ചെറിയ കുട്ടികളെ ചിത്രരചന പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് അനജ്.