ADVERTISEMENT

പ്രണയത്തിലും വിഷാദത്തിലും ഉന്മാദിയാകുന്ന നടൻ. നീട്ടി വളർത്തിയ ഹിപ്പി സ്റ്റൈൽ മുടി. ഗോൾഡൻ ഫ്രെയിമുള്ള കണ്ണട. മദ്രാസിലെ പ്ലെയേഴ്സ് നാടകസംഘത്തിൽ നിന്ന് ഭരതൻ പ്രതാപ് പോത്തനെ നോട്ടമിടുമ്പോൾ അദ്ദേഹം അരങ്ങിൽ ബർണാഡ് ഷായുടെ നാടകത്തിലായിരുന്നു.നാടകത്തിൽ നിന്ന് സിനിമയുടെ ആരവങ്ങളിലേക്ക് ഭരതൻ പ്രതാപിനെ വിളിച്ചുകൊണ്ടുപോയത് 1978 ലാണ്. ആരവത്തിലെ കൊക്കരക്കോ പ്രതാപിന്റെ അരങ്ങേറ്റമായി.

 

555 ബ്രാൻഡ് സിഗരറ്റ് വലിച്ചും ഇംഗ്ലിഷ് ക്ലാസിക്കുകൾ വായിച്ചും നടന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കൈലിമുണ്ടും ബനിയനുമിട്ട് തകരയാകുന്നതാണ് പിന്നീടു കണ്ടത്.നെടുമുടിയുടെ ചെല്ലപ്പനാശാരിയുടെ പിന്നാലെ പലകയും ചുമന്ന് ആശാരിയുടെ കാതിലെ നീലക്കടുക്കൻ എന്നെങ്കിലും ഇടാമെന്നു സ്വപ്നം കണ്ടു നടക്കുന്ന തകര.‘ കുടയോളം ഭൂമി കുടത്തോളം കുളിര് ’ എന്ന പാട്ടിന്റെ കുളിരിൽ മുറുകിയ യൗവനവുമായി അരികിൽ സുരേഖ. 555 സിഗരറ്റിൽ നിന്ന് തെറുപ്പുബീഡിയിലേക്കുള്ള മാറ്റം പ്രതാപിന് അനായാസമായിരുന്നു.

madhavi-pratap
മാധവിയോടൊപ്പം (നവംബറിന്റെ നഷ്ടം)

 

ചെറുപ്പക്കാരിൽ പ്രണയലഹരിയുടെ ചാമരം വീശിയായിരുന്നു അടുത്ത വരവ്. അൽപ്പം ബുദ്ധിക്കുറവുള്ള തകരയായാലും ചാമരത്തിലെ ദുരന്തനായകൻ വിനോദായാലും അയാളെ എഴുപതുകളിലെ യുവത്വം നെഞ്ചേറ്റി.അപക്വ നായകന്റെ അടിമുടി നിഷ്കളങ്കത ആ തലമുറയ്ക്കു വല്ലാതെ ഇഷ്ടമായി. പ്രണയത്തെ അഗാധമാക്കിയ കണ്ണുകൾ....അവരെ പിന്തുടർന്നു.അൽഫോൻസ് പുത്രന്റെ പ്രേമത്തിലെ മലർമിസ്സിനെയും ജോർജിനെയും ചൂണ്ടിക്കാട്ടി പഴയ തലമുറ ചാമരത്തിലെ വിനോദിനെയും ഇന്ദുടീച്ചറെയും ഓർത്തെടുത്തു. ഓർമകളെ റീവൈൻഡ് ചെയ്യാൻ പ്രണയത്തിലും വലിയ ടൈം മെഷീനുണ്ടോ ?

 

pratap-pothen-radhika
പ്രതാപ് പോത്തനും രാധികയും

കമൽഹാസനും വേണു നാഗവള്ളിയും പ്രതാപ് പോത്തനും സ്‌ക്രീനിൽ ഒരേ ‘ജനുസിൽ’പ്പെട്ട കാമുകൻമാരായിരുന്നു.. പ്രണയരംഗങ്ങളിലെ അലസത അവരുടെ മുടിയിഴകൾ പോലെ പാറിപ്പറന്നു. കണ്ണട വച്ച കാമുകനെ ചിന്തിക്കാൻ കഴിയാതിരുന്ന കാലത്താണ് പ്രതാപ് പോത്തൻ അത് സ്വാഭാവികമാക്കിയത്.

 

pratap-pothen-kid
അച്ഛൻ കുളത്തുങ്കൽ പോത്തന്റെ മടിയിലിരിക്കുന്ന പ്രതാപ് പോത്തൻ. അമ്മ പൊന്നമ്മ സമീപം. (ഇടത്), തകരയിൽ പ്രതാപ് പോത്തൻ (വലത്)

നാലു ഭാഷകളിൽ നൂറിലേറെ സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു.10 മിനിറ്റിന്റെ സീനെടുക്കാൻ 10 മണിക്കൂർ സെറ്റിൽ കാത്തിരിക്കുന്ന താരങ്ങളാണു സിനിമയിൽ ഏറ്റവും കുറച്ച് ജോലി ചെയ്യുന്നതെന്ന് ആ ജോലിയോടുള്ള മുഷിപ്പ് വ്യക്തമാക്കി പ്രതാപ് തുറന്നടിച്ചു. നടന്റെ ബോറടിയിൽ നിന്ന് സംവിധായകന്റെ തിരക്കിലേക്ക് മാറാനായി പിന്നീട് ശ്രമം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങൾ സംവിധാനം ചെയ്‌തു.

pratap-rima
22 ഫീമെയ്‌ൽ കോട്ടയത്തിൽ റിമയ്‌ക്കൊപ്പം

 

പ്രതാപ് പോത്തന് എംടി തിരക്കഥ നൽകി .കമൽഹാസനും ശിവാജി ഗണേശനും മോഹൻലാലും ഡേറ്റ് നൽകി.ഭരതന്റെയും പത്മരാജന്റെയും ബാലുമഹേന്ദ്രയുടെയും കൂടെ ജോലി ചെയ്തു – ഇതൊക്കെപ്പോരെ ആഹ്ലാദിക്കാൻ എന്ന് സ്വയം ഓർമപ്പെടുത്തിയാണ് പ്രതാപ് സിനിമയിൽ തിരക്കില്ലായ്മയെ മറികടന്നത്. 1978 ൽ മലയാളത്തിൽ ആദ്യ ചിത്രമഭിനയിച്ച പ്രതാപ് പോത്തന് 36 വർഷത്തിനു ശേഷം 2014 ൽ ‘വൺസ് അപ് ഓൺ എ ടൈം ദേർ വാസ് എ കള്ളൻ ’ എന്ന ചിത്രത്തിനാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിക്കുന്നത്.

 

എന്നാൽ പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് ഏർപ്പെടുത്തിയ ആദ്യ വർഷം ലഭിച്ചതു പ്രതാപ് പോത്തനാണ് .1985 ൽ. ആദ്യഭാര്യ രാധികയെ നായികയാക്കി സംവിധാനം ചെയ്‌ത ‘മീണ്ടും ഒരു കാതൽകതൈ’ എന്ന ചിത്രത്തിന്.ഇംഗ്ലിഷിലായിരുന്നു തിരക്കഥ ആദ്യം എഴുതിയത്.പിന്നീടത് തമിഴിലേക്കു മാറ്റി. ഇംഗ്ലിഷ് സംസാരിക്കുന്ന ബുദ്ധിജീവി എന്ന പേരാണ് അവാർഡ്‌ കൊണ്ടു ലഭിച്ചതെന്ന് പ്രതാപ് പറയുമായിരുന്നു. തെലുങ്കിൽ വില്ലൻമാരുടെ ഇടികൊണ്ട് നേടിയ പണം കൊണ്ടാണ് കാതൽ കതൈ നിർമിച്ചത്. രാധിക പിന്നീട് പ്രതാപിന്റെ ജീവിത സഖിയായി.ക്ഷണികമായ ദാമ്പത്യം ഒരു വർഷത്തിനുള്ളിൽ പിരിഞ്ഞു. നടിമാരുടെ ദാമ്പത്യജീവിതത്തിന് സക്സസ് റേറ്റ് കുറവാണെന്ന് പറഞ്ഞത് പിന്നീട് വിവാദവുമായി.ദേശീയ അംഗീകാരം നേടിയ സംവിധായകന് എംടി നൽകിയ സമ്മാനമായിരുന്നു ‘ഋതുഭേദം’. പ്രതാപ് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ.

 

മലയാളത്തിൽ ഭരതനെപ്പോലെ തമിഴിൽ കെ.ബാലചന്ദറും ബാലുമഹേന്ദ്രയും പ്രതാപ് പോത്തന്റെ സവിശേഷതകളെ ഇഷ്ടപ്പെട്ടു.ശോഭയെ നായികയാക്കി ബാലുമഹേന്ദ്ര ചെയ്ത ‘മൂടുപനി ’ പ്രതാപിന് തമിഴിൽ പേരും പ്രശസ്തിയും നൽകി. മൂടുപനിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശോഭ ആത്മഹത്യ ചെയ്യുന്നത്. ബീച്ചിൽ പാട്ടുസീനെടുത്തു മടങ്ങിയ ശോഭ പിന്നെ തിരിച്ചുവന്നില്ല. ശോഭയുടെ‌ മരണത്തിന്റെ പേരിൽ ബാലുമഹേന്ദ്രയ്ക്കു നേരെ ആരോപണങ്ങളുയർന്നപ്പോൾ എന്റെ ബാലു അത്തരക്കാരനല്ല ബാലു ശോഭയെ അത്രമേൽ സ്നേഹിച്ചിരുന്നുവെന്ന നിലപാടുമായി പ്രതാപ് രംഗത്തെത്തി. എക്സെൻട്രിക് ’എന്നു വിളിച്ചവരെയും പ്രതാപ് പുഞ്ചിരിയോടെ സ്വീകരിച്ചു.ആ വിളിയും ആസ്വദിച്ചു. കെ.ബാലചന്ദറിന്റെ ‘ വരുമയിൻ നിറം സിഗപ്പ് ’ എന്ന ചിത്രത്തിൽ പെട്ടെന്ന് ദേഷ്യം വരുന്ന അരവട്ടനായ നായകന് എവിടെയൊക്കെയോ പ്രതാപിന്റെ ഛായയുണ്ടായിരുന്നു. ബാലചന്ദർ ആ കഥാപാത്രത്തിനും പ്രതാപ് എന്ന പേരും നൽകി.

 

1986 ൽ ‘ഒന്നു മുതൽ പൂജ്യം ’വരെയിൽ അഭിനയിച്ച പ്രതാപ് പോത്തൻ പിന്നീട് നല്ലൊരു വേഷം ചെയ്യുന്നത് 2005 ൽ തന്മാത്രയിലാണ്. 19 വർഷത്തെ ഇടവേളയിൽ വീണ്ടും പരസ്യമേഖലയിലെ ജോലിയിലേക്കു മടങ്ങി.  തുടർന്ന് മുംബൈയിലെ പ്രശസ്തമായ എംസിഎം  കമ്യൂണിക്കേഷൻസ്, സിസ്ടാസ് , ഹിന്ദുസ്ഥാൻ തോംപ്സൺ അഡ്വർടൈസിങ്  എന്നീ പരസ്യ കമ്പനികളിൽ ജോലി ചെയ്തു.  ആ സർഗബലത്തിൽ ഗ്രീൻ ആപ്പിൾ എന്ന പരസ്യക്കമ്പനി തുടങ്ങി. മലയാള മനോരമയുടെയും എംആർഎഫിന്റെയും   പരസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സച്ചിനും ലാറയും സ്റ്റീവ്‍വോയുമൊക്കെ എംആർഎഫ് പരസ്യങ്ങൾക്കായി അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിച്ചു. 2012 ൽ സംവിധായകൻ ആഷിക് അബുവും നിർമാതാവ് ഒ.ജി.സുനിലും ചേർന്ന് ‘ 22 ഫീമെയ്ൽ കോട്ടയം ’ എന്ന ചിത്രത്തിലേക്ക് വിളിക്കുമ്പോൾ ഓടി വന്ന് ഒരു ചിത്രം ചെയ്തു മടങ്ങാമെന്നാണ് പ്രതാപ് കരുതിയത്. മലയാളിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ നടനെ വീണ്ടെടുത്തു 22 എഫ്.കെയിലെ ഹെഗ്ഡെ.

 

ലാൽജോസിന്റെ ‘ അയാളും ഞാനും തമ്മിൽ ’ എന്ന സിനിമയിൽ ഡോ.സാമുവൽ വൈദ്യശാസ്ത്രത്തിലെ നീതിബോധത്തെക്കുറിച്ച് പൃഥ്വിരാജിന്റെ കഥാപാത്രമായ രവിതരകനു ക്ലാസെടുക്കുമ്പോൾ മലയാളവും ഇംഗ്ലിഷും മുറിഞ്ഞുമുറിഞ്ഞു വീഴുന്ന ആ ഡയലോഗിന്റെ കരുത്ത് വീണ്ടും നാം കണ്ടു. പ്രതാപ് പോത്തന് മലയാളത്തിലെ രണ്ടാം ഇന്നിങ്സായിരുന്നു അത്.

 

അറുപതുകൾ കഴിയുമ്പോഴാണ് പ്രതിഭയുടെ മഹാപ്രകാശം ജ്വലിക്കുന്നതെന്നു ഹോളിവുഡ് സംവിധായകൻ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ ചൂണ്ടിക്കാട്ടി പ്രതാപ് പറയുമായിരുന്നു.ആ ആത്മവിശ്വാസത്തിലാണ് ഒരു ചിത്രം കൂടി സംവിധാനം ചെയ്യാൻ തയാറെടുത്തത്. മാധവനെ നായകനാക്കിയും പിന്നീട് അഞ്ജലി മേനോന്റെ തിരക്കഥയിലും സിനിമ ചെയ്യുമെന്ന് അറിയിച്ചെങ്കിലും സഫലമായില്ല.അതിന്റെ പേരിൽ ചില കലഹങ്ങളുണ്ടായി.രാത്രിയിലിട്ട ഫെയ്സ്ബുക് പോസ്റ്റ് പകൽ മാച്ചും വീണ്ടും പുതുക്കിയും പ്രതാപ് എഴുത്തു തുടർന്നു.എന്റെ ഫെയ്സ്ബുക് പേജ് ഫാൻ പേജല്ല. ഇവിടെ എനിക്ക് പറയാനുള്ളതു മാത്രം എന്ന നിലപാടായിരുന്നു സൈബർ ലോകത്ത്.

 

70–ാം വയസ്സിൽ വിടവാങ്ങുമ്പോഴും പ്രതാപ് പോത്തൻ അപൂർണ നായകനായിരുന്നു. മരണത്തിനു തൊട്ടു മുൻപും ഫെയ്സ്ബുക് അപ്ഡേറ്റ് ചെയ്യാൻ അദ്ദേഹം മറന്നില്ല. ജീവിതത്തെയും മരണത്തെയും‌കുറിച്ച് ജീവസ്സുറ്റ വചനങ്ങളായി അതു ലോകത്തിനു നേരെ കണ്ണു തുറന്നിരിക്കുന്നു. ജോർജ് ഡെന്നിസ് പാട്രിക് കാർലിൻ എന്ന അമേരിക്കൻ കൊമീഡിയന്റെ വാക്കുകളിലെ മൂർച്ചയുള്ള നർമത്തിലാണ് ലാസ്റ്റ് പോസ്റ്റ് : ‘‘ കുറേശ്ശെ ഉമിനീർ ദീർഘകാലഘട്ടത്തിലൂടെ വിഴുങ്ങുന്നതിലൂടെയാണു മരണം സംഭവിക്കുന്നത് ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com