ചങ്ങനാശേരി ചന്തയിൽ പൂരത്തിന്റെ ജനം; ‘മോഹൻലാൽ എന്നെ നോക്കി ചിരിച്ചു’: സ്ഫടികം അറിയാക്കഥ
Mail This Article
ആടുതോമയും ചാക്കോമാഷും, തോമാച്ചായന്റെ മുണ്ട് പറിച്ചടിയുമെല്ലാമായി കാൽ നൂറ്റാണ്ടു മുൻപ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് സ്ഫടികം. 28 വർഷങ്ങൾക്കിപ്പുറം ആടുതോമ വീണ്ടും ബിഗ് സ്ക്രീനിലെത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് പുതുതായി വന്നിട്ടുള്ളതെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ജനഹൃദയങ്ങളിൽ ആടുതോമയും സ്ഫടികവും ഒളിമങ്ങാതെ നിലനിൽക്കാനുള്ള കാരണങ്ങൾ പറയുകയാണ് സംവിധായകൻ ഭദ്രൻ. മനോരമ ഓൺലൈനിന്റെ റീവൈൻഡ് റീൽസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 കാലഘട്ടത്തിൽ സ്ഫടികം ചിത്രീകരിച്ച പ്രധാന ലൊക്കേഷനുകളിലൊന്നായ ചങ്ങനാശേരി ചന്തയിലിരുന്നു സ്ഫടികത്തിന്റെ ഷൂട്ടിങ് ഓർമകൾ സംവിധായകൻ പങ്കുവയ്ക്കുന്നു.
‘‘ഇതൊരു ആടുതോമയുടെ മാത്രം കഥയല്ല മറുവശത്തൊരു ചാക്കോ മാഷുണ്ട്. ആ ചാക്കോ മാഷിന്റെ തിരിച്ചറിവിന്റെ കഥയാണ് സ്ഫടികം. മുണ്ടുപറിച്ചടി ഉൾപ്പടെയുള്ള രംഗങ്ങളെ ചൊല്ലി പ്രൊഡ്യൂസറെ വരെ മാറ്റേണ്ടി വന്നിരുന്നു. എങ്കിലും ആ രംഗങ്ങൾ ഒഴിവാക്കാൻ ഞാൻ തയാറയിരുന്നില്ല. മോഹൻലാലിനെപ്പോലൊരു താരത്തെ ഇത്രയും തിരക്കേറിയ ചന്തയിൽ കൊണ്ടു വന്ന് ഷൂട്ട് ചെയ്യുക എന്നത് വളരെ ശ്രമകരമായൊരു കാര്യമായിരുന്നു. അങ്ങനെ ഷൂട്ട് തുടങ്ങുന്ന ദിവസമെത്തി. ഇവിടെ വന്ന് ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. ചങ്ങനാശേരിയിലെയും പരിസരത്തെയുമെല്ലാം ആളുകൾ ചന്തയിലുണ്ടായിരുന്നു. ബോട്ട് ജെട്ടി വരെ ഫ്രീസ് ആയ അവസ്ഥ. ആ തിരക്കിനിടയിൽ ഷൂട്ട് ചെയ്യാൻ കഴിയുമെന്ന് കരുതിയതേ ഇല്ല. ഒന്നും സാധ്യമല്ലാത്തൊരു പശ്ചാത്തലം. മോഹൻലാൽ എന്റെ മുഖത്തുനോക്കി ഒന്നുചിരിച്ചു. എനിക്ക് അദ്ദേഹത്തോട് എന്തുപറയണമെന്നും അറിയില്ല.
അവസാനം രക്ഷകനായി വന്നത് അവിടെ എസ്ഐ ആയിരുന്ന നാരാണയൻപിള്ള സാറാണ്. അരമണിക്കൂറുകൊണ്ട് നമുക്ക് ഷൂട്ടിനാവശ്യമായ സ്ഥലത്തെ സകല ആളുകളെയും അദ്ദേഹം ഒഴിപ്പിച്ചു. അത്ര പേടിയായിരുന്നു അദ്ദേഹത്തെ. എന്നാൽ ആ രംഗങ്ങളുടെ ചിത്രീകരണം ഇന്നും മറക്കാൻ കഴിയില്ല. ഫൈറ്റ് സീനുകളെല്ലാം മോഹൻലാൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ തന്നെയാണ് ചെയ്തത്.’’–ഭദ്രൻ പറയുന്നു. വളരെ അപകടം നിറഞ്ഞ ലോറിയിലെ ബോംബ് പൊട്ടുന്ന സീനും ജീപ്പ് കായലിലേക്ക് ചാടിയ സീനുകളുടെയെല്ലാം പിന്നിലെ കഥകളും ഭദ്രൻ പറയുന്നു
സ്ഫടികം എന്ന ചിത്രത്തിനൊപ്പം പേരു ലഭിച്ച അഭിനേതാവായിരുന്നു സ്ഫടികം ജോര്‍ജ്. മോഹൻലാലുമായി ക്വാറിയിലെ ഫൈറ്റ് സീനിലുണ്ടായ അപകടത്തെക്കുറിച്ച് സ്ഫടികം ജോർജും ഓർമിക്കുന്നു. തമിഴ്നാട്ടിൽ വച്ചു ചിത്രീകരിച്ച ആ രംഗത്തിൽ ജീപ്പ് ഓടിച്ചത് മോഹൻലാലായിരുന്നു, ജീപ്പിനു മുൻപിലേക്കുള്ള ചാട്ടത്തിൽ എന്റെ കാലുകളിലൂടെ ടയർ കയറി ഇറങ്ങി. ചിത്രത്തിലെ വില്ലൻമാരായ കുറ്റിക്കാടനും തൊരപ്പൻ ബാസ്റ്റിനുമെല്ലാം സ്ഫടികത്തിന്റെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ, സ്ഫടികം കാലാതീതമായി നിലനിൽക്കാനുള്ള കാരണം പറയുകയാണ് സാക്ഷാൽ ആടുതോമ.
‘‘കാലം കയ്യൊപ്പിട്ട് മാറ്റിവയ്ക്കുന്ന ചില സിനിമകളുണ്ട്. വരും തലമുറകൾ ആവേശത്തോടെ അത് നെഞ്ചിലേറ്റും. ഒരു നിയോഗം പോലെ സംഭവിച്ചുപോകുന്നതാണ് അത്തരം സിനിമകൾ. കഥയും കഥാപാത്രങ്ങളും സ്ഥലവും സമയവും എല്ലാം ഒരു നിമിത്തംപോലെ അതിനുവേണ്ടി ഒത്തുചേരും. മലയാളത്തിൽ അത്തരത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. മലയാളത്തിന്റെ അഭിമാനമായ ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം.’’–മോഹൻലാൽ പറഞ്ഞു.