ഏഴാം ദിവസം 200 കോടി ക്ലബ്ബിൽ വാരിസ്; തെലുങ്കിൽ നിന്നും 20 കോടി
Mail This Article
ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ് വിജയ് ചിത്രം വാരിസ്. ചിത്രം റിലീസ് ചെയ്ത് ഏഴാം ദിവസം പിന്നിടുമ്പോൾ വാരിക്കൂട്ടിയത് 210 കോടിയാണ്. സിനിമയുടെ നിര്‍മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും സൂപ്പർഹിറ്റായി മുന്നേറുകയാണ്. 20 കോടിയാണ് തെലുങ്ക് പതിപ്പിന്റെ കലക്‌ഷൻ. ഈ വർഷം 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് വാരിസ്. ഹിന്ദി പതിപ്പിന്റെ അഞ്ച് ദിവസത്തെ കല്കഷൻ 5 കോടിയാണ്.
ഇന്ത്യയില്‍ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് ഏകദേശം നൂറ് കോടിയോളമാണ് ഈ ചിത്രം നേടിയത്. അതില്‍ 65 കോടിയോളം രൂപ തമിഴ്‌നാട് നിന്ന് മാത്രമാണ്. ആന്ധ്ര പ്രദേശ്, തെലുങ്കാന, കര്‍ണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 35 കോടിയോളമാണ് വാരിസ് നേടിയത്. ആദ്യ അഞ്ച് ദിവസത്തില്‍ വിദേശത്തുനിന്ന് ഈ ചിത്രം നേടിയത് ഏകദേശം അറുപത് കോടി രൂപയോളമാണ്. ഏതായാലും ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടമാണ് ഈ വിജയ് ചിത്രം കൊയ്‌തെടുക്കുന്നത്.
200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആറാമത്തെ വിജയ് ചിത്രമാണ് വാരിസ്. വിജയ്‌യുടെ കഴിഞ്ഞ ചിത്രങ്ങളായ ബിഗിൽ, മാസ്റ്റർ, ബീസ്റ്റ് എന്നീ സിനിമകളും 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. 13 വർഷങ്ങൾക്കു ശേഷം പ്രകാശ് രാജും വിജയ്‌യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്.
പ്രഭു, ജയസുധ, ശരത്കുമാർ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍. എഡിറ്റിങും നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം.