ADVERTISEMENT

ഷക്കീല എന്ന വാക്ക് ഒരു ബ്രാൻഡ്‌ ആക്കിയത് മലയാള സിനിമയാണെന്നും എന്നാൽ ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണെന്നും ഷക്കീല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസം ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘‘ഞാൻ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തു കഴിഞ്ഞു .ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് ആദായ നികുതി വകുപ്പിനെ ഭയമില്ല. എന്റെ  സമ്പാദ്യം ഞാൻ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല അങ്ങനെയുള്ള പ്രചാരണം തീർത്തും തെറ്റാണ്’’ –അവർ ചൂണ്ടിക്കാട്ടി. നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും അതു തുറന്നു പറയാന്‍ ചിലർക്ക് നാണക്കേടാണെന്നും ഷക്കീല പറഞ്ഞു. 

‘‘കിന്നാരത്തുമ്പി സിനിമയില്‍ അഞ്ചു ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ആ സിനിമ പക്ഷേ വലിയ ഹിറ്റായി. അതിനുശേഷം ‘കാതര’ സിനിമ വന്നു. അതിന് ഒരു ദിവസം എനിക്കു ലഭിച്ചത് പതിനായിരം രൂപയാണ്. അതിന് പത്തു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. 

shakeela-3

അന്നൊന്നും പൈസയുടെ വില എനിക്ക് അറിയില്ല. ഒരു സിനിമയുടെ ഷൂട്ട് ആലപ്പുഴയായിരുന്നു. എനിക്കു ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതുകൊണ്ട് ചെന്നൈയിൽ പോകണമെന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഞാൻ വെറുതെ ചോദിച്ചു, ഒരു ലക്ഷം നൽകാമോ? അവർ മറുത്തൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോൾത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നൽകി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം ഒരു ലക്ഷം രൂപയെന്നാണ് അവർ ഓർത്തിരുന്നത്. ഞാൻ ആ സിനിമയ്ക്ക് ആകെ ചോദിച്ച പൈസയായിരുന്നു ഒരു ലക്ഷം. മൂന്നു ദിവസം അഭിനയിച്ചതിന് എനിക്ക് കിട്ടിയത് മൂന്നു ലക്ഷം. അത്ര പൈസയൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല.

എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമായിരുന്നു 3 ലക്ഷം. അതിനു ശേഷം 3 മുതൽ നാല് ലക്ഷം വരെ പ്രതിഫലം വാങ്ങി. ഒരു ദിവസം രണ്ട് കോൾഷീറ്റിൽ വരെ അഭിനയിച്ചിട്ടുണ്ട്. 

shakeela-56

മലയാളത്തിൽ അഭിനയിക്കുമ്പോൾ അവർ പറയുന്നതൊന്നും എനിക്ക് മനസിലാകില്ല, പറയുന്ന ഡയലോഗ് എന്തെന്ന് അറിയില്ല. ഇപ്പോഴാണ് കുറച്ചൊക്കെ പഠിച്ചത്. ഒരു സംബന്ധവുമില്ലാത്ത സീൻ ചെയ്യാൻ പറയും, ഞാൻ ചെയ്യും. അവർ എന്നെ പറ്റിക്കുന്നുവെന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഇവരോടൊക്കെ ചെന്നൈയിൽ വരാൻ പറഞ്ഞു. അറുപത്തിയഞ്ചോളം ചെക്കുകൾ ബൗൺസ് ആയിട്ടുണ്ട്. അതിനുശേഷം ഞാൻ പണമായാണ് വാങ്ങിയിരുന്നത്.

എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു. എന്നാൽ ഞാൻ ഒരു അനാഥയല്ല. എന്നെ സ്നേഹിക്കാൻ ആയിരത്തിൽ കൂടുതൽ ട്രാൻസ് വ്യക്തികളുണ്ട് ഉണ്ട്. അവർക്ക് ഞാൻ അമ്മയാണ്, അമ്മമ്മയാണ്. ഒരു പാട് കുത്തുവാക്കുകൾ നേരിട്ടാണ് ഇവിടം വരെ എത്തിയത്. എന്റെ പിന്നിൽ നിന്നു പറയുന്നവരെ ഞാൻ കാര്യമാക്കാറില്ല. കാരണം എന്റെ മുന്നിൽ വന്നു പറയാൻ അവർക്ക് ധൈര്യമുണ്ടാവില്ല.’’–ഷക്കീല പറഞ്ഞു.

shakeela-4

സിനിമാ മേഖലയില്‍ ആരംഭിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതിപ്പെട്ടാല്‍ പിന്നെ അവസരം ലഭിക്കില്ലെന്നും ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ രീതികള്‍ നാട്ടിലും ഉണ്ടാകണമെന്നും ഷക്കീല പറഞ്ഞു

ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന്, അവസരം കിട്ടിയാൽ മലയാളം സിനിമയിൽ അഭിനയിക്കും  എന്നായിരുന്നു മറുപടി.

ഷക്കീല ആയിരങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് ഇവിടെ ഇപ്പോൾ നിറം മങ്ങാതെ നിൽക്കുന്ന ഈ ജനസാഗരം എന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു. 

English Summary:

Shakeela reveals her first salary was Rs 25000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com