കോടികളുടെ ആഡംബര വണ്ടികൾ; ‘വില്ലന്റെ’ സ്റ്റൈലിഷ് എൻട്രി; ‘മാർക്കോ’ പൂജ വിഡിയോ

Mail This Article
ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാർക്കോ’യുടെ പൂജ വിഡിയോ പുറത്ത്. ആഡംബര വണ്ടികളുടെ നീണ്ട നിരയോടെയാണ് പൂജ വിഡിയോ ആരംഭിക്കുന്നത്. കോടികളുടെ വണ്ടികൾ വരിവരിവായി അണിനിരക്കുമ്പോൾ പിന്നാലെ ‘വില്ലന്റെ’ സ്റ്റൈലിഷ് എൻട്രി. മൂന്നാറിലെ ദേവികുളത്ത് ആണ് ‘മാർക്കോ’ സിനിമയ്ക്കു തുടക്കമായത്. ലളിതമായ ചടങ്ങിൽ നിർമാതാവായ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന ഈ ആക്‌ഷൻ ചിത്രം നിർമിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ്. ക്യൂബ്സ് ഇന്റർനാഷനൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമാണവും വിതരണവും. അതേമസമയം സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് മാർക്കോ ഹിന്ദി ഡബ്ബിങ് വിറ്റു പോയതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 5 കോടിയും അൻപത് ശതമാനം തിയറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി സ്വന്തമാക്കിയത്.
കെജിഎഫ്, സലാർ തുടങ്ങിയ ബിഗ് ബജറ്റ് ആക്‌ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂർ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിർവഹിക്കുന്നത്. 8 ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് മൂന്നു പേരാണ്. കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു വില്ലന്റെ സ്പിൻ ഓഫുമായി എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മാർക്കോയ്ക്കുണ്ട്.
ടർബോ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിങ്, സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരെക്കൂടാതെ പുതുമുഖങ്ങളും മാർക്കോയിൽ അണിനിരക്കുന്നു. ബോളിവുഡ് താരമാകും നായികയെന്നാണ് സൂചന. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.
ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യും ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.