‘ഗോളം’ ത്രില്ലടിപ്പിക്കും; പ്രശംസിച്ച് താരങ്ങളും
Mail This Article
രഞ്ജിത്ത് സജീവ് നായകനായെത്തിയ ‘ഗോളം’ സിനിമയെ പ്രശംസിച്ച് താരങ്ങളും. മനോഹരമായി ക്രാഫ്റ്റ് ചെയ്‌ത സിനിമയാണ് ഗോളമെന്നും തിയറ്ററിൽ മിസ് ചെയ്യരുതെന്നും സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ പറ്റുന്ന ത്രില്ലറാണ് ഗോളമെന്നായിരുന്നു സംവിധായകൻ എം. പത്മകുമാർ അഭിപ്രായപ്പെട്ടത്.
എം. പത്മകുമാർ: കുറ്റാന്വേഷണം പ്രമേയമായിട്ടുള്ള സിനിമകളോട് പ്രേക്ഷകർക്ക് എന്നും ഒരു പ്രത്യേക മമതയുണ്ട്. പക്ഷേ രസച്ചരടു പൊട്ടാതെ, തിരശ്ശീലയിൽ നിന്നു കണ്ണെടുക്കാതെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഒരുപോലെ നയിക്കുക എന്ന ലക്ഷ്യം നേടുന്ന സിനിമകൾക്കേ അതുള്ളു. ഗോളം എന്ന സിനിമ ആ അംഗീകാരം നേടിയെടുത്തു എന്നതിന് എനിക്കുള്ള തെളിവ് തിങ്കളാഴ്ച രാത്രി എറണാകുളം വനിതയിൽ 10 മണിക്കുള്ള ഷോ 12.10ന് തീരുന്നതുവരെ ശ്വാസമടക്കിപ്പിടിച്ച് കണ്ട പ്രേക്ഷകർ തന്നെ.
മികച്ച തിരക്കഥയും മികച്ച അവതരണവും കൂട്ടിന് കൃത്യമായ പശ്ചാത്തല സംഗീതവും എഡിറ്റിങും പിന്നെ ഒട്ടും അതിഭാവുകത്വമില്ലാതെ രംഗത്തു വന്ന കുറെ നല്ല അഭിനേതാക്കളും (ആദ്യമായി ക്യാമറക്കു മുന്നിൽ നിൽക്കുന്നവർ പോലും നമ്മളെ അതിശയിപ്പിക്കും, മിതത്വമാർന്ന പ്രകടനം കൊണ്ട്) ഉണ്ടെങ്കിൽ ഒരു മികച്ച സിനിമയ്ക്ക് മറ്റൊന്നും വേണ്ട. ‘ഗോളം’ ഒരു മികച്ച സിനിമയാവുന്നതും അങ്ങനെയൊക്കെ തന്നെയാണ്. സംജാദ് എന്ന സംവിധായകന്റെ കയ്യടക്കം അത്ഭുതാവഹമാണ്. കാണുന്ന ഓരോ സിനിമയിൽ നിന്നും ഒരൽപമെങ്കിലും എന്തെങ്കിലും പഠിക്കാനുണ്ടാവുമെന്നു വിശ്വസിക്കുന്ന എനിക്ക് 'ഗോള'ത്തിനു വേണ്ടി ചിലവഴിച്ച രണ്ടു മണിക്കൂർ ഒരു മുതൽകൂട്ടായിരുന്നു എന്നു പറയാൻ കൂടിയാണ് ഈ കുറിപ്പ്. നന്ദി സംജാദ്.. ആൻ ആൻഡ് സജീവ്.
ജീത്തു ജോസഫ്: മനോഹരമായും ബുദ്ധിപരമായും ക്രാഫ്റ്റ് ചെയ്ത സിനിമ. ത്രില്ലടിപ്പിക്കുന്ന ചിത്രം നഷ്ടമാക്കരുത്. ചെറിയ പ്രശ്നങ്ങളെ മറന്നേക്കൂ. അവരുടെ പ്രയത്നത്തെ അഭിനന്ദിക്കാതെ വയ്യ.
സുഹാസിനി, സിബി മലയിൽ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.
മികച്ച തിയറ്റർ അനുഭവം നൽകുന്ന ത്രില്ലറെന്നാണ് 'ഗോള'ത്തെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്ത സിനിമയിൽ രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിക്കുന്നത്.