‘അത് വിട് പാർവതി, നമ്മളൊരു കുടുംബമല്ലേ’ എന്നായിരുന്നു മറുപടി: ‘അമ്മ’യിൽ നിന്നും പോകാൻ കാരണം വെളിപ്പെടുത്തി നടി

Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഘട്ടത്തിൽ തനിക്ക് ഉണ്ടായത് വിഷമം കലർന്ന സന്തോഷമാണെന്ന് നടി പാർവതി തിരുവോത്ത്. വയനാട് സാഹിത്യോത്സവത്തിൽ ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം.വെട്ടിക്കാടുമായി സംവദിക്കുകയായിരുന്നു അവർ. സ്ത്രീകൾ ‘ഫ്രഷ്’ ആയിരിക്കണമെന്ന കാഴ്ചപ്പാട് പുരുഷ മേധാവിത്വ സമൂഹത്തിന്റേതാണ്.
ആദ്യ 10 വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചു തീർക്കണമെന്നും വയസ്സ് കൂടുന്തോറും സ്ത്രീകൾക്ക് സിനിമയിൽ അവസരം കുറയുമെന്നുമാണ് സിനിമ മേഖലയിലേക്ക് കടന്നു വരുമ്പോൾ സ്ത്രീകൾക്ക് കിട്ടുന്ന ഉപദേശം. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെ ഉണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്ല്യുസിസിയും അവരുടെ കൂട്ടായ പ്രവർത്തനങ്ങളും. സിനിമയിൽ സ്ത്രീ കൂട്ടായ്മയ്ക്ക് സാധ്യത ഉണ്ടാകുമെന്ന് ഡബ്ല്യുസിസിക്ക് മുന്നേ കരുതിയിരുന്നില്ല. എന്നാൽ ആ അവസ്ഥ മാറിയെന്നും പാർവതി പറഞ്ഞു.
‘‘റിമയാണ് എന്നെ വിളിച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നു പറുന്നത്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കി. 16 പേര് അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടം പങ്കുവയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത്.’’–പാർവതിയുടെ വാക്കുകൾ.
അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. മുതിർന്ന പുരുഷ താരങ്ങളിൽ ചിലർക്ക് പ്രോസ്ട്രേറ്റ് പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയതെന്നും പാര്‍വതി വെളിപ്പെടുത്തി.
‘‘ഞാൻ താരങ്ങളുടെ സംഘടന അസോസിയേഷനിൽ ഉണ്ടായിരുന്ന സമയത്ത് ഓരോ തവണ പല പ്രശ്നങ്ങളും ഉന്നയിക്കുമ്പോൾ, ‘‘അത് വിട് പാർവതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം’’, എന്നായിരുന്നു മറുപടി. പഞ്ചായത്തിൽ പണ്ടൊക്കെ കണ്ടുവരുന്ന രീതിയിലുള്ള വോട്ടെടുപ്പ് ആണ് അവിടെ നടക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ഇതൊക്കെ പ്രഹസനമാണെന്നു നമുക്ക് മനസ്സിലാകും. അതോെടയാണ് എനിക്കും അവിടെ നിന്നും ഇറങ്ങാൻ തോന്നിയത്.’’–പാർവതി പറഞ്ഞു.