ADVERTISEMENT

അർജുൻ റെഡ്ഢിയിലെ നായികാ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സായി പല്ലവിയെയെന്ന് വെളിപ്പെടുത്തി സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക.  സായിപല്ലവിയെ കാസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ അവർ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്നും എന്തിന് സ്ലീവ്‌ലെസ് പോലും ധരിക്കില്ലെന്നുമുള്ള റിപ്പോർട്ട് കിട്ടിയതുകൊണ്ടാണ് മറ്റൊരാളെ തേടിപോയതെന്നും സന്ദീപ് റെഡ്ഢി പറയുന്നു. മലയാള സിനിമയായ പ്രേമം റിലീസ് ചെയ്തത് മുതൽ താൻ സായ് പല്ലവിയുടെ ആരാധകനായിരുന്നുവെന്നും സന്ദീപ് റെഡി വംഗ വെളിപ്പെടുത്തി. റിലീസിനൊരുങ്ങുന്ന സായ് പല്ലവി–നാഗ ചൈതന്യ ചിത്രം തണ്ടേലിന്റെ പ്രീ-റിലീസ് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് സായി പല്ലവിയെക്കുറിച്ച് രസകരമായ ഈ വെളിപ്പെടുത്തൽ സന്ദീപ് റെഡ്ഢി നടത്തിയത്.

‘പ്രേമം സിനിമ മുതലേ സായി പല്ലവിയുടെ അഭിനയം ഏറെ ഇഷ്ടമാണ്. അർജുൻ റെഡ്ഢി സിനിമയിൽ നായികയായി സായി പല്ലവിയാണ് ആദ്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അവരുടെ ഡേറ്റിനെകുറിച്ച് അന്വേഷിക്കാൻ കേരളത്തിലെ ഒരു കോർഡിനേറ്ററെ സമീപിച്ചു. അയാളല്ല കോഓർഡിനേറ്ററെന്ന് ഇപ്പോഴാണ് എനിക്കറിയാൻ കഴിഞ്ഞത്. എന്തായാലും സിനിമയുടെ കാര്യം അന്ന് അയാളോട് സംസാരിച്ചു. എന്റെ കയ്യിൽ ഒരു പ്രണയകഥയുണ്ട്, സായി പല്ലവിയെയാണ് നായികായി മനസ്സില്‍ കാണുന്നതെന്ന് പറഞ്ഞു. എന്തായിരിക്കും സിനിമയിലെ പ്രണയ ഭാഗങ്ങളെന്ന് അയാൾ തിരിച്ചു ചോദിച്ചു. ഇതുവരെ തെലുങ്ക് സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രണയമായിരിക്കുമെന്ന് ഞാനും മറുപടിയായി പറഞ്ഞു.

‘‘സർ അക്കാര്യമേ മറന്നേരെ, ആ പെൺകുട്ടി ഒരു സ്ലീവ്‌ലെസ് പോലും സിനിമയ്ക്കായി ധരിക്കില്ലെന്ന് അയാൾ തിരിച്ചു പറഞ്ഞു. സാധാരണ ഇങ്ങനെയുള്ള മറുപടികൾ കേൾക്കുമ്പോൾ ചിരിയാണ് വരിക. കാരണം കാലം കഴിയുന്തോറും പറ്റിയ അവസരം വരുമ്പോൾ നായികമാർ പല രീതിയില്‍ മാറുന്നതാണ് കണ്ടിട്ടുള്ളത്. ഞാൻ സായ് പല്ലവിയെ അഭിനന്ദിക്കുന്നു. കാരണം സായി പല്ലവി ഇതുവരെയും മാറിയിട്ടില്ല. പത്ത് വർഷത്തിനു മുമ്പെങ്ങനെയാണോ അതുപോലെ തന്നെയാണ് ഇവർ ഇപ്പോഴും നിൽക്കുന്നത്. കൂടാതെ സ്വന്തം കരിയറിൽ ഉടനീളം അവർ സ്വന്തം നിലവാരവും കലാപരമായ തിരഞ്ഞെടുപ്പുകളും ഭംഗിയായി നിലനിർത്തിയിട്ടുണ്ട്. ഇത്രയും ഉറച്ച തീരുമാനം ഒരു താരത്തിൽ കാണുന്നത് അപൂർവമാണ്,’ സന്ദീപ് റെഡ്ഢി പറഞ്ഞു

സംവിധായകന്റെ വാക്കുകള്‍ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. തുടർന്ന് സന്ദീപ് റെഡ്ഢിക്ക് മറുപടിയുമായി സായ് പല്ലവിയും എത്തി. ‘അർജുൻ റെഡ്‌ഢിയിൽ ശാലിനിയെ അവതരിപ്പിച്ച നടി മിടുക്കിയായിരുന്നു, അർജുൻ റെഡ്ഢിയായി വിജയ് ദേവരകൊണ്ടയും ഭംഗിയായി. ചില അഭിനേതാക്കൾ ചില വേഷങ്ങൾ ചെയ്യാൻ വിധിക്കപ്പെട്ടവരാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു, ആ ചിത്രത്തിൽ അഭിനയിച്ച അഭിനേതാക്കൾ എന്നേക്കാൾ ചിത്രത്തിന് അനുയോജ്യരായിരുന്നു. സന്ദീപ് റെഡ്ഢി വാങ്ക സവിശേഷമായ സിനിമാറ്റിക് ഭാഷയും രാജ്യമെമ്പാടും വലിയൊരു പിന്തുണയും ഉള്ള ഒരു ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരനാണ്‌.’ സായ് പല്ലവിയുടെ വാക്കുകൾ.

നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രമാണ് ‘തണ്ടേൽ'.  ചന്ദു മൊണ്ടേതി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

English Summary:

Was told Sai Pallavi will not even wear 'sleeveless': Sandeep Reddy Vanga praises actress

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com