ADVERTISEMENT

ഗുരുവായൂരിൽ ഗരുഡ പ്രതിഷ്ഠ നടത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. മരുന്നു വാങ്ങാൻ ആയിരം രൂപ കൊടുത്ത്, മാധ്യമങ്ങളെ ചുറ്റും കൂട്ടി ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ ഇട്ട് കയ്യടി നേടുന്ന മിടുക്ക് തനിക്കില്ലെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. ജീവിതത്തിൽ പാവപ്പെട്ടവനൊരു ചായ പോലും മേടിച്ചു കൊടുക്കാത്ത പാഴ്ജന്മങ്ങളാണ് ഇതുപോലുള്ള വിമർശനങ്ങളുമായി എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

‘‘ഈ മാസം ഒന്നാം തീയതിയായിരുന്നു ഗുരുവായൂരിൽ മഞ്ജുളാൽ സമർപണവും, ഗരുഡ പ്രതിഷ്ഠയും നടന്നത്. പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിൽ കൂടിയും വ്യാപകമായാണ് ഇതിന്റെ ചിത്രങ്ങളും വാർത്തയുമെല്ലാം പ്രചരിച്ചത്. ഗുരുവായൂരമ്പലത്തിനോട് ചേർന്ന് ഏവരും ശ്രദ്ധിക്കുന്ന ഒരു കാര്യമായതു കൊണ്ടായിരിക്കും ഇതിനിത്രയേറെ പ്രചാരണം ലഭിച്ചത്. ഈ വാർത്തകൾക്കു ചുവടെ വന്ന കുറേയേറെ കമന്റുകൾ സുഹൃത്തുക്കളെനിക്ക് അയച്ചു തന്നിരുന്നു. ചിലതെല്ലാം വായിച്ചതിൽ നിന്നും, ഏറെക്കുറെ പലതിന്‍റെയും സ്വഭാവം ഒന്നുതന്നെയാണെന്നു വ്യക്തമായി.

venu-kunnappilly-garudan-43

‘‘അതിന് ചെലവ് ചെയ്ത പണം കൊണ്ട് പാവപ്പെട്ടവർക്ക് വീട് വെച്ചുകൊടുത്തു കൂടെ ?, മരുന്നു വാങ്ങാൻ പണം കൊടുത്തു കൂടെ ?, കല്യാണം നടത്തി കൊടുത്തു കൂടെ?, ദൈവങ്ങൾക്ക് ഇതിന്റെ ആവശ്യമുണ്ടോ ?’’’  ഇതു പോലുള്ള ഒട്ടും വിചിത്രമല്ലാത്ത കമന്റുകളാണ് ഏറെയും. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ലെങ്കിലും, ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന്  തോന്നി.

ഒരു വ്യക്തി സമൂഹത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്, ചെയ്തിരിക്കുന്നത്, ചെയ്യാൻ പോകുന്നത് എന്നൊന്നും യാതൊരു നിശ്ചയമില്ലാതെ അവനെ പഴിക്കുന്നത് എന്തെടിസ്ഥാനത്തിലാണ്?  കഴിഞ്ഞുപോയ കാലത്ത്,  എത്ര പേരെ ഏതെല്ലാം രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് ഇവർക്ക് ആർക്കെങ്കിലുമറിയാമോ ? 

venu-kunnappilly-garudan

മരുന്നു വാങ്ങാൻ 1000 രൂപ കൊടുത്ത്, മീഡിയാക്കാരെ ചുറ്റും കൂട്ടി ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയിലിട്ട് കയ്യടി നേടുന്ന മിടുക്ക് എനിക്കില്ല...ഗതികേടുകൊണ്ട് ആരുടെയെങ്കിലും സഹായം മേടിക്കുന്നവനെ, ലോകത്തിന് മുന്നിൽ ചിത്രീകരിക്കുന്നത് അത്ര നല്ല കാര്യമായി  തോന്നിയിട്ടില്ല. എത്രയോ വർഷങ്ങളായി ഡയാലിസിസ് ചെയ്യാനും, വീട് വച്ചു കൊടുത്തും, കല്യാണം നടത്തിയും, ഹോസ്പിറ്റൽ ഓപ്പറേഷനും, ചികിത്സയ്ക്കും, പഠന ചെലവും തുടങ്ങി പലതുമായി ആളുകളെ സഹായിക്കുന്നു. ഒരടിമയുടേയും സർട്ടിഫിക്കറ്റിന് വേണ്ടിയല്ലയിത്.

venu-kunnampilly-guruvayoor-1

കോവിഡ് കാലത്ത് ഗൾഫിലകപ്പെട്ട കുറേയേറെ പാവപ്പെട്ടവരെ നാട്ടിലെത്തിച്ചതു മാത്രമായിരിക്കും ജനങ്ങളറിഞ്ഞ എന്റെയൊരു ചാരിറ്റി പ്രവർത്തനം. സോഷ്യൽ മീഡിയയിൽ വന്ന് കളിയാക്കി, ചീത്ത പറയുന്ന ഈ ദുരന്ത ജന്മങ്ങൾ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാമോ? ഇവരൊക്കെ ആർക്കെന്ത് സഹായമാണ് ചെയ്തിട്ടുള്ളതെന്ന്? എത്രപേർക്ക് വീട് വച്ചുകൊടുത്തിട്ടുണ്ടെന്ന്? ജീവിതത്തിൽ പാവപ്പെട്ടവനൊരു ചായ പോലും മേടിച്ചു കൊടുക്കാത്ത പാഴ്ജന്മങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്ന് ക്ലാസ്സെടുക്കുന്നത്. ജീവിതം എല്ലാവർക്കും ഒരേ പോലെയാണ്. കഠിനാധ്വാനം ചെയ്ത്, റിസ്ക്കുകൾ ഏറ്റെടുത്ത്, സമ്പത്തുണ്ടാക്കി പറ്റുന്ന രീതിയിൽ ചുറ്റുമുള്ളവരെ സഹായിച്ച് സന്തോഷത്തോടെ ജീവിക്കണമോ, അതോ രാവിലെ മുതൽ രാത്രി വരെ, സോഷ്യൽ മീഡിയയിൽ തപ്പി പോസിറ്റീവ് കാര്യങ്ങൾക്ക് നെഗറ്റീവ് കമന്റും, തെറിയും പറഞ്ഞ് ജീവിതം ഹോമിക്കണോ എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

രണ്ടുവർഷത്തോളമെടുത്ത ഇതിന്റെ നിർമാണ പ്രവർത്തിയിൽ, മുടക്കു മുതലിന്റെ പകുതിയും നൂറുകണക്കിന് ആളുകളുടെ ശമ്പളമായിട്ടാണ് കൊടുത്തിരിക്കുന്നത്. കൂടാതെ ഇതിനു ഉപയോഗിച്ച സാധനങ്ങൾ, അത് കൊണ്ടുവരാനും മറ്റുമുള്ള ജോലിക്കാർ തുടങ്ങി എത്രയോ ആളുകൾക്കാണ് വരുമാനമുണ്ടായത് ?ഇതൊന്നും ചിന്തിക്കാതെ ,ആ കാശു കൊണ്ട് വീട് വച്ചു കൊടുത്തു കൂടെ എന്നു പറയുന്നവരോട് എന്തു പറയാൻ?.’’–വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ.

English Summary:

Responding to criticism against him regarding the installation of the Garuda idol in Guruvayur, filmmaker Venu Kunnappilly stated that he doesn't have the cunning to garner applause by spending a thousand rupees on medicine, gathering media around him, taking photos, and posting them on social media.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com