6 വയസ്സുള്ള കുട്ടിയുടെ അമ്മ, ബിസിനസ്സുകാരി; ആമിറിന്റെ പുതിയ കാമുകി ഗൗരി സ്പ്രാറ്റ്

Mail This Article
അറുപതാം പിറന്നാളിൽ പുതിയ കാമുകിയെ പരിചയപ്പെടുത്തി സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. 18 മാസമായി ഇരുവരും ഒന്നിച്ചാണ് താമസമെന്ന വെളിപ്പെടുത്തലും വലിയ ചർച്ചയായി. ബോളിവുഡ് താരങ്ങളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന പാപ്പരാസി ക്യാമറകൾക്കും ഗോസിപ്പ് വാർത്തകൾക്കും പിടി കൊടുക്കാതെ എങ്ങനെയാണ് ആമിർ തന്റെ പ്രണയം രഹസ്യമായി സൂക്ഷിച്ചതെന്ന ചോദ്യവും ഉയർന്നു. ഒപ്പം ആരാണ് ആമിറിന്റെ ഹൃദയം കവർന്ന ഗൗരി സ്പ്രാറ്റ് എന്ന സുന്ദരിയെന്ന അന്വേഷണവും സജീവമായി.
ബെംഗളൂരു സ്വദേശിയാണ് ഗൗരി സ്പ്രാറ്റ്. അമ്മ തമിഴ്നാട്ടുകാരിയും അച്ഛൻ അയർലണ്ടുകാരനുമാണെങ്കിലും ദീർഘകാലമായി ഗൗരി ബെംഗളൂരുവിലാണ് താമസം. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കിയ ഗൗരി ബെംഗളൂരുവിലെ ബിബ്ലണ്ട് സലൂണിന്റെ ബിസിനസ് പങ്കാളി കൂടിയാണ്. ആറു വയസ്സുള്ള ഒരു മകനും ഗൗരിക്കുണ്ട്. ആമിറുമായി 25 വർഷം നീണ്ട സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്. ഇപ്പോൾ ആമിറിന്റെ പ്രൊഡക്‌ഷൻ ഹൗസിൽ താരത്തിനൊപ്പം പ്രവർത്തിക്കുന്നു.

ഗൗരിയുമായുള്ള കൂടിക്കാഴ്ചകൾക്ക് മുംബൈ ഒഴിവാക്കി ബെംഗളൂരു തിരഞ്ഞെടുത്തതുകൊണ്ടാണ് ഇത്രയും കാലം ഈ ബന്ധം രഹസ്യമാക്കി വയ്ക്കാൻ കഴിഞ്ഞതെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി. ‘നോക്കൂ... ഇത്രകാലം ഞാൻ നിങ്ങൾക്കു പിടി തരാതെ ഇരുന്നില്ലേ?’ എന്നായിരുന്നു തമാശരൂപത്തിൽ ഇക്കാര്യത്തെക്കുറിച്ച് ആമിർ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്. ഗൗരിയെ കുടുംബാംഗങ്ങൾക്കു നേരത്തെ പരിചയപ്പെടുത്തിയ താരം മുൻ പങ്കാളികളുമായുള്ള സൗഹൃദത്തെക്കുറിച്ചും വാചാലനായി. അറുപതാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട പ്രീ ബർത്ത്ഡേ പരിപാടിയിൽ വച്ചാണ് താരം തന്റെ സ്വകാര്യ ജീവിതത്തിലെ വലിയ സർപ്രൈസ് വെളിപ്പെടുത്തിയത്.
രണ്ടു തവണ വിവാഹിതനായ താരം അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനാകാൻ ഉദ്ദേശിക്കുന്നില്ലെന്നും തുറന്നു പറഞ്ഞു. ഗൗരിയുടെ ആറു വയസ്സുള്ള മകനൊപ്പമാണ് ഇരുവരും നിലവിൽ താമസിക്കുന്നത്. ആമിർ ഖാൻ സിനിമയ്ക്കു പുറത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്ന വാർത്ത ഒന്നരവർഷം മുൻപ് പ്രചരിച്ചിരുന്നു. എന്നാൽ, ആ വ്യക്തി ആരാണെന്നു മാത്രം വ്യക്തമായിരുന്നില്ല. സിനിമയുടെ വെള്ളിവെളിച്ചങ്ങൾക്കു പുറത്താണ് ഗൗരി എന്ന തന്റെ കൂട്ടുകാരിയെന്നും തന്റെ ദംഗൽ, ലഗാൻ എന്നീ ചിത്രങ്ങൾ മാത്രമെ അവർ കണ്ടിട്ടുള്ളൂ എന്നും താരം തുറന്നു പറഞ്ഞു.
ഗൗരിയെക്കുറിച്ച് ആമിർ മാധ്യമങ്ങളോടു സംസാരിച്ചെങ്കിലും ക്യാമറകൾക്ക് മുൻപിൽ അവർ പ്രത്യക്ഷപ്പെട്ടില്ല. ബോളിവുഡിന്റെ ഗ്ലാമർലോകത്തെ നേരിടാൻ ഗൗരിയെ മാനസികമായി ഒരുക്കുന്നതേയുള്ളൂവെന്നും അവരുടെ സമാധാനജീവിതം ഉറപ്പു വരുത്താൻ സ്വകാര്യ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആമിർ പറഞ്ഞു.
സിനിമാ നിർമാതാവായ റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986ലാണ് ഇവർ വിവാഹിതരാകുന്നത്. ഇറ, ജുനൈദ് എന്നിവർ റീനയുടെയും ആമിറിന്റെയും മക്കളാണ്. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2001ൽ ഇരുവരും വേർപിരിഞ്ഞു. 2005ൽ ആമിർ ഖാൻ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും വേർപിരിഞ്ഞു.