ഹോളി ആഘോഷങ്ങൾക്കിടയിലും മുഖം കൊടുക്കാതെ തമന്നയും വിജയ്യും; വിഡിയോ

Mail This Article
ഹോളി ആഘോഷങ്ങൾക്കിടയിലും പരസ്പരം മുഖം കൊടുക്കാതെ തമന്ന ഭാട്ടിയയും വിജയ് വർമയും. നടി രവീണ ടണ്ടൻ ആതിഥേയത്വം വഹിച്ച താരനിബിഡമായ ഹോളി ആഘോഷത്തിൽ ഇരുവരും പല സമയങ്ങളിലാണ് എത്തിയത്. ഇതോടെ ഇവർ പിരിഞ്ഞുവെന്ന കാര്യം ഉറപ്പിക്കുകയാണ് പ്രേക്ഷകരും. തമന്ന പോയ ശേഷമാണ് വിജയ് വർമ സ്ഥലത്തെത്തിയത്.
ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് ഇവർ പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിച്ചത്. പൊതുവിടങ്ങളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടല്‍ മുതല്‍ സംയുക്ത പ്രൊജക്ടുകള്‍ വരെ ഇരുവരും ചെയ്തിരുന്നു.

ലസ്റ്റ് സ്റ്റോറീസ് 2 വിന്‍റെ ചിത്രീകരണത്തിനിടയിലാണ് പ്രണയത്തിലായതെന്ന് തമന്ന ഒരു അഭിമുഖത്തില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വര്‍ഷം വിവാഹിതരാകുമെന്നും താരങ്ങള്‍ക്കായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. ഇരുവരും സ്വന്തം ജോലികളില്‍ വ്യാപൃതരാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.