‘ഹൃദയം’ ഓഡിയോ കസെറ്റുകള്‍ വിപണിയില്‍; അനലോഗിനെ പ്രണയിക്കുന്നവര്‍ക്കുള്ള സ്നേഹസമ്മാനമെന്ന് വിനീത്

Mail This Article
ഓഡിയോ കസെറ്റുകൾ പുറത്തിറങ്ങുന്ന ദിവസത്തിനായുള്ള കാത്തിരുപ്പ് ഒരു കാലഘട്ടത്തിന്റെ ഓർമയാണ്. ഏറെ സുഖമുള്ള, ഗൃഹാതുരത്വമുണർത്തുന്ന ഓർമ. കാലം മാറിയപ്പോൾ രീതികളും പതിവുകളും ശീലങ്ങളും മാറി. ഒറ്റ ക്ലിക്കിൽ പാട്ട് വിരൽത്തുമ്പിലെത്തിത്തുടങ്ങി. എന്നാൽ ഇപ്പോൾ ആ പഴയകാലം വീണ്ടും സംഗീതപ്രേമികൾക്കു സമ്മാനിക്കുകയാണ് വിനീത് ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ ‘ഹൃദയ’ത്തിലെ പാട്ടുകളെയാണ് കസെറ്റിലൂടെയും സിഡിയിലൂടെയും വിനീത് പ്രേക്ഷകർക്കരികിൽ എത്തിക്കുന്നത്.
വളരെ കുറച്ച് കസെറ്റുകളും സിഡികളും മാത്രമാണ് വിപണിയിലെത്തിക്കുക. ഇതു സംബന്ധിച്ച് വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട കുറിപ്പും വൈറലായിക്കഴിഞ്ഞു. ‘ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കസെറ്റ് പ്ലേ ചെയ്തു പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇത് ഇവർക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണ്’, വിനീത് കുറിച്ചു.
‘ഹൃദയ’ത്തിലെ പാട്ടുകളുടെ ഒഡിയോ കസെറ്റുകളും ഓഡിയോ സിഡികളും പുറത്തിറക്കുന്നതിനെക്കുറിച്ച് മോഹൻലാല്‍ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹൃദയം’. പതിനഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്ദുൽ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീതസംവിധായകൻ.