കാണാൻ കഴിയാതെ പോയ പുണ്യം; ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവത
Mail This Article
രാത്രി വൈകി സൈക്കിൾ ചവിട്ടി വരുമ്പോൾ റോഡരികിലെ വീടുകളിൽ നിന്നെല്ലാം കേട്ടിരുന്ന ശബ്ദമാണു ലതാജിയുടേത്. അന്നു ഹിന്ദി പാട്ടുകളാണു കൂടുതലും റേഡിയോയിൽ കേൾക്കുക. ആ ശബ്ദം ഞാനറിയാതെ മനസ്സിലേക്കു വരികയായിരുന്നു. കാണണമെന്നും പരിചയപ്പെടണമെന്നും മോഹിച്ചിട്ടും നടക്കാതെ പോയി.
എന്റെ മുംബൈ സൗഹൃദങ്ങൾ വളരുമ്പോഴേക്കും ലതാജി വിശ്രമ ജീവിതത്തിലേക്കു പോയിരുന്നു. ലതാജിയുമൊത്ത് ഒരുചടങ്ങിൽപ്പോലും എനിക്കു പങ്കെടുക്കാനായില്ല. സഹോദരി ആശ ഭോസ്‌ലെയുമായി ബന്ധമുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ ജൂറിപാനലിൽ അടുത്തകാലത്തുണ്ടായിരുന്നു.
ചില ജീവിതം ഒരിക്കൽ മാത്രമേ സംഭവിക്കൂ. ലതാജിയുടെ ജീവിതം ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവതയാണ്. അവർ ഈ ഭൂമിയിൽ ഉണ്ടായിരുന്ന സമയത്തു ജീവിക്കാനായതുതന്നെ പുണ്യം. പാട്ടുപാടാൻ മാത്രം ലതാജി ജീവിച്ചു.
നമ്മളൊക്കെ മരണംകൊണ്ട് ഇല്ലാതാകും. ലതാജി മരണത്തിലും മരിക്കാതെ നിൽക്കും. പാട്ടായി അവർ ജീവിച്ചുകൊണ്ടേയിരിക്കും. അത്യപൂർവമായൊരു ജന്മം!