ക്ലാസ്മുറിയിലെ വൈറൽ പാട്ടുകാരൻ; മിലൻ ഇനി സിനിമയിൽ പാടും! വാക്ക് കൊടുത്ത് പ്രജേഷ് സെൻ
Mail This Article
ക്ലാസ് മുറിയിൽ പാട്ട് പാടി വൈറൽ ആയ മിലന് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് സംവിധായകൻ പ്രജേഷ് സെൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ള’ത്തിലെ ‘ആകാശമായവളേ’ എന്ന ഗാനം പാടി എട്ടാം ക്ലാസുകാരൻ മിലൻ വൈറൽ ആയത്. കൊച്ചുഗായകന്റെ പാട്ട് പങ്കിട്ട് പ്രജേഷ് സെൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.
‘ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വിഡിയോ പലതും കാണാറുണ്ട്. അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛന്റെ... എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്. കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽപരം സന്തോഷമെന്താണ്.
നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ മാറിയിരുന്നു. സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതെയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകൾ’.
കൊടകര മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർഥിയാണ് മിലൻ. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞുള്ള അവസാന അഞ്ച് മിനിറ്റിൽ ആരെങ്കിലും പാട്ട് പാടാമോ എന്ന് അധ്യാപകൻ പ്രവീൺ എം കുമാർ ചോദിച്ചതോടെയാണ് സഹപാഠികൾക്കു മുന്നിൽ വച്ച് മിലൻ പാടിയത്. പ്രവീൺ തന്നെയാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ മണിക്കൂറുകൾകൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ നേടി. ഇതോടെ ‘ആകാശമായവളേ’ സിനിമയിൽ പാടിയ ഷഹബാസ് അമനും ഈണമൊരുക്കിയ ബിജിബാലും ഉൾപ്പെടെ നിരവധി പേർ മിലനെ പ്രശംസിച്ചു രംഗത്തെത്തി.