അച്ഛന്റെ പാട്ടുകൾ ഞങ്ങളെ കരയിപ്പിച്ചുകൊണ്ടേയിരിക്കുന്നു, ഞാനും അമ്മയും അത് കേൾക്കാറില്ല: കെകെയുടെ മകൾ
Mail This Article
ഗായകൻ കെകെയുടെ മരണശേഷം അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാനേ സാധിച്ചില്ലെന്നു തുറന്നു പറഞ്ഞ് മകൾ താമര. താനും അമ്മ ജ്യോതി കൃഷ്ണയും ഇപ്പോൾ അച്ഛന്റെ പാട്ടുകൾ കേൾക്കാറില്ലെന്നും കേട്ടാൽ കരച്ചിലടക്കാനാകില്ലെന്നും താമര പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെകെയെക്കുറിച്ച് മകൾ മനസ്സു തുറന്നത്.
‘അച്ഛൻ മരിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച, അമ്മയ്ക്കും എനിക്കും അച്ഛന്റെ പാട്ടുകൾ കേൾക്കാനേ കഴിഞ്ഞില്ല. അത് ഞങ്ങളെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു. ആ പാട്ടുകൾ ഞങ്ങളെ കരയിപ്പിച്ചുകൊണ്ടേയിരുന്നു. പാട്ടിന്റെ വരികളിലൂടെ അച്ഛന്‍ ഞങ്ങളോടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു. അനുജൻ നകുൽ എപ്പോഴും അച്ഛന്റെ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കുമായിരുന്നു. അത് കേട്ട് ഞങ്ങൾക്കിപ്പോൾ ശീലമായി. ഇപ്പോൾ ഞാൻ പാടുമ്പോൾ അച്ഛനുമായി ആശയവിനിമയം നടത്തുകയാണെന്ന തോന്നലാണ് മനസ്സിൽ’, താമര പറഞ്ഞു.
ഈ വർഷം മേയിൽ ആണ് ഗായകൻ കെകെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചത്. കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങിയ ഗായകൻ തൊട്ടുപിന്നാലെ മരണത്തിലേയ്ക്കു മറയുകയായിരുന്നു. വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ ലോകത്തിനു നല്‍കിയാണ് 53ാം വയസ്സിൽ കെകെ വിടവാങ്ങിയത്. കെകെയുടെ അപ്രതീക്ഷിത വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ആരാധകവൃന്ദത്തിന്.