മൺമറഞ്ഞ ഗുരുക്കൻമാർക്ക് സംഗീതാർച്ചനയുമായി ജോബ് കുര്യന്റെ "ഭാവം"
Mail This Article
മൺമറഞ്ഞ ഗുരുതുല്യർക്കു സംഗീതാർച്ചനയുമായി ജോബ് കുര്യന്റെ പുതിയ സംഗീത ആൽബമായ ‘ഭാവം’. ‘‘കാലയവനികയിൽ മറഞ്ഞുപോയ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്കും ഗുരുസ്ഥാനീയർക്കും വിനീതമായ പ്രണാമം’’ എന്നാണ് ആൽബത്തിന്റെ റിലീസിനൊപ്പം ജോബ് കുര്യൻ കുറിച്ചത്. അന്തരിച്ച സംഗീതജ്ഞരായ കാവാലം നാരായണപ്പണിക്കർ, സുരേന്ദ്രൻ, നടനും സംഗീതോപാസകനുമായ നെടുമുടി വേണു എന്നിവർക്കാണ് ജോബ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്. ‘‘ഗുരുക്കന്മാരുടെ ഉപദേശവും അനുഗ്രഹവും എന്നും എന്നോടൊപ്പം ഉണ്ടെന്ന വിശ്വാസത്തിൽ "ഭാവം" എന്ന എന്റെ എളിയ കലാസൃഷ്ടി അവരുടെ കാൽപാദങ്ങളിൽ സമർപ്പിക്കുന്നു’’ എന്ന് ജോബ് കുറിച്ചു.
‘‘എന്നിൽ ആത്മാഭിമാനം മുള പൊട്ടുമ്പോഴെല്ലാം ഈ ലോകത്തുനിന്ന് എന്നെ വിട്ടുപോയ എന്റെ ഗുരുക്കന്മാരുടെ (സുരേന്ദ്രൻ സാർ, നെടുമുടി വേണു അമ്മാവൻ, കാവാലം നാരായണപ്പണിക്കർ സാർ) ആത്മസാക്ഷാത്കാരത്തിന്റെ ചിന്തകൾ തുറക്കുന്ന മാലാഖ സ്വരങ്ങൾ കേൾക്കുന്നതുപോലെ തോന്നാറുണ്ട്. വിനയാന്വിതരായി നിലകൊള്ളാനും ആത്യന്തിക ശക്തിയായ പ്രകൃതിയെ കൂടുതൽ അറിയാനും സഹവർത്തിത്വം പുലർത്താനും നമുക്കിടയിലെ കഴിവുറ്റവരും മഹാന്മാരുമായ ആളുകളെ ആദരിക്കാനും സഹജീവികളെ അഭിനന്ദിക്കാനും അംഗീകരിക്കാനും അങ്ങനെ സാവധാനം നിസ്വാർഥതയുടെ ശാശ്വത ദർശനത്തിലേക്ക് ആ ഓർമകൾ എന്നെ വലിച്ചടുപ്പിക്കുന്നു. ഈ വികാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് "ഭാവം" ഉണ്ടായത്. മുന്നിലുള്ളത് ഒരു നീണ്ട പാതയാണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ എന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഈ ഗാനം നിങ്ങൾക്കെല്ലാവർക്കും ആസ്വാദ്യകരവും ചിന്തനീയവുമായ ഒരു അനുഭവമായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.’’ ജോബ് കുര്യൻ കുറിച്ചു.
ജോബ് കുര്യൻ ഈണം പകർന്ന് ആലപിച്ച ഭാവത്തിന് വരികളെഴുതിയത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ്. റോണി ജോർജും ജോബ് കുര്യനും അറേഞ്ച് ചെയ്ത ഗാനം മിക്സിങ് മാസ്റ്ററിങ് ചെയ്തിരിക്കുന്നത് റെക്സ് വിജയനാണ്. ജോബ് കുര്യൻ തന്നെ അഭിനയിച്ച ഭാവം സംഗീത ആൽബത്തിന്റെ ദൃശ്യാവിഷ്‌കാരം ചെയ്തതും ജോബ് തന്നെയാണ്. ക്യാമറയും എഡിറ്റിങ്ങും അഖിൽ പി.എസ്. നിർവഹിച്ചിരിക്കുന്നു. ജോബ് കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ സംഗീത ആൽബം ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.