‘ആരെക്കുറിച്ചും മോശം പറയില്ല, അടുപ്പമുള്ളത് കുടുംബത്തോടു മാത്രം; ശ്രദ്ധ ഒരേയൊരു കാര്യത്തിൽ’; റഹ്‌മാനെക്കുറിച്ച് സോനു നിഗം

Mail This Article
സംഗീത സംവിധായകന്‍ എ.ആര്‍.റഹ്‌മാന്റെ സ്വഭാവരീതിയെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ സോനു നിഗം. റഹ്മാൻ അധികമാരോടും സൗഹൃദം പുലർത്താറില്ലെന്നും എപ്പോഴും തന്റെ ജോലിയിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂവെന്നും സോനു നിഗം വെളിപ്പെടുത്തി. അടുത്തിടെ ‘O2 ഇന്ത്യ’ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് റഹ്‌മാനെക്കുറിച്ച് സോനു നിഗം വാചാലനായത്.
‘റഹ്മാന് അധികം ബന്ധങ്ങളൊന്നുമില്ല. അദ്ദേഹം ആരുമായും തുറന്നു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല. സൗഹൃദങ്ങൾ തീരെ സൂക്ഷിക്കാത്തയാൾ. ചിലപ്പോള്‍ അദ്ദേഹത്തെ ദിലീപ് ആയി അറിയാവുന്ന പഴയ സുഹൃത്തുക്കളോടു തുറന്നു സംസാരിക്കുമായിരിക്കും. അല്ലാത്തപക്ഷം റഹ്മാൻ എല്ലാവരോടും ഒരു അകലം പാലിക്കുന്നു. ജോലിയിൽ മാത്രമാണ് എപ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ. റഹ്‌മാന്‍ ഒരു തികഞ്ഞ പ്രഫഷനൽ ആണ്. വ്യക്തിപരമായ ബന്ധങ്ങള്‍ ഒരിക്കലും തന്റെ ജോലിയുടെ വഴിയില്‍ വരാന്‍ അദ്ദേഹം അനുവദിക്കാറില്ല.
റഹ്‌മാന്‍ ആരെക്കുറിച്ചും മോശമായി സംസാരിക്കാറില്ല. തന്റെ ജോലിയിലും പ്രാര്‍ഥനകളിലും മാത്രമാണ് ശ്രദ്ധ. എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നിരിക്കുന്നയാളാണ് അദ്ദേഹം. സ്വന്തം കുടുംബത്തോട് അടുപ്പം ഉണ്ടായിരിക്കണം, പക്ഷേ മറ്റുള്ളവരോട് അദ്ദേഹം വളരെ സൗഹൃദപരമായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. ആരെയും താനുമായി അടുക്കാന്‍ അദ്ദേഹം അനുവദിക്കില്ല. എന്നെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തിന് ഒന്നും അറിയണമെന്നില്ല. അതുപോലെ തന്നെക്കുറിച്ചും ആരും ഒന്നും അറിയാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് റഹ്മാന്റേത്. ആരോടും മോശമായി പെരുമാറില്ല, ആരുടെയും ഹൃദയത്തെ വേദനിപ്പിക്കില്ല, ആരെക്കുറിച്ചും മോശം പറയില്ല. അതില്‍ നിന്നെല്ലാം അദ്ദേഹം അകന്നു നില്‍ക്കും’, സോനു നിഗം പറഞ്ഞു.