ബിജിഎം പ്രശംസിക്കപ്പെടുന്നത് സിനിമ മികച്ചതായതുകൊണ്ട്, എല്ലാ ക്രെഡിറ്റും പൃഥ്വിക്ക്: ദീപക് ദേവ്

Mail This Article
എമ്പുരാൻ കണ്ടിറങ്ങി ആവേശത്തോടെ പ്രതികരിച്ച് സംഗീതസംവിധായകൻ ദീപക് ദേവ്. എല്ലാവരും ചെയ്യുന്നതുപോലെയുള്ള ബിജിഎം അല്ല എമ്പുരാനു വേണ്ടി ഒരുക്കിയതെന്നും നാല് മാസത്തോളം സമയമെടുത്താണ് ബിജിഎം സൃഷ്ടിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമ നല്ലതായതുകൊണ്ടാണ് ബിജിഎമ്മും പ്രശംസിക്കപ്പെടുന്നതെന്നും എല്ലാ ക്രെഡിറ്റും സംവിധായകനു കൊടുക്കുകയാണെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
‘സാധാരണ കമേഴ്സ്യൽ ചിത്രങ്ങളിൽ വരുന്ന ബിജിഎം എമ്പുരാനു വേണ്ട എന്ന് തുടക്കത്തിൽ തന്നെ സംവിധായകൻ പറഞ്ഞിരുന്നു. ഇതേ സന്ദർഭത്തിൽ വേറെ പല മ്യൂസിക്കും ആളുകൾ പ്രതീക്ഷിക്കുമെന്നും അതല്ലാത്ത ഒരു മ്യൂസിക് ആണ് വേണ്ടതെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ പലയിടത്തും പിടിച്ചു പിടിച്ചാണ് ചെയ്തത്. അതിന്റെ വ്യത്യാസം ഇന്നിപ്പോൾ തിയറ്ററിൽ കണ്ടപ്പോൾ മനസ്സിലായി. ഏകദേശം 4 മാസം എടുത്താണ് പശ്ചാത്തലസംഗീതം ഒരുക്കിയത്. പക്ഷേ പടം ഷൂട്ട് കഴിഞ്ഞ് കിട്ടുന്നതനുസരിച്ച് എട്ടുമാസത്തോളമായി പല ബിജിഎമ്മുകളും ചിന്തിച്ചു കൊണ്ടാണിരുന്നത്. സിനിമ നല്ലതാവുന്നതുകൊണ്ടാണ് ബിജിഎമ്മുകളും നന്നാവുന്നത്. അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനു തന്നെ. നല്ല ബിജിഎം ചെയ്യാൻ പറ്റിയ കഥയും അതിനു പറ്റിയ വിഷ്വൽസും തന്നത് സംവിധായകനാണ്. എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം തന്നു. അതിന് എന്റെ അടുത്ത സുഹൃത്ത് കൂടിയായ പൃഥ്വിയോട് നന്ദി പറയുകയാണ്.
കവിത തിയറ്ററിൽ ഇതുവരെ കാണാത്ത ഒരു ഓളം ആണ് ഇന്ന് കണ്ടത്. കഴിഞ്ഞ ഏഴ് മാസത്തോളമായി സ്റ്റുഡിയോയിൽ ഇരുന്ന് കാണുന്ന വിഷ്വൽസ് ആണെങ്കിൽ പോലും തിയറ്ററിൽ പ്രേക്ഷകരോടൊപ്പം കാണുമ്പോൾ അതിന് ഒരു പ്രത്യേകതരം ഫീലുണ്ട്. ആദ്യമായി കാണുന്ന പോലെ ഒരു സന്തോഷം തോന്നുന്നു. ലാലേട്ടന്റെ സ്ക്രീൻ പ്രസൻസും അദ്ദേഹത്തിന്റെ ശബ്ദവും ഒക്കെ മനോഹരമാണ്. ആ ശബ്ദം പോലും മ്യൂസിക്കലായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിനായി ബാഗ്രൗണ്ട് സ്കോർ ചെയ്യാനും എളുപ്പമാണ്. പിന്നെ പഴയ ലാലേട്ടൻ പുതിയ ലാലേട്ടൻ എന്നൊന്നുമില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ലാലേട്ടൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത് ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചെറിയ സൂചന മാത്രമാണ് ഇപ്പോൾ എനിക്കും കിട്ടിയിട്ടുള്ളത്. അതിന്റെ കഥ തയ്യാറാക്കുന്നതേയുള്ളൂ. അതിനുപറ്റിയ ബിജിഎം ഒരുക്കാനും അത് കളർഫുൾ ആക്കാനും ശ്രദ്ധിക്കാം’, ദീപക് ദേവ് മാധ്യമങ്ങളോടു പറഞ്ഞു.