കേരളത്തിന്റെ കലാ പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച് ടിസിപിഎ; സോണറ്റ് ഓഫ് സംസാര നൃത്താവിഷ്കാരം 29ന്

Mail This Article
കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഗോള തലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടിസിപിഎ (ട്രിവാൻഡ്രം സെന്റർ ഫോർ പെർഫോമിങ് ആർട്‌സ്) നൃത്തപരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 29ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 7 ന് ആണ് സോണറ്റ് ഓഫ് സംസാര എന്ന നൃത്ത പരിപാടി നടക്കുക.
മുൻപും വൈവിധ്യമാർന്ന കലാ ആസ്വാദനത്തിന് വേദിയൊരുക്കിയ ടിസിപിഎ ഇത്തവണയും മികച്ച ദൃശ്യ വിസ്മയമാണ് സോണറ്റ് ഓഫ് സംസാര എന്ന നൃത്താവിഷ്ക്കാരത്തിലൂടെ കലാസ്വാദകർക്കു മുൻപിൽ എത്തിക്കുക. ആചാരങ്ങൾ, സവിശേഷ ചലനങ്ങൾ, ദൈനംദിന സംസർഗങ്ങൾ എന്നിവ താള വാദ്യ സംഗീതവുമായി തൽക്ഷണം ലയിപ്പിച്ചും കളരിപ്പയറ്റ്, ഭരതനാട്യം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പാരമ്പര്യ കലകൾ സംയോജിപ്പിച്ചും ആണ് നൃത്തം അവതരിപ്പിക്കപ്പെടുക.
ഈ നൃത്താവിഷ്ക്കാരത്തിന്റെ ആശയം മനുഷ്യ ഉൽപ്പത്തി മുതൽ ഇന്ന് വരെയുള്ള കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ് .പരിചിതവും മനുഷ്യന്റെ ആഴങ്ങളിൽ അലയടിക്കുന്ന ജീവിതയാത്രയുടെ ഏടുകൾ കേന്ദ്രബിന്ദുവാക്കിയാണ് സോണറ്റ് ഓഫ് സംസാര ചിട്ടപ്പെടുത്തിയിരിക്കുന്നത്.