എസ്സെൻ ന്യൂട്രീഷൻ കേരളത്തിലേക്ക്

Mail This Article
കോഴിക്കോട് ∙ പോഷക ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിലും വിപണനത്തിലും ആഗോള പ്രശസ്തമായ എസ്സെൻ ന്യൂട്രീഷൻ കേരളത്തിലേക്കും. യുഎസിലെ ഷിക്കാഗോ ആസ്ഥാനമായ കമ്പനി കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ അരലക്ഷം ചതുരശ്ര അടി പ്ലാന്റും റിസർച് ലാബും ഇന്നു തുറക്കും. രാജ്യം നേരിടുന്ന പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാനുള്ള സ്വപ്ന പദ്ധതിയാണിതെന്ന് എസ്സെൻ ഗ്രൂപ്പ് ചെയർമാനും ന്യൂട്രീഷനിസ്റ്റുമായ ഡോ. എം.അനിരുദ്ധൻ പറഞ്ഞു.
2010ൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം ഒട്ടേറെ പൈലറ്റ് പ്രോജക്ടുകളിലൂടെയും പഠന, ഗവേഷണങ്ങളിലൂടെയുമാണ് ഓരോ വിഭാഗം ആളുകൾക്കും ആവശ്യമായ പോഷകങ്ങൾ കണ്ടെത്തിയത്. കുട്ടികൾ മുതൽ വിവിധ പ്രായത്തിലുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം എന്നിവ ഉറപ്പുവരുത്തുന്ന ഉൽപന്നങ്ങളാണ് എസ്സെൻ നിർമിക്കുന്നത്.
14 വയസ്സു വരെയുള്ളവർക്കായി പീഡിയ പവർ, പീഡിയ ഷോർട് പൗഡറുകൾ, യുവാക്കൾക്കായി ഐസോ പവർ, ഒരു ദിവസം ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും മിനറലുകളും അടങ്ങിയ മിൻവിറ്റീൻ, സ്ത്രീകൾക്കായി വിമൻസ് പ്രോട്ടീൻ, പ്രമേഹ രോഗികൾക്കുള്ള സിംപ്ൾ, കീമോ തെറപ്പിക്കു വിധേയരാകുന്നവർക്കായി ഐസോക്യുർ, ബോഡി ബിൽഡർമാർക്കായി ഐസോപവർ സീരീസ് ഉൽപന്നങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കും. 3 മണിക്കു മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കും.