3 മാസമായി പണം നൽകാതെ കേരള ബാങ്ക് എടിഎം കാർഡുകൾ

Mail This Article
പെരുമ്പിലാവ് (തൃശൂർ) ∙ കേരള ബാങ്കിന്റെ സോഫ്റ്റ്‌വെയർ നവീകരണം നടക്കുന്നതിനാൽ 3 മാസമായി എടിഎം കാർഡുകൾ പ്രവർത്തിപ്പിക്കാനാവുന്നില്ല. മൊബൈൽ ആപ്പും പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. പ്രവർത്തനം നിലച്ച എടിഎം കാർഡുകൾ മാറ്റി നൽകാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നാണ് ബാങ്കിന്റെ വിശദീകരണം.
ഏറ്റവും പുതുതായി അനുവദിച്ചതല്ലാത്ത എടിഎം കാർഡ് വഴിയുള്ള പണമിടപാടുകൾ നടക്കുന്നില്ല. പണം പിൻവലിക്കാൻ ബാങ്കിൽ ചെന്നു ദീർഘനേരം കാത്തു നിൽക്കേണ്ട അവസ്ഥയുണ്ടെന്ന് ഇടപാടുകാർ പറയുന്നു. നെല്ലു സംഭരണ തുക ലഭിക്കേണ്ട കർഷകരാണ് ഏറെ ദുരിതത്തിലായത്.
നെല്ലിന്റെ പണം ലഭിക്കണമെങ്കിൽ കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങണമെന്ന നിബന്ധന വന്നതോടെ ഭൂരിഭാഗം കർഷകരും അക്കൗണ്ട് തുടങ്ങിയിരുന്നു. 14 ജില്ലാ സഹകരണ ബാങ്കുകളുടെ അക്കൗണ്ടുകൾ ഏകോപിപ്പിക്കേണ്ടതിനാലാണ് സോഫ്റ്റ്‌വെയർ നവീകരണം വൈകുന്നത്. പഴയ എടിഎം കാർഡുകൾ തിരികെ വാങ്ങി നവീകരിച്ച എടിഎം കാർഡുകൾ വിതരണം ചെയ്യുകയും വേണം. ഇതോടൊപ്പം പഴയ എടിഎം യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനവും നടത്തുന്നുണ്ട്. നവീകരിച്ച മൊബൈൽ ആപ് ഈ മാസം അവസാനത്തോടെ പുറത്തിറക്കാനും പദ്ധതിയുണ്ട്