തയാറെടുപ്പുകൾ ദ്രുതഗതിയിൽ
Mail This Article
കോവിഡ് വ്യാപനകാലത്ത് ഗൾഫ് മേഖലയിലെ, പ്രത്യേകിച്ച് യുഎഇയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയുമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണല്ലോ.
നാട്ടിലെ അവസ്ഥയല്ല ഇവിടെ. രോഗവ്യാപനത്തിനു സാധ്യത കൂടുതലാണ്. ധാരാളം പേർ ഒന്നിച്ചു കഴിയുന്ന ബാച്‌ലർ താമസസ്ഥലങ്ങൾ, ലേബർ ക്യാംപുകൾ തുടങ്ങിയവ ഏറെ. ഇവിടെയൊക്കെ അകലം പാലിക്കലും ക്വാറന്റീനും പ്രയാസകരമാണ്. കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതിനു കാരണമിതാണ്. ഏതാണ്ട് 200 രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎഇയിൽ കഴിയുന്നത്. ഇതിനൊപ്പം, പരിശോധനയുടെ എണ്ണം വർധിപ്പിച്ചതും രോഗികളുടെ കണക്കിൽ വർധനയുണ്ടാകാൻ കാരണമായിട്ടുണ്ട്.
ചികിത്സാ സൗകര്യങ്ങൾ, പദ്ധതികൾ
യുഎഇ ജനസംഖ്യയിൽ 15% പേർ മാത്രമാണു സ്വദേശികൾ. ബാക്കി പ്രവാസികളാണ്. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിലേതു പോലെ താഴെത്തട്ടു മുതൽ ശക്തമായ മെഡിക്കൽ സംവിധാനം ഇവിടെ ആവശ്യമുണ്ടായിരുന്നില്ല. തന്നെയുമല്ല, 25നും 60നും മധ്യേ പ്രായമുള്ളവരാണ് പ്രവാസികൾ മിക്കവരും. അവരുടെ ചികിത്സാ ആവശ്യങ്ങൾ വ്യത്യസ്തവുമാണ്. ഇതുമൂലം അത്യാവശ്യത്തിനുള്ള സംവിധാനങ്ങൾ മാത്രമാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളിലേക്കു പോകേണ്ടി വരുന്നതും അതുകൊണ്ടാണ്.
സ്വകാര്യ മേഖലയെ ഈ രംഗത്തു പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ഇവിടത്തെ ഭരണാധികാരികൾ തുടർന്നുവന്നത്. സർക്കാർ ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന കേസുകൾ പോലും ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ, കോവിഡ് സാഹചര്യങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കാനുള്ള നടപടികളാണു ദ്രുതഗതിയിൽ ഇപ്പോൾ നടക്കുന്നത്. തീരുമാനമെടുത്താൽ വളരെ വേഗം നടപ്പാക്കാനും ഭരണാധികാരികൾ ശ്രദ്ധിക്കുന്നു.
അടിയന്തര നടപടികൾ
കോവിഡ് പരിശോധന സ്വകാര്യ മേഖലയിലും നടത്താൻ അനുമതി നൽകി. റാപ്പിഡ് ടെസ്റ്റ് അനുവദിക്കാനും സാധ്യതയുണ്ട്. ഡ്രൈവിങ്-ത്രൂ ടെസ്റ്റ് സെന്ററുകളും ആരംഭിച്ചു. മുപ്പതോളം കെട്ടിടങ്ങൾ ഏറ്റെടുത്ത് ക്വാറന്റീൻ, ഐസലേഷൻ സംവിധാനങ്ങളൊരുക്കി. 3500ൽ ഏറെ ആളുകളെ പാർപ്പിക്കാൻ ഇവിടെ സൗകര്യമുണ്ട്. 250 കിടക്കകളുള്ള ഒരു കെട്ടിടത്തിന്റെ ചികിത്സാ മേൽനോട്ടം വഹിക്കാൻ ആസ്റ്റർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു കെട്ടിടങ്ങളിൽ മെഡിക്കൽ സഹായം നൽകാൻ വിവിധ ഹോസ്പിറ്റൽ ഗ്രൂപ്പുകളുമായി ചർച്ചകൾ നടക്കുന്നു. ഇപ്പോൾ ക്ലിനിക്കുകളിലും മറ്റും ജോലി കുറഞ്ഞതു മൂലം വീട്ടിലിരിക്കുന്ന മെഡിക്കൽ ജീവനക്കാരുടെ സഹായം കൂടി ഉണ്ടായാൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും. കേരള മുസ്‌ലിം കൾചറൽ സെന്റർ (കെഎംസിസി) അടക്കമുള്ളവർ വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്.
യുഎഇയിൽ ഹോട്ടലുകൾ പലതും ക്വാറന്റീൻ ആവശ്യങ്ങൾക്കായി ഏറ്റെടുത്തിട്ടുണ്ട്. പല ആശുപത്രികളിലും അതീവ ഗുരുതരാവസ്ഥയിലുള്ളവർക്കു മാത്രം ചികിത്സ നൽകി ബാക്കിയുള്ളവരെ ഈ ഹോട്ടലുകളിലേക്കു മാറ്റുന്നു. ആശുപത്രികളിൽ ഇങ്ങനെ അധികം വരുന്ന ബെഡുകൾ ഐസലേഷന് ഉപയോഗിക്കും. വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു ഹോസ്പിറ്റലുകളാക്കാൻ ദുബായ് ട്രേഡ് സെന്റർ അടക്കമുള്ള വാണിജ്യ കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തും. മറ്റു രാജ്യങ്ങളിൽനിന്നു വിദഗ്ധരെ ഇവിടെയെത്തിച്ചു സേവനം നൽകുന്നതടക്കം ആലോചനയിലുണ്ട്.
ഒട്ടേറെ അനുകൂല ഘടകങ്ങൾ യുഎഇയിലുണ്ട്. പ്രായം തന്നെയാണ് ഏറ്റവും അനുകൂലം. 60 കഴിഞ്ഞവർ തീരെക്കുറവ്. ചൂട് കാലാവസ്ഥ മറ്റൊരു അനുഗ്രഹമാണ്. ഭൂമധ്യരേഖയോട് 30 ഡിഗ്രി വരെ അടുത്തുള്ള രാജ്യങ്ങളിൽ മരണനിരക്ക് കുറവാണ്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമൊക്കെ ആ വിഭാഗത്തിൽ വരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അകലം പാലിക്കുക. മുഖത്തെ ഡെയ്ഞ്ചർ ട്രയാങ്കിൾ (വായ്, മൂക്ക്, കണ്ണ്) എന്നിവയ്ക്കു സമീപം മൊബൈൽ ഫോൺ കൊണ്ടുപോകുന്നതു ശ്രദ്ധിച്ചു വേണം. കൈകൾ അറിയാതെ ഇവിടേക്ക് ഇടയ്ക്കിടെ പോകുന്നത് ഒഴിവാക്കാം. മൊബൈൽ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. ഏറെ ആളുകൾ താമസിക്കുന്ന അപ്പാർട്മെന്റുകളിൽ മാസ്ക് ധരിക്കുന്നതു നല്ലതാണ്.
തയാറാക്കിയത്: രാജു മാത്യു