ADVERTISEMENT

ദേശീയപ്രസ്ഥാനത്തിൽ മാത്രമല്ല കേരളത്തിന്റെ നവോത്ഥാന നീക്കങ്ങളിലും പ്രതിഫലിച്ചു, ഗാന്ധിജി എന്ന വികാരം

കേരളത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിലും നവോത്ഥാനത്തിന്റെ ചുവടുകൾ വേഗത്തിലാക്കുന്നതിലും മഹാത്മജിയുടെ സ്വാധീനം നല്ലൊരളവിൽ ഉണ്ട്. ദേശീയപ്രസ്ഥാനം എന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അലകൾ തുടക്കത്തിൽ മറ്റിടങ്ങളിലുണ്ടായിരുന്നതു പോലെ ശക്തമായി കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇന്ത്യൻ നാഷനൽ കോൺഗ്രസ്  1885ൽ രൂപംകൊണ്ടു. തുടക്കത്തിൽ സാമാന്യ ജനങ്ങളുടെ പങ്കാളിത്തം അതിൽ അത്ര ഉണ്ടായിരുന്നില്ല എന്നതാണു വസ്തുത. എന്നാൽ, കാര്യങ്ങൾ പെട്ടെന്നു മാറുകയും കോൺഗ്രസിലൂടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തു. 

കേരളവും കോൺഗ്രസും

mgs
ഡോ. എം.ജി.എസ്.നാരായണൻ

കേരളം എന്ന പൊതുരാഷ്ട്രീയ യാഥാർഥ്യം അപ്പോൾ ഉരുത്തിരിഞ്ഞിട്ടില്ല. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്ന മൂന്നു മേഖലകളും അവിടങ്ങളിൽ മൂന്നു ഭരണസംവിധാനങ്ങളുമാണു നിലവിലുണ്ടായിരുന്നത്. മലബാർ ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള ഭരണത്തിലാണ്. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളാണ്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് ബ്രിട്ടിഷ് ഭരണത്തിനെതിരെയാണ്. നാട്ടുരാജ്യങ്ങളിലെ നാട്ടുഭരണാധികാരികൾ കോൺഗ്രസിന്റെ ലക്ഷ്യമല്ല. ഇക്കാരണത്താൽതന്നെ മലബാറിലായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു തീവ്രത. തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയധാരയിൽ ചേരാനുള്ള പ്രക്ഷോഭങ്ങൾക്കു സ്റ്റേറ്റ് കോൺഗ്രസുകളും മറ്റും രൂപീകരിക്കേണ്ടിവന്നത് അതുകൊണ്ടാണ്. 

1200kelappangandhi
ചേറ്റൂർ ശങ്കരൻനായർ, മുഹമ്മദ് അബ്ദുറഹ്മാൻ, കെ.കേളപ്പന്‍

കേരളത്തിന്റെ മൂന്നു മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ തുടക്കം മുതലേ കോൺഗ്രസ് സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ചേറ്റൂർ ശങ്കരൻനായർ 1897ലെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചിട്ടുമുണ്ട്. 1904ൽ കോഴിക്കോട്ട് കോൺഗ്രസിന്റെ ഒരു പ്രത്യേക സമ്മേളനം നടന്നു. 1908ൽ മലബാർ ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി നിലവിൽ വരികയും ചെയ്തു. ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രവർത്തനവും മലബാറിൽ കൃത്യമായി ഉണ്ടായി. കോൺഗ്രസുമായി കൈകോർത്തു തന്നെയായിരുന്നു അത്. 

ഗാന്ധിജിയുടെ മടങ്ങിവരവും കേരളവും 

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയത് (1915) സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു പുതിയൊരു ദർശനവും ദിശാബോധവും നൽകി. ഇതിനിടെ കോൺഗ്രസിൽ ദേശീയതലത്തിൽ ഉണ്ടാകുന്ന മിതവാദി – തീവ്രവാദി വിഭാഗീയതകളൊക്കെ കേരളത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അതൊക്കെ പക്ഷേ, കമ്മിറ്റി മീറ്റിങ്ങുകളിലും പ്രമേയ ചർച്ചകളിലുമായി ഒതുങ്ങിനിന്നു. സാധാരണ ജനങ്ങളിൽ അതൊന്നും ചലനം സൃഷ്ടിച്ചില്ല. 

1200gandhilettermanorama
ഗാന്ധി വൈക്കം സമരനായകർക്ക് അയച്ച സന്ദേശം (മനോരമയിൽ വന്ന വാർത്ത)

അതിനിടെയാണ് ജാലിയൻവാലാ ബാഗ് സംഭവം. അതു രാജ്യമെങ്ങും നടുക്കമുണ്ടാക്കി. അതിന്റെ നോവ് സാമാന്യ ജനങ്ങളുടെയും ചങ്കിൽ തട്ടുന്നതായിരുന്നു. തൊട്ടുപിന്നാലെയാണു ഖിലാഫത്ത് പ്രസ്ഥാനവുമായുള്ള കോൺഗ്രസിന്റെ സഖ്യമുണ്ടായത്. മുസ്‌ലിം ജനവിഭാഗത്തെ ഒന്നാകെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമാക്കാൻ അതു വഴിതുറന്നു. നിസ്സഹകരണ പ്രസ്ഥാനത്തോടു ചേർന്നുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണ പരിപാടികളുടെ നേതൃത്വം ഗാന്ധിജി ഏറ്റെടുക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആദ്യത്തെ രാജ്യവ്യാപകമായ പര്യടനവും അതോടു ചേർന്നാണു സംഭവിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നേക്കു നൂറു വർഷം മുൻപ് അദ്ദേഹം കോഴിക്കോട്ടെത്തിയതും. ആ പൊതുയോഗത്തിലാണ് സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആദ്യമായൊരു ജനകീയസംഗമം കേരളത്തിൽ ഉണ്ടാകുന്നതെന്നും പറയാം.1920ൽതന്നെ ഭാഷാടിസ്ഥാനത്തിൽ പ്രാദേശിക കോൺഗ്രസ് കമ്മിറ്റികൾ രൂപവൽക്കരിക്കാനുള്ള നാഷനൽ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനമുണ്ടായി. നാലണ വാർഷിക വരിസംഖ്യ നൽകാൻ കഴിയുന്നവർക്കൊക്കെ അംഗത്വവും കിട്ടുമെന്നായി.

മലബാർ, കൊച്ചി, തിരുവിതാംകൂർ മേഖലകളെ സംയോജിപ്പിച്ചുള്ള കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും 1920ൽതന്നെ നിലവിൽ വന്നു. 1921ൽ മൂന്നിടത്തെയും പ്രതിനിധികൾ പങ്കെടുക്കുന്ന രാഷ്ട്രീയ സമ്മേളനം ഒറ്റപ്പാലത്തു നടക്കുകയും ചെയ്തു. ഗാന്ധിജി കേരളത്തിൽ വന്ന വർഷം തന്നെ ഐക്യ കേരളാടിസ്ഥാനത്തിലുള്ള പ്രവർത്തനം കോൺഗ്രസിന് ആരംഭിക്കാനായി എന്നതു ദേശീയപ്രസ്ഥാനത്തിന്റെ കേരളത്തിലെ തുടക്കത്തിന്  ജനകീയ മുഖം നൽകി. ഒപ്പം മുഴുവൻസമയ പ്രവർത്തകരുടെ ആവേശവും ഏറി. പയ്യന്നൂരിൽ 1928ൽ നടന്ന കെപിസിസി സമ്മേളനത്തിൽ ജവാഹർലാൽ നെഹ്റുവാണ് അധ്യക്ഷത വഹിച്ചത്. പൂർണസ്വരാജ് പ്രഖ്യാപിക്കണമെന്നു കോൺഗ്രസ് നേതൃത്വത്തോടു സമ്മേളനം ആവശ്യപ്പെട്ടു. അടുത്ത വർഷം ലഹോർ സമ്മേളനത്തിൽ കോൺഗ്രസ് പൂർണസ്വരാജ് ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നിയമലംഘനവും തുടങ്ങി.

1930ൽ ദണ്ഡിയിലേക്ക് ഉപ്പു കുറുക്കാൻ ഗാന്ധിജി പോകുമ്പോൾ ‘കേരള ഗാന്ധി’ കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്കും ഉപ്പുസത്യഗ്രഹ യാത്ര ഉണ്ടായി. മറ്റിടങ്ങളിൽനിന്നു സന്നദ്ധ പ്രവർത്തകർ അവിടേക്കു ജാഥയായി എത്തിയിരുന്നു; മുഹമ്മദ് അബ്ദുറഹ്മാന്റെയും മറ്റും നേതൃത്വത്തിൽ. ഇതിലെല്ലാം നിറഞ്ഞുനിന്ന വികാരം ഗാന്ധിജിയായിരുന്നു. 

നിയമലംഘന പ്രസ്ഥാനം 1934ൽ ഗാന്ധിജി പെട്ടെന്നു നിർത്തിവച്ചതിനെത്തുടർന്നാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നൊന്ന് കോൺഗ്രസിനുള്ളിൽ രൂപപ്പെട്ടത്. ഇതിൽനിന്നാണ് കേരളത്തിൽ ഇടതുപക്ഷത്തിനു തുടക്കമായത് എന്നും ഓർക്കാം. 

അയിത്തോച്ചാടനവും ക്ഷേത്രസമരങ്ങളും

ഗാന്ധിജി എന്ന വികാരം കേരളത്തിന്റെ നവോത്ഥാന നീക്കങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. അയിത്തോച്ചാടന പ്രസ്ഥാനത്തിനും മറ്റുമുള്ള പ്രചോദനം ഗാന്ധിജിയുടെ കാഴ്ചപ്പാടും രീതികളും ആയിരുന്നു. ഗുരുവായൂർ സത്യഗ്രഹത്തിലേക്കു നയിച്ചതും അതായിരുന്നു. കേരളഗാന്ധിയായ കെ.കേളപ്പനായിരുന്നു അതിന്റെയും നേതൃത്വം. 1931ലെ ബോംബെ എഐസിസിയിൽ കേളപ്പൻ സത്യഗ്രഹമെന്ന ആശയം അവതരിപ്പിക്കുകയും ഗാന്ധിജിയുടെ സമ്മതം വാങ്ങുകയും ചെയ്യുകയായിരുന്നു. 

നാട്ടുരാജ്യങ്ങളുടെ ഭരണനടപടികളിൽ ഇടപെടാതിരിക്കുക എന്ന കോൺഗ്രസിന്റെ നയം കാരണം തിരുവിതാംകൂറിൽ അധികവും അധഃസ്ഥിതരുടെ ഉന്നമനം പോലെയുള്ള രംഗങ്ങളിലായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം പ്രതിഫലിച്ചത്. കോൺഗ്രസിന്റെ കാക്കിനഡ സമ്മേളനത്തിൽ എസ്എൻഡിപി യോഗം സെക്രട്ടറി ടി.കെ.മാധവൻ അയിത്തപ്രശ്നം ഉന്നയിച്ചു. അവിടെയും നിർണായകമാകുന്നത് ഗാന്ധിജിയുടെ സമ്മതമാണ്. അയിത്തത്തിനെതിരായി സത്യഗ്രഹം എന്ന ആശയം ഗാന്ധിജിയും അംഗീകരിച്ചു.

മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ സവർണവിഭാഗം കൂടി സത്യഗ്രഹത്തിൽ പങ്കാളികളായിട്ടും ഗാന്ധിജി നേരിട്ടെത്തി സംസാരിച്ചിട്ടും ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരിക്കും മറ്റും മനംമാറ്റമുണ്ടായില്ല എന്നതു വേറെ കാര്യം. എന്നാൽ, ദേശീയതലത്തിൽ വൈക്കം സത്യഗ്രഹം ഏറെ ശ്രദ്ധനേടി. അതു ഗാന്ധിജിയുടെ ഇടപെടൽ കൊണ്ടു കൂടിയായിരുന്നു. രണ്ടൊഴികെ, ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികൾ സമരത്തിനൊടുവിൽ എല്ലാ ജാതിക്കാർക്കുമായി തുറന്നുകിട്ടുകയും ചെയ്തു. തിരുവിതാംകൂർ റീജന്റ് റാണി സേതുലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചതിന് അതിൽ സ്വാധീനമുണ്ടെന്നു കാണാവുന്നതാണ്. 

ആ യാത്രയിൽ ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതും കേരളസമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അധഃസ്ഥിതവിഭാഗങ്ങളുടെ ഉന്നമനം എന്നതിൽ പലരിലും ശേഷിച്ചിരുന്ന സംശയങ്ങൾ ഉച്ചാടനം ചെയ്യാൻ ഗാന്ധിജിയുടെ ഈ കൂടിക്കാഴ്ചകൾ സഹായകമായി. റീജന്റ് റാണിയെ സന്ദർശിച്ചത് ക്ഷേത്രപ്രവേശന വിളംബരത്തിലേക്കുള്ള ചുവടുകൾ വേഗത്തിലാക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിന് അധിക പ്രേരണയുമായിട്ടുണ്ടാവണം.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com