നേരിടാം, മൂന്നാം തരംഗം; വാക്സീൻ പ്രതിരോധം 8–12 മാസം വരെ: വീണാ ജോർജ്
Mail This Article
കോവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ പദ്ധതികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടു തരംഗങ്ങളും തമ്മിലുള്ള ഇടവേള വർധിപ്പിക്കാനാണു ശ്രമം. ചില രാജ്യങ്ങളിൽ അടുത്തടുത്തു തരംഗങ്ങളുണ്ടായി. എന്നാൽ ചിലയിടത്ത് 23 ആഴ്ച വരെ ഇടവേളയുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ചു കൃത്യമായ ഡേറ്റാ ബാങ്ക് ഓരോ ജില്ലയിലും തയാറാക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗം, ശിശുരോഗ വിഭാഗം എന്നിവയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണു മുൻഗണന.
ഓക്സിജൻ ലഭ്യത അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കും. ആവശ്യങ്ങൾ സംബന്ധിച്ച് ഓരോ ആശുപത്രിയും മൂന്നാം തരംഗത്തെ മുൻകൂട്ടി കണ്ടുള്ള പട്ടിക തയാറാക്കാനാണു നിർദേശിച്ചിരിക്കുന്നത്. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി. കേന്ദ്രനയത്തിന് അനുസൃതമായി 21 മുതൽ കേരളത്തിന്റെ വാക്സീൻനയത്തിലും മാറ്റം വരും.
18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭിക്കും. നിലവിൽ വാക്സീൻ റജിസ്ട്രേഷനു നേരിടുന്ന ബുദ്ധിമുട്ടുകളും 21 മുതൽ ഇല്ലാതാകും. നയം മാറിയതിനാൽ, 18 മുതൽ 44 വയസ്സു വരെയുള്ളവർക്കു സംസ്ഥാനം നേരിട്ടു വാക്സീൻ വാങ്ങി നൽകുന്നതു നിർത്തി. കേന്ദ്രം നേരിട്ടു നൽകുന്ന വാക്സീനെ ആശ്രയിച്ചായിരിക്കും ഇനി കേരളത്തിന്റെ പ്രതിരോധ കുത്തിവയ്പെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്ക് മന്ത്രി നൽകിയ മറുപടിയും:
∙ ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കു വാക്സിനേഷനിൽ മുൻഗണന വേണം
കേന്ദ്രം വാക്സീൻ നയം മാറ്റിയതിനാൽ 21 മുതൽ മുൻഗണന ഇല്ലാതാകും. വാക്സീന് അർഹരായ എല്ലാവർക്കും ഒരേ പരിഗണനയാണ്. ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കു പ്രത്യേക ഡ്രൈവ് നടത്തി വാക്സീൻ നൽകാം. ഇതിനായി ജില്ലാതലത്തിൽ പദ്ധതി തയാറാക്കും.
∙ വാക്സീൻ സ്ലോട്ട് ലഭിക്കുന്നില്ല. 18 – 44 പ്രായക്കാർക്കു റജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല
21 മുതൽ കേന്ദ്രത്തിന്റെ വാക്സീൻ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടെ റജിസ്ട്രേഷൻ പ്രശ്നം തീരും. നിലവിൽ വാക്സീൻക്ഷാമം ഉള്ളതിനാലാണു സ്ലോട്ട് ലഭിക്കാൻ പ്രയാസം നേരിടുന്നത്.
∙ മെഡിക്കൽ കോളജ് ഭരണസമിതിയിൽ ഭിന്നശേഷിക്കാരുടെ പ്രതിനിധിയെ ഉൾപ്പെടുത്തണം
നിലവിലെ മാനദണ്ഡം ഭേദഗതി ചെയ്തു മാത്രമേ ഇതിനു സാധിക്കു. ഇക്കാര്യം പരിശോധിക്കാം.
∙ നാട്ടിലുള്ള പ്രവാസികളിൽ പലരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഇതിനു വിദേശരാജ്യങ്ങളിൽ അംഗീകാരമില്ല.
കോവാക്സിൻ എടുത്ത പ്രവാസികളുടെ പ്രശ്നം സർക്കാരിന് അറിയാം. വാക്സീനു വിദേശ അംഗീകാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷ.സംസ്ഥാന സർക്കാർ സമ്മർദം തുടരും.
∙ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നഴ്സുമാർ കുറവാണ്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. ഗതാഗതസൗകര്യത്തിന്റെ പ്രശ്നങ്ങളുമുണ്ട്
കോവിഡ് മുൻനിർത്തി ദേശീയ ആരോഗ്യമിഷന്റെ (എൻഎച്ച്എം) ഭാഗമായി എല്ലായിടത്തും താൽക്കാലിക നഴ്സുമാരെ നിയമിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ വഴിയും താൽക്കാലിക നിയമനം നടത്തുന്നുണ്ട്. ഇനിയും നഴ്സുമാരെ ആവശ്യമുണ്ടെങ്കിൽ നിയമിക്കാൻ എൻഎച്ച്എമ്മിനും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകും. ആരോഗ്യപ്രവർത്തകർക്കു വാഹനമൊരുക്കാൻ കെഎസ്ആർടിസിയുമായി ചർച്ച നടത്തും. അത്തരം മേഖലകളുടെ പട്ടിക തയാറാക്കി ഗതാഗത വകുപ്പിനു കൈമാറും.
∙ വാക്സീൻ വഴിയുള്ള പ്രതിരോധം എത്ര കാലമുണ്ടാകും?
8 – 12 മാസം വരെ പ്രതിരോധ ശേഷിയുണ്ടാകും. 12 മാസത്തിനു ശേഷം വൈറസ് അവശേഷിക്കുന്നുണ്ടെങ്കിൽ വീണ്ടും വാക്സീൻ എടുക്കേണ്ടി വരും.
∙ ചില ജില്ലകളിൽ വാക്സീൻ എളുപ്പത്തിൽ ലഭിക്കുന്നു. ചില ജില്ലകളിൽ ക്ഷാമവും.
ജനുവരി മുതലാണ് വാക്സീൻ കൊടുത്തു തുടങ്ങിയത്. ചില ജില്ലകൾ കൃത്യമായി ആസൂത്രണം ചെയ്തു പ്രതിരോധ കുത്തിവയ്പെടുത്തു. ചില ജില്ലകളിൽ വാക്സിനോടു തുടക്കത്തിൽ വിമുഖതയുണ്ടായിരുന്നു. ജനസംഖ്യാനുപാതത്തിലാണ് ആദ്യം നൽകിയതെങ്കിലും പിന്നീട് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാക്കി. ഡോസ് പൂർണമായും ഉപയോഗിച്ചവർക്കു കൂടുതൽ നൽകി. ഉപയോഗം കുറഞ്ഞ ജില്ലകളിൽ സ്വാഭാവികമായും ആനുപാതിക കുറവുണ്ടായി.
∙ കോവിഡാനന്തര ആരോഗ്യ, മാനസിക പ്രശ്നങ്ങൾ വ്യാപകമാണ്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ഫലപ്രദമല്ലെന്നു പരാതിയുണ്ട്.
1183 ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കുകൾ നല്ല രീതിയിലാണു പ്രവർത്തിക്കുന്നത്. കോവിഡനന്തരം മികച്ച പിന്തുണ വേണമെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുറക്കും.
∙ സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും വേണ്ടത്രയില്ലാത്തതിനാൽ രോഗികൾ തന്നെ വാങ്ങേണ്ട സ്ഥിതിയാണ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയെക്കുറിച്ചാണ് ഇത്തരമൊരു ആക്ഷേപമുണ്ടായത്. ഉടൻ യോഗം വിളിച്ചു. ഗ്ലൗസ് ക്ഷാമം ഉണ്ടെന്നു ബോധ്യപ്പെട്ടു. രണ്ടാം തരംഗം മൂർധന്യത്തിലെത്തിയ മേയ് പകുതിയിൽ ഗ്ലൗസ് നിർമാണ ഫാക്ടറികളിൽ പലതും അടച്ചിട്ടതാണു കാരണം. കൂടുതൽ ഗ്ലൗസ് ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്. മരുന്നിനു ക്ഷാമമില്ല.
∙ ആയുർവേദ ചികിത്സാവിഭാഗത്തിന് അംഗീകാരം നൽകുമോ?
കണ്ണൂരിൽ രാജ്യാന്തര ആയുർവേദ സെന്റർ എത്രയും വേഗം യാഥാർഥ്യമാക്കും. ആയുർവേദവും സ്പോർട്സ് മെഡിസിനും കൂടി കൈകോർത്തു പുതിയ ചികിത്സാരീതി തുടങ്ങുന്നതു മുഖ്യപരിഗണനയിലുണ്ട്. ആയുർവേദ ആശുപത്രികൾ ശക്തിപ്പെടുത്തും. ഇതിനായി കിഫ്ബി ഫണ്ടുണ്ട്. ആയുർവേദ സസ്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിയും നടപ്പാക്കും. വീടുകളിൽ ഔഷധത്തോട്ടം പ്രോത്സാഹിപ്പിക്കാനും മരുന്നിന്റെ ആവശ്യത്തിനായി ഇവ ഏറ്റെടുക്കാനും പദ്ധതി തയാറാക്കി.
∙ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ച ഗർഭിണിയായ നഴ്സിന്റെ കുടുംബത്തിനു മതിയായ സഹായം ലഭിച്ചില്ല.
ഡൽഹി സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യും. കേന്ദ്ര സർക്കാരിന്റേതടക്കം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
∙ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം െചയ്ത പൊലീസിനെതിരെ നടപടി വൈകുന്നു
മർദനത്തിനിരയായ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകും. ഡ്യൂട്ടിയിലുള്ള ഡോക്ടറെ കയ്യേറ്റം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യമാണ്. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം മുൻകൂർ ജാമ്യത്തിനു കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് അറസ്റ്റ് വൈകിയതെന്നാണു മനസ്സിലാകുന്നത്. എന്നാൽ, അപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു.
∙ കോവിഡിനിടെ പരീക്ഷ നടത്താൻ കണ്ണൂർ സർവകലാശാല ശ്രമിക്കുന്നു.
ലോക്ഡൗൺ സമയത്ത് എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പരീക്ഷകൾ അനന്തമായി നീളുന്നതു പ്രശ്നമാണെങ്കിലും ഇക്കാര്യത്തിൽ ആശങ്ക വേണ്ട. 21നു ശേഷം എല്ലാവർക്കും വാക്സീനും ലഭ്യമാക്കും.
∙ ആശുപത്രികളിൽ റേഡിയോഗ്രാഫർ ഒഴിവുകളുണ്ടെങ്കിലും നിയമനം നടത്തുന്നില്ല. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നുമില്ല.
ഇക്കാര്യം ശ്രദ്ധയിലുണ്ട്. പരമാവധി തസ്തികകൾ സൃഷ്ടിക്കുക തന്നെയാണു നയം.
ആരോഗ്യ ഇൻഷുറൻസ് പുനഃസ്ഥാപിക്കും
അർഹരായവരെ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പുനരാരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു മന്ത്രി. വൈകാതെ ആരോഗ്യ ഇൻഷുറൻസ് വീണ്ടും വരും.
കാൻസർ പെൻഷൻ: നിബന്ധനയിൽ ഇളവു വരുത്തും
കാൻസർ പെൻഷൻ ലഭിക്കാൻ ഓങ്കോളജി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവു വരുത്തുന്ന കാര്യത്തിൽ നടപടിയെടുക്കുമെന്നു മന്ത്രി വീണാ ജോർജ്. വീടിനു വെളിയിൽ ഇറങ്ങാൻ കഴിയാത്ത അർബുദ രോഗികൾക്കു നിബന്ധന ബുദ്ധിമുട്ടുണ്ടാക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അർബുദ രോഗികൾക്കു പെൻഷൻ അനുവദിക്കുന്നതു റവന്യു വകുപ്പാണ്. അവരുടെ നിർദേശപ്രകാരമാണ് ഓങ്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നത്. കോവിഡ് കാലത്തെങ്കിലും ഈ നിബന്ധനയിൽ ഇളവു നൽകേണ്ടതാണ്.
നേരത്തെ ആരോഗ്യകേന്ദ്രത്തിലെ ആർഎംഒയുടെ സർട്ടിഫിക്കറ്റ് മതിയായിരുന്നു. നിബന്ധന ഒഴിവാക്കാൻ സർക്കാരിന്റെ അനുമതിക്കായി പൊതുജനാരോഗ്യ വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. റവന്യു മന്ത്രിയുമായി നേരിട്ടു സംസാരിച്ചു പരിഹരിക്കാം.
English Summary: ‘Minister live’ phone in program with Veena George