മഹുവയെ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി

Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചു. ഇന്നലെ ചേർന്ന എത്തിക്സ് കമ്മിറ്റി കരടു റിപ്പോർട്ട് ചർച്ച ചെയ്തുവെന്നും അന്തിമ റിപ്പോർട്ട് അംഗീകരിച്ചുവെന്നും ചെയർമാനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കർ പറഞ്ഞു. കമ്മിറ്റിയിലെ 6 പേർ റിപ്പോർട്ടിനെ അനുകൂലിച്ചപ്പോൾ 4 പേർ എതിർത്തു. കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗർ റിപ്പോർട്ടിനെ പിന്തുണച്ചുവെന്നാണു വിവരം.