കോവിഡിനുശേഷം ഹൃദയാഘാതം: അമിത വ്യായാമവും മദ്യപാനവും വില്ലനെന്ന് ഐസിഎംആർ
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിനുശേഷം യുവാക്കളിൽ പെട്ടെന്നുണ്ടായ ഹൃദയാഘാത മരണങ്ങളിൽ 7% അമിത മദ്യപാനവും 18% കഠിന വ്യായാമവും മൂലമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ പഠന റിപ്പോർട്ട്. ഗുരുതര കോവിഡ് ബാധ, കുടുംബപശ്ചാത്തലം, ജീവിതശൈലി എന്നിവയാണു ബഹുഭൂരിപക്ഷത്തെയും പെട്ടെന്നുള്ള മരണത്തിലേക്കു നയിച്ചതെന്ന് 2021–23 ൽ ഉണ്ടായ 729 മരണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോർട്ടിലുണ്ട്. ഇതിനു പുറമേയാണു മരണത്തിനു തൊട്ടുമുൻപുള്ള 2 ദിവസം അമിത മദ്യപാനം, കഠിനവ്യായാമം എന്നിവയുണ്ടായിരുന്ന ഒരുവിഭാഗം യുവാക്കളുടെ മരണത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചും മെഡിക്കൽ റെക്കോർഡുകൾ പരിഗണിച്ചും കുടുംബാംഗങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിച്ചുമാണു പഠനം തയാറാക്കിയത്.
വാക്സീൻ പ്രശ്നമായിട്ടില്ല, തുടർപഠനം വേണം
വാക്സീൻ പരീക്ഷണത്തിന്റെ കടമ്പകൾ പൂർത്തിയാക്കാതെ ആളുകളിൽ നൽകിയ കോവിഡ് വാക്സീന് പെട്ടെന്നുള്ള മരണവുമായി ബന്ധമുണ്ടെന്ന് ഉയർന്ന ആരോപണം ശരിയല്ലെന്നാണ് ഐസിഎംആർ റിപ്പോർട്ടിൽ വാദിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന മരണം കുറയ്ക്കാൻ 2 ഡോസ് വാക്സീൻ സഹായിച്ചുവെന്നും സ്ഥാപിക്കുന്നു. കോവിഡ് മരണം കുറയ്ക്കാനാണു വാക്സീൻ നൽകിയത്. രക്തം കട്ടപിടിക്കുന്നതു പോലുള്ള ചില പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മരണം ഒഴിവാക്കാൻ സഹായമായി. കോവിഡ് വലിയതോതിൽ ഹൃദയാഘാതസാധ്യത കൂട്ടുമെന്ന് ആഗോളതലത്തിൽ പഠനമുണ്ട്. ഇതു കുറയ്ക്കാനാണു വാക്സീൻ സഹായിക്കുന്നത്. എങ്കിലും ഇക്കാര്യത്തിൽ തുടർച്ചയായ പഠനം ആവശ്യമാണെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.