ഡയപ്പറും സാനിറ്ററി പാഡും ശേഖരിക്കാൻ കൊച്ചിയിലെ വൻ ഫീസ്: എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ഉത്തരവ് ഉണ്ടാവുമെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ഡയപ്പറും സാനിറ്ററി പാഡും പോലുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപറേഷൻ വൻതുക ഫീസ് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന സമഗ്ര ഉത്തരവുണ്ടാകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.
സ്ത്രീകൾ, കുട്ടികൾ, രോഗികൾ തുടങ്ങിയവരോടുള്ള വിവേചനമാണ് കൊച്ചി കോർപറേഷന്റെ നടപടിയെന്ന് ആരോപിച്ച് അഭിഭാഷക ഇന്ദു വർമ നൽകിയ ഹർജിയിലാണിത്. കോർപറേഷൻ നടപടിയിൽ നേരത്തേ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ആർത്തവകാലത്ത് സാനിറ്ററി മാലിന്യം കൈമാറാൻ സ്ത്രീകൾ പ്രത്യേക നമ്പറിലേക്ക് വിളിക്കേണ്ട സ്ഥിതിയാണ് കൊച്ചിയിലെന്നും അത് എങ്ങനെ യുക്തി സഹമാകുമെന്നും ഇന്നലെ വാദത്തിനിടെ ഹർജിക്കാരി ചോദിച്ചു. സാനിറ്ററി മാലിന്യവും ഖരമാലിന്യമാണെന്ന് അവർ പറഞ്ഞു. തുടർന്ന്, ഇത്തരത്തിൽ സാനിറ്ററി മാലിന്യം സംസ്കരിക്കാൻ ഫീസ് ഈടാക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമെന്നും വിദ്യാർഥിനികൾ, പ്രായമായവർ, പാർശ്വൽക്കരിക്കപ്പെട്ടവർ തുടങ്ങി ഫീസിൽ ഇളവു കിട്ടേണ്ടത് ആർക്കെല്ലാമെന്ന് വ്യക്തമാക്കാനും കോടതി ഹർജിക്കാരിയോടു നിർദേശിച്ചു.
ഹർജിയിൽ ഇനിയും മറുപടി നൽകാത്ത സംസ്ഥാന സർക്കാരുകൾ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കേരളം, ഗോവ, ഛത്തീസ്ഗഡ്, ത്രിപുര, അസം, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ഇതുവരെ പ്രതികരണം അറിയിച്ചത്. ഹർജി സെപ്റ്റംബറിൽ പരിഗണിക്കാനായി മാറ്റി.