ബിജെപി നേതാവിനെ പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, യുവതി അറസ്റ്റിൽ
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ ബിജെപി പ്രാദേശിക നേതാവായ പൃഥിരാജ് നസ്കറിന്റെ മൃതദേഹം സൗത്ത് 24 പർഗാനാസിലെ പാർട്ടി ഓഫിസിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു യുവതിയെ അറസ്റ്റുചെയ്തു. ബിജെപി സോഷ്യൽ മീഡിയ ഭാരവാഹിയാണ് നസ്കർ. മൃതദേഹത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. കഴിഞ്ഞ 4 ദിവസമായി നസ്കറിനെ കാണാനില്ലായിരുന്നു.
മൂർച്ചയേറിയ ആയുധമുപയോഗിച്ച് നസ്കറിനെ അടിച്ചുവെന്നും അടിയിൽ നസ്കർ കൊല്ലപ്പെടുകയായിരുന്നുവെന്നും അറസ്റ്റിലായ യുവതി പൊലീസിന് മൊഴി നൽകി. വ്യക്തിപരമായ കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ‘‘കൊല്ലപ്പെട്ടയാൾക്ക് യുവതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോ, എന്തെങ്കിലും തർക്കങ്ങളുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്.’’ പൊലീസ് അറിയിച്ചു. മൊബൈൽ കേന്ദ്രീകരിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ യുവതി പൊലീസ് വലയിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.
തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ മകനെ കൊലപ്പെടുത്തി ബിജെപി ഓഫിസിൽ കൊണ്ടിട്ടതാണെന്ന് പൃഥിരാജിന്റെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ ബിജെപിക്കുള്ളിലെ തർക്കങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് ആരോപിച്ച് തൃണമൂലും രംഗത്തെത്തി.