ബിഎയ്ക്ക് ക്ലാസുണ്ടോ?; ഫിയറ്റ് കാർ സ്ത്രീധനം വേണ്ട, വിദ്യാഭ്യാസം മതി

Mail This Article
അച്ഛൻ പഠനാവശ്യത്തിന് ഇംഗ്ലണ്ടിലായിരുന്ന കാലത്ത് വീട്ടിൽ പല വിവാഹാലോചനകളും വന്നു. സമ്പന്നമായൊരു കുടുംബത്തിൽ നിന്നെത്തിയ ഒരാലോചനയിലെ പ്രധാന ഓഫർ സ്ത്രീധനമായി ഫിയറ്റ് കാർ നൽകുമെന്നായിരുന്നു. പെൺകുട്ടിക്ക് സ്കൂൾ വിദ്യാഭ്യാസമേ ഉള്ളുവെന്നതിനാൽ ആലോചന മുന്നോട്ടുപോയില്ല. കുടുംബസുഹൃത്ത് വഴിയെത്തിയ അമ്മ ഗുർശരണിന്റെ ആലോചനയായിരുന്നു ഗൗരവമുള്ള ആദ്യ ആലോചന. സുഹൃത്തും അച്ഛനും കൂടി പെണ്ണുകാണാൻ പോയി. വീട്ടുകാർ കണ്ട് അനുമതി കിട്ടിയപ്പോൾ പെൺകുട്ടിയെ കണ്ടു. വെള്ള സൽവാർ കമ്മീസും വെള്ള ദുപ്പട്ടയും അണിഞ്ഞ് വന്ന പെൺകുട്ടിയോട് അച്ഛന്റെ ആദ്യ ചോദ്യമാണ് രസം: ബിഎയ്ക്ക് ക്ലാസുണ്ടായിരുന്നോ ? സെക്കൻഡ് ക്ലാസെന്നായിരുന്നു മറുപടി. വിദേശത്തു താമസിക്കേണ്ടി വന്നാൽ അതിഷ്ടപ്പെടുമോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. അതെനിക്ക് എങ്ങനെ അറിയാം എന്ന് അമ്മ മറുപടി നൽകി. പെൺകുട്ടിയെ ഇഷ്പ്പെട്ടെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഗുരുശരൺ പഠിച്ച ഖൽസ കോളജിൽ പോയി ആളെക്കുറിച്ചുള്ള അന്വേഷണവും അച്ഛൻ നടത്തി. ഞാൻ കരുതുന്ന ആളാണെങ്കിൽ ഒരു ശരാശരിയെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. അങ്ങനെ 1957ൽ അവർ വിവാഹിതരായി. ഹോഷിയാർപുരിലെ കോളജ് അധ്യാപനം വഴി പ്രതിമാസം 500 രൂപ ശമ്പളം വാങ്ങിക്കുന്ന ആളായിരുന്നു അക്കാലത്ത് മൻമോഹൻ.
-
Also Read
ഉറപ്പിന്റെ ഉരുക്കുശക്തി
കാണാനാകാതെ
അച്ഛൻ മുംബൈയിൽ ആർബിഐ ഓഫിസിലായിരിക്കുമ്പോഴാണ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടെന്ന വാർത്ത കേൾക്കുന്നത്. അതൊരു ഞെട്ടലായിരുന്നു. ഇന്ദിരാജിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. വിവരമറിഞ്ഞ് ഡൽഹിയിലേക്ക് പോയില്ലേ എന്നു ചോദിച്ചിട്ടുണ്ട്. തീൻമൂർത്തി ഭവനിൽ പൊതുദർശനത്തിനിടെ അന്തിമോപചാരം അർപ്പിക്കാൻ വന്നെങ്കിലും പോകാനായില്ല. പുറത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആർബിഐയുടെ ഗസ്റ്റ് ഹൗസിനുള്ളിൽ തങ്ങേണ്ടി വന്നു. ഡെറാഡൂണിൽ അമ്മാവന്റെ പെട്രോൾ പമ്പിന് തീവച്ചതുൾപ്പെടെ ആ ദിവസങ്ങളിൽ ബന്ധുക്കളായ ഒട്ടേറെപ്പേർക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അച്ഛൻ പറഞ്ഞിട്ടുണ്ട്.
(മൻമോഹൻ സിങ്ങിനോടും ഗുർശരണിനോടും സംസാരിച്ച് ധമൻ എഴുതിയ ‘സ്ട്രിക്ട്‌ലി പഴ്സനൽ’ എന്ന പുസ്തകം അടിസ്ഥാനമാക്കി തയാറാക്കിയത്)