ADVERTISEMENT

ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ സബ്സിഡി കിട്ടാൻ സോളർ പ്ലാന്റുകൾ ഇനി പുരപ്പുറത്തു തന്നെ വേണമെന്നില്ല. ഓടിട്ട വീടുകളുള്ളവർക്കും അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർക്കും സോളർ പ്ലാന്റുകൾ നിലത്തും സ്ഥാപിക്കാമെന്ന് (ഗ്രൗണ്ട് മൗണ്ടഡ് എലിവേറ്റഡ് പ്ലാന്റുകൾ) കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻആർഇ) അറിയിച്ചു. ഇതുവരെ പുരപ്പുറം/ടെറസ്/ബാൽക്കണി എന്നിവിടങ്ങളിൽ പ്ലാന്റ് സ്ഥാപിക്കുന്നവർക്കു മാത്രമാണ് സബ്സിഡി അനുവദിച്ചിരുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങളിൽ തന്നെ മേൽക്കൂരയുടെ ഘടനയിലെ പ്രത്യേകത മൂലം പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്തവർക്കും പുതിയ തീരുമാനം ഗുണകരമാകും.

അപ്പാർട്മെന്റുകളിൽ സ്വന്തം നിലയ്ക്കു പുരപ്പുറ സോളർ സ്ഥാപിക്കാൻ കഴിയാത്തവർക്ക് ഒരുമിച്ചുചേർന്ന് ഒരു നിശ്ചിത സ്ഥലത്ത് കമ്യൂണിറ്റി സോളർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമുണ്ട്. ഒരു സോളർ പ്ലാന്റിൽനിന്ന് ഗ്രിഡിലേക്കു പോകുന്ന വൈദ്യുതിക്ക് ആനുപാതികമായി ഒന്നിലേറെ ഉപയോക്താക്കൾക്ക് അവരവരുടെ ബില്ലിൽ ഇളവു നൽകുന്ന വെർച്വൽ നെറ്റ് മീറ്ററിങ് രീതിയായിരിക്കും ഇതിന് ഉപയോഗിക്കുക.ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം. ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണു സബ്സിഡി.

വൈദ്യുതിവിതരണം സ്വകാര്യവൽക്കരിക്കൽ: വീണ്ടും ചർച്ചകൾ

വൈദ്യുതിവിതരണ മേഖലയിൽ സ്വകാര്യവൽക്കരണത്തിനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ഊർജമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായി. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ അടക്കം 10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗമാണു നടന്നത്. കാര്യക്ഷമത വർധിപ്പിക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള സ്വകാര്യവൽക്കരണത്തിനു കേന്ദ്രം പിന്തുണ നൽകണമെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടതായി ഊർജ മന്ത്രാലയം അറിയിച്ചു.

കേരളത്തിന്റെയടക്കം എതിർപ്പു നിലനിൽക്കെയാണ് വൈദ്യുതിവിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്കുകൂടി അവസരം നൽകാനുള്ള നിയമഭേദഗതി ബിൽ 2022ൽ ലോക്സഭയിൽ അവതരിപ്പിച്ചത്. സ്ഥിരസമിതിക്കു വിട്ടതല്ലാതെ ബിൽ പിന്നീടു സഭ പരിഗണിച്ചിട്ടില്ല. ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ബില്ലിനെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വിതരണരംഗത്തു സംസ്ഥാന വൈദ്യുതി ബോർഡുകളുടെ കുത്തക അവസാനിച്ചേക്കും.

English Summary:

PM Surya Ghar: Ground-Mounted Solar Plants Now Eligible for Subsidies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com