സിബിഎസ്ഇ 10: രണ്ടുഘട്ട ബോർഡ് പരീക്ഷയ്ക്ക് മാർഗരേഖ

Mail This Article
ന്യൂഡൽഹി ∙ സിബിഎസ്ഇ 10–ാം ക്ലാസ് വിദ്യാർഥികൾക്ക് വരുന്ന അധ്യയനവർഷം മുതൽ രണ്ടു പൊതുപരീക്ഷ. 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതൽ 20 വരെയായി രണ്ടാംഘട്ടവും പരീക്ഷ നടത്താനുള്ള കരടു മാർഗരേഖ സിബിഎസ്ഇ തയാറാക്കി.
ആദ്യഘട്ട പരീക്ഷയുടെ ഫലം ഏപ്രിൽ 20നും രണ്ടാംഘട്ട ഫലം ജൂൺ 30നും പ്രഖ്യാപിക്കുമെന്നാണു നിലവിലെ വിവരം. രണ്ടാംഘട്ട പരീക്ഷ എല്ലാവർക്കും നിർബന്ധമില്ല. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ എഴുതിയാൽ മതിയാകും. ആദ്യഘട്ട പരീക്ഷയിൽ ഒന്നു മുതൽ അഞ്ചു വരെ വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്ക് ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ രണ്ടാംഘട്ട പരീക്ഷയെഴുതാം. ബോർഡ് പരീക്ഷയിൽ വിജയിക്കാത്തവർക്കായി പ്രത്യേകം സപ്ലിമെന്ററി പരീക്ഷകളുണ്ടാകില്ല.
രണ്ടാംഘട്ടം മാത്രമെഴുതുന്നവർക്ക് ഇംപ്രൂവ്മെന്റിന് അവസരമില്ല. ഇവർക്ക് അടുത്ത വർഷത്തെ ആദ്യഘട്ട പരീക്ഷ എഴുതാമെങ്കിലും അക്കൊല്ലത്തെ സിലബസ് മാറ്റങ്ങൾ ബാധകമാകും. സ്പോർട്സ് വിദ്യാർഥികൾ രണ്ടുഘട്ടങ്ങളിലൊന്ന് എഴുതണം; പ്രത്യേക പരീക്ഷയില്ല. വരുന്ന അധ്യയനവർഷത്തെ 12–ാം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17ന് ആരംഭിക്കും. ഫലം മേയ് 20നു പ്രഖ്യാപിക്കുമെന്നും കരടു മാർഗരേഖയിൽ പറയുന്നു.
പരീക്ഷകൾക്കിടയിൽ ഇടവേള കുറയും
പുതിയ രീതിയിൽ പരീക്ഷാദിനങ്ങൾക്കിടയിലെ ഇടവേള കുറവായിരിക്കും. സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ് എന്നിവയൊഴികെയുള്ള വിഷയങ്ങളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളും വിദേശ ഭാഷകളുമാണ് ആദ്യ ഗ്രൂപ്പിൽ; ഇവ ഒരേദിവസം നടത്തും. മുഖ്യ വിഷയങ്ങളുടെ ഗണത്തിൽപെടാത്ത ഭാഷേതര പേപ്പറുകളാണ് (ഉദാ: കംപ്യൂട്ടർ ആപ്ലിക്കേഷൻ) രണ്ടാം ഗ്രൂപ്പിൽ. ഈ ഗ്രൂപ്പിൽ ഒരേ പേപ്പർ തന്നെ രണ്ടോ മൂന്നോ ദിവസമായി നടത്തും. ഓരോ വിദ്യാർഥിക്കും ഏതു ദിവസം നൽകണമെന്നു നിശ്ചയിക്കുക സിബിഎസ്ഇയാകും. പരീക്ഷയ്ക്കുശേഷം ചോദ്യക്കടലാസ് തിരികെ വാങ്ങുകയും ചെയ്യും.
ആദ്യഘട്ടം കഴിഞ്ഞാൽ 11–ാം ക്ലാസ് അപേക്ഷ
ആദ്യഘട്ട പരീക്ഷയ്ക്കു ശേഷം ഫലം ഡിജിലോക്കറിൽ ലഭ്യമാക്കും. രണ്ടാംഘട്ട പരീക്ഷയെഴുതാതെ 11–ാം ക്ലാസിലേക്കു ശ്രമിക്കുന്നവർക്ക് അപേക്ഷയ്ക്ക് ഇതുപയോഗിക്കാം. രണ്ടു പരീക്ഷയ്ക്കും ശേഷമാകും മെറിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുക. ആദ്യഘട്ടം വിജയിക്കാത്തവർക്കും 11–ാം ക്ലാസിലേക്ക് അപേക്ഷിക്കാം. എന്നാൽ ഇവരുടെ പ്രവേശനം അന്തിമമാക്കുക രണ്ടാംഘട്ട ഫലത്തിന്റെ അടിസ്ഥാനത്തിലാകും.