തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണി

Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിൽ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ 8 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യതകൾ മങ്ങി. തുരങ്കത്തിനുള്ളിൽ വെള്ളവും ചെളിയും ഒഴികിയിറങ്ങുന്നതു തുടരുന്നതിനാൽ രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയിലാണെന്നു ജലസേചന മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. കര,നാവിക, ദുരന്തനിവാരണ സേനാംഗങ്ങൾ ഉൾപ്പെടെ 548 പേർ രക്ഷാപ്രവർത്തനത്തിനായി ജോലി ചെയ്യുന്നുണ്ട്. 2023ൽ ഉത്തരാഖണ്ഡിലെ സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘവും എത്തിയിട്ടുണ്ട്.
നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിൽ എട്ടു തൊഴിലാളികൾ കുടുങ്ങിയത്. 25 അടി കനത്തിൽ തുരങ്കത്തിൽ ചേറ് നിറഞ്ഞതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്. മൂന്നുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയവും സാധ്യമായിട്ടില്ല.
ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും ദുഷ്കരമായ രക്ഷാപ്രവർത്തനമാണ് നാഗർകർണുലിലേതെന്ന് മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.