'ഇന്ത്യയുടെ പിന്തുണ യുക്രെയ്നിന്റെ ബലം; യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളോടും യുക്രെയ്ൻ സഹകരിക്കുന്നു'

Mail This Article
യുക്രെയ്ൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കഴിഞ്ഞയാഴ്ചയായിരുന്നു. ഗംഭീരവും ഉൾക്കാഴ്ച നൽകിയതുമായ നയതന്ത്ര യാത്രയായിരുന്നു അത്.ന്യൂഡൽഹിയിൽ, ലോകത്തിലെ മുൻനിര നയതന്ത്ര ഫോറങ്ങളിലൊന്നായ റെയ്സിന ഡയലോഗിന്റെ 10–ാം വാർഷികത്തിൽ പങ്കെടുത്തു.ഡൽഹിയിൽനിന്നു മുംബൈയിലേക്കു പോയി. 130 ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. മുംബൈയിൽ യുക്രെയ്നിന്റെ പുതിയ കോൺസുലേറ്റും ഉദ്ഘാടനം ചെയ്തു. യുദ്ധകാലമായിട്ടും ഞങ്ങൾ ഇന്ത്യയിൽ നയതന്ത്രസാന്നിധ്യം വ്യാപിക്കുകയാണ്. ഇത് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ആഗോളരംഗത്തെ മുഖ്യശക്തിയുമാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുക്രെയ്ൻ പിന്തുണയ്ക്കുന്നു.
യുക്രെയ്നിന്റെ അഖണ്ഡതയ്ക്കായി ഇന്ത്യ നൽകുന്ന പിന്തുണയിൽ നന്ദിയുണ്ട്. 2024 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനവേളയിലെ സംയുക്ത പ്രസ്താവന ശാശ്വതസമാധാനത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. കൃഷി, ഡിജിറ്റൽവൽക്കരണം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങൾക്കിടയിൽ ദീർഘകാല സഹകരണമാണുള്ളത്. ഇന്ത്യയുടെ വിജയകരമായ ചാന്ദ്ര ദൗത്യത്തിൽ യുക്രെയ്നിന്റെ എൻജിൻ ടെക്നോളജിയാണ് ഉപയോഗിച്ചത്. യുദ്ധത്തിനു മുൻപ് ഇന്ത്യയിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ യുക്രെയ്നിൽ പഠിച്ചിരുന്നു. അവർ തിരിച്ചെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സ്ഥിതി മെച്ചപ്പെട്ടാലുടൻ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഞങ്ങൾ അവസരമൊരുക്കും.
സമാധാനത്തിനു മറ്റാരെക്കാൾ ആഗ്രഹിക്കുന്നതു യുക്രെയ്നാണ്. കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് റഷ്യ അതിനു തടസ്സം നിൽക്കുകയാണ്. റഷ്യയാണ് യുദ്ധത്തിന് ഉത്തരവാദിയെന്ന് ഇതു തെളിയിക്കുന്നു. യുക്രെയ്നിനെ അവർ അംഗീകരിക്കുന്നില്ല.20,000 യുക്രെയ്ൻ കുട്ടികളെയാണ് അവർ റഷ്യയിലേക്കു തട്ടിക്കൊണ്ടുപോയി റഷ്യക്കാരായി വളർത്തുന്നത്. യുക്രെയ്ൻ പ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനും അവർ ശ്രമിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാനും യുദ്ധാനന്തരകാല യുക്രെയ്നിന്റെ സാമ്പത്തിക വളർച്ചയ്ക്കും സുപ്രധാന പങ്കു വഹിക്കാൻ ലോകശക്തിയായ ഇന്ത്യയ്ക്ക് കഴിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
(ലേഖനത്തിന്റെ പൂർണരൂപം ഈ ലക്കം ‘ദ് വീക്ക്’ വാരികയിൽ)